സ്റ്റീഫന്‍ ദേവസി ടീം സംഗീതസന്ധ്യ ജൂണ്‍ ഒന്നിന് ന്യൂജേഴ്‌സിയില്‍, ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
മാന്ത്രിക വിരലുകളാല്‍ സ്പതസ്വരങ്ങളില്‍ സംഗീത പ്രപഞ്ചം തീര്‍ക്കുന്ന ലോകപ്രശസ്ത ഉപകരണ സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസി ടീം നയിക്കുന്ന സംഗീതസന്ധ്യയുടെ ഒരുക്കങ്ങള്‍ ന്യൂജേഴ്‌സിയില്‍ പൂര്‍ത്തിയായതായി മുഖ്യസംഘാടകരായ ജിബി തോമസ്, ജെയ്‌സണ്‍ അലക്‌സ് എന്നിവര്‍ അറിയിച്ചു.
ന്യൂജേഴ്‌സിയിലെ ലോര്‍ഡി ഫെലീഷ്യന്‍ കോളജ് ഓഡിറ്റോറിയത്തില്‍ ജൂണ്‍ ഒന്നിന് വൈകീട്ടാണ് ഈ ദൃശ്യവിസ്മയത്തിന് വേദിയൊരുങ്ങുന്നത്.
ലണ്ടനിലെ 'ഫില്‍ഹാര്‍മോണിക്' ഓക്കസ്ട്രയില്‍ പങ്കെടുത്തിട്ടുള്ള ഏക ഇന്ത്യന്‍ പിയാനിസ്റ്റായ സ്റ്റീഫന്‍ ദേവസി അനേകം വിശിഷ്ട പദവികള്‍ക്കൊപ്പം മൂന്ന് പോപ്പുമാരുടെ മുന്നില്‍ സംഗീത വിസ്മയം ഒരുക്കിയ ആദ്യത്തെ ഇന്ത്യക്കാരന്‍ കൂടിയാണ്.
സ്റ്റീഫന്‍ ദേവസിക്കൊപ്പം അമേരിക്കന്‍ മലയാളികളുടെ പ്രിയഗായകന്‍ ബിനോയ് ചാക്കോ, ഐഡിയാ സ്റ്റാര്‍സിംഗര്‍ ഫെയിം ഇമ്മാനുവേല്‍ ഹെന്റി, അമൃതാ സൂപ്പര്‍ സ്റ്റാര്‍ വിജയി ജോബി കുര്യന്‍, തെന്നിന്ത്യയിലെ പ്രശസ്ത ഗായിക സിസിലി ഏബ്രഹാം എന്നിവരും ഈ സംഗീതവിരുന്നിന് മാറ്റുകൂട്ടുന്നു. സ്റ്റീഫനു പുറമെ ജോസി ജോസ് (ഗിറ്റാര്‍), നിര്‍മ്മല്‍ സേവ്യര്‍ (ഡ്രംസ്), ഷോമി ഡേവിഡ് (പെര്‍ക്കഷന്‍), ജോസ് പീറ്റര്‍ (ഫ്ലൂട്ട്/സാക്‌സഫോണ്‍) തുടങ്ങിയ പ്രമുഖ സംഗീതജ്ഞരും ഈ സംഗീതയാത്രയെ മികവുറ്റതാക്കുന്നു.
ന്യൂജേഴ്‌സിയിലെ സോമര്‍സെറ്റ് സെന്റ് തോമസ് സറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലയം പുതുതായി നിര്‍മ്മിച്ചുവരുന്ന ദേവാലയത്തിന്റെ തുടര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനശേഖരണത്തോടനുബന്ധിച്ചാണ് ഈ സംഗീതവിരുന്ന് അരങ്ങേറുന്നത്. ദേവാലയത്തിന്റെ രണ്ടാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ധൃതഗതിയില്‍ നടന്നുവരുന്നു. 2015-ഓടെ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്ന് ട്രസ്റ്റിമാരായ ടോം പെരുമ്പായില്‍, തോമസ് ചെറിയാന്‍ പടവില്‍ എന്നിവര്‍ അറിയിച്ചു.
ദേവാലയ നിര്‍മ്മാണ പ്രവര്‍ത്തന പുരോഗതികള്‍ ഓണ്‍ലൈനിലൂടെ കാണുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ന്യൂജേഴ്‌സിയിലേയും, പരിസര പ്രദേശങ്ങളിലേയും, സമീപ ദേവാലയങ്ങളിലേയും എല്ലാ നല്ല ആളുകളില്‍ നിന്നും നാളിതുവരെ ഈ സംരംഭത്തിനായി നല്‍കിവന്ന സഹായ സഹകരണങ്ങള്‍ക്ക് ദേവാലയ വികാരി ഫാ. തോമസ് കടുകപ്പിള്ളി നന്ദി അറിയിച്ചു. അതോടൊപ്പം തന്നെ ഈ സംഗീത പരിപാടിയുടെ വിജയത്തിനുവേണ്ടി തുടര്‍ന്നും സഹായ സഹകരണങ്ങള്‍ ഉണ്ടാകുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.
ന്യൂജേഴ്‌സിയിലെ എല്ലാ മലയാളികള്‍ക്കും ഓര്‍മ്മയില്‍ സൂക്ഷിക്കാവുന്ന വ്യത്യസ്തവും വൈവിധ്യപൂര്‍ണ്ണവുമായ ഒരു സംഗീതവിരുന്നായിരിക്കും ഈ പരിപാടിയെന്ന് സംഘാടകര്‍ ഉറപ്പു നല്‍കി.
കൂടുതല്‍ വിവരങ്ങള്‍ക്കും ടിക്കറ്റിനും ബന്ധപ്പെടുക: ജിബി തോമസ് (914 573 1616), ജെയ്‌സണ്‍ അലക്‌സ് (914 645 9899), മാര്‍ട്ടിന്‍ ജോണ്‍സണ്‍ (732 299 0497), ടോം പെരുമ്പായില്‍ (ട്രസ്റ്റി) 646 326 3708), തോമസ് ചെറിയാന്‍ പടവില്‍ (908 906 1709). വെബ്‌സൈറ്റ്: www.stphendevassyNJ.org , www.stthomassyronj.org
വാര്‍ത്ത അയച്ചത്: ജോയിച്ചന്‍ പുതുക്കുളം
https://www.facebook.com/Malayalivartha