പറന്നുയർന്ന പിന്നാലെ ചിറകിൽ തീഗോളം...! തീതുപ്പിക്കൊണ്ട് അമേരിക്കൻ എയർലൈൻസിന്റെ വിമാനം ആകാശത്ത് പറന്നത് 40 മിനിറ്റുകളോളം, ഫിനിക്സിൽ ഇറക്കേണ്ടിയിരുന്ന വിമാനം ഓഹിയോയിൽ തിരിച്ചിറക്കി, ഭയപ്പെടുത്തുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറൽ
രക്ഷപ്പെടാനുള്ള സാധ്യത വളരെ കുറവായതുകൊണ്ടുതന്നെ പറന്നുയർന്ന വിമാനങ്ങളിൽ ഉണ്ടാകുന്ന അപകടങ്ങൾ വളരെ ഭീതിപ്പെടുത്തുന്നതാണ്. ഇത്തരത്തിൽ നിരവധി സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ചില കേസുകളിൽ അപകടം സംഭവിക്കുകയും എന്നാൽ വിരലിൽ എണ്ണാവുന്ന കേസുകളിൽ തലനാരിഴയ്ക്ക് രക്ഷപെടുകയും ചെയ്യുന്നു. ഇപ്പോൾ അത്തരത്തിലൊരു സംഭവമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിരവധി യാത്രക്കാരുമായി പറന്നുയർന്ന വിമാനത്തിൽ അഗ്നി ബാധ ഉണ്ടായതായുള്ള വാർത്തയാണ് പുറത്തുവരുന്നത്.
യാത്രക്കാരെ പരിഭ്രാന്തരാക്കിക്കൊണ്ട് തീപിടിച്ച ചിറകുകളുമായി ആ വിമാനം ആകാശത്ത് പറന്നത് നീണ്ട് 40 മിനിറ്റുകളോളമാണ്. ആരെയും ഭയപ്പെടുത്തുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. ഓഹിയോയിലെ ജോൺ ഗ്ലെൻ കൊളമ്പസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും അരിസോണയിലെ ഫിനിക്സിലേക്ക് യാത്ര തിരിച്ച വിമാനത്തിനായിരുന്നു അപകടം സംഭവിച്ചത്.
തീതുപ്പിക്കൊണ്ട് ആകാശത്ത് പറക്കുന്നത് അമേരിക്കൻ എയർലൈൻസിന്റെ ബോയിങ് 737 വിമാനമാണ്. തുടർന്ന് 40 മിനുട്ടോളം പറന്ന ശേഷമാണ് വിമാനം സുരക്ഷിതമായി തിരിച്ചിറക്കിയത്. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രങ്ങളിൽ വിമാനത്തിന്റെ എഞ്ചിനിൽ നിന്നും തീ വരുന്നത് കാണാം. പക്ഷികൾ എഞ്ചിനകത്ത് കുടുങ്ങിയതിനാലാണ് അഗ്‌നിബാധ ഉണ്ടായതെന്ന് പൈലറ്റ് അറിയിച്ചതായി വിമാനത്തിൽ ഉണ്ടായിരുന്ന ഒരു യാത്രക്കാരൻ പറഞ്ഞു.
ഫിനിക്സിൽ ഇറക്കേണ്ടിയിരുന്ന വിമാനം പെട്ടെന്ന് തന്നെ തിരിച്ച് ഓഹിയോയിൽ ഇറക്കുകയായിരുന്നു. തിരിച്ചിറങ്ങിയ വിമാനത്തിലെ യാത്രക്കാരെ മുഴുവൻ അതിവേഗം തന്നെ ഒഴിപ്പിച്ചത് കൊണ്ട് ഒരു വൻ ദുരന്തമാണ് ഒഴിവായത്. ആർക്കും പരിക്കുകൾ പറ്റിയതായി റിപ്പോർട്ടുകളില്ല. പിന്നീട് ഇവരെ മറ്റൊരു വിമാനത്തിൽ ഫിനിക്സിലേക്ക് അയച്ചു. ഫെഡറൽ ഏവിയേഷൻ അഡ്‌മിനിസ്ട്രേഷൻ അഗ്‌നിബാധയെ കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണ രീതിയിൽ തുടരുന്നുണ്ടെന്ന് വിമാനത്താവള അധികൃതരും അറിയിച്ചു.
അതേസമയം നിറയെ യാത്രക്കാരുണ്ടായിരുന്ന ഖത്തർ എയർവേയ്സിന്റെ വിമാനത്തതിന് എന്തും സംഭവിക്കാമെന്ന തരത്തിൽ മുള്‍മുനയിലാക്കിയ സംഭവവും റിപ്പോർട്ട് ചെയ്തിരുന്നു. ഈ സമയം വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരൻ യാത്രയിൽ യഥാർത്ഥത്തിൽ സംഭവിച്ച കാര്യങ്ങളെ പറ്റി വിവരിച്ചിരിക്കുകയായിരുന്നു. ദോഹയിൽ നിന്നും കോപെൻഹേഗനിലേക്ക് പറന്നുയർന്നതായിരുന്നു ഖത്തർ എയർവെയ്സിന്റെ വിമാനം. വിമാനത്തിനകത്ത് നിറയെ യാത്രക്കാരുണ്ടായിരുന്നു.
എന്നാൽ പറന്നുയർന്ന് 1850 അടി ഉയരത്തിൽ എത്തിയ വിമാനം സെക്കന്റുകൾക്കുള്ളിൽ 850 അടി താഴ്ച്ചയിലേക്ക് പോവുകയായിരുന്നു. ഈ സമയം വിമാനത്തിൽ കൂട്ട നിലവിളിയായിരുന്നു എന്നാണ് യാത്രക്കാരൻ പറഞ്ഞത്. ഫസ്റ്റ് ഓഫീസർക്ക് സ്ഥലകാല ബോധം നഷ്ടപ്പെട്ടിട്ടുണ്ടാകാം എന്നും അതാണ് വിമാനം പെട്ടെന്ന് താഴേക്ക് പതിക്കാൻ ഇടയാക്കിയതെന്നും റിപ്പോർട്ടിൽ പറയുന്നു.
പിന്നീട് ക്യാപ്റ്റൻ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ആറു മണിക്കൂർ യാത്രയ്ക്ക് ശേഷം വിമാനം സുരക്ഷിതമായി കോപ്പൻഹേഗിൽ എത്തിച്ചേരുകയും ചെയ്തു. ദൈവത്തിന്റെ അദൃശ്യ കരങ്ങൾ എന്ന് പറയുന്നത് യാഥാർത്ഥ്യമെന്ന് ബോദ്ധ്യപ്പെട്ട സംഭവമായിരുന്നു ഇത്.
https://www.facebook.com/Malayalivartha