ഒബാമകെയര്‍ പദ്ധതി ഉടന്‍ പിന്‍വലിക്കില്ല
2010-ല്‍ അന്നത്തെ പ്രസിഡന്റ് ബരാക് ഒബാമ കൊണ്ടുവന്ന ആരോഗ്യരക്ഷാനിയമം റദ്ദാക്കി പുതിയത് കൊണ്ടുവരുമെന്ന് തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത് ട്രംപ് വാഗ്ദാനംചെയ്തിരുന്നു. രണ്ട് റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍കൂടി എതിര്‍പ്പറിയിച്ചതോടെ 'ഒബാമകെയര്‍' പരിഷ്‌കരിക്കാനുള്ള യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ശ്രമം പാളി. പുതിയ ആരോഗ്യരക്ഷാബില്‍ ഇപ്പോഴത്തെ രീതിയില്‍ പാസാക്കാനാവില്ല എന്നത് ട്രംപിന് വലിയ തിരിച്ചടിയാണ്. അഫോഡബിള്‍ കെയര്‍ ആക്ട് എന്ന ഒബാമ ഭഭരണകൂടത്തിന്റെ നിയമം 'ഒബാമകെയര്‍' എന്നാണ് അറിയപ്പെടുന്നത്.
സെനറ്റിലെ 100 സീറ്റുകളില്‍ അമ്പത്തിരണ്ടും റിപ്പബ്ലിക്കന്‍മാരുടെ കൈവശമാണ്. ട്രംപിന്റെ നിര്‍ദിഷ്ട ആരോഗ്യരക്ഷാനിയമത്തിനെതിരെ ഡെമോക്രാറ്റുകള്‍ ഒറ്റക്കെട്ടായി നിന്നു. കൂടാതെ, റിപ്പബ്ലിക്കന്‍മാരായ സൂസന്‍ കോളിന്‍, റാന്‍ഡ് പോള്‍ എന്നിവര്‍ നിര്‍ദിഷ്ട നിയമത്തിലുള്ള എതിര്‍പ്പ് കഴിഞ്ഞയാഴ്ച അറിയിച്ചു. മൈക്ക് ലീ, ജെറി മോറന്‍ എന്നീ റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ തിങ്കളാഴ്ച വൈകി നിയമത്തോട് വിയോജിച്ചു. ഇതോടെ ബില്‍ ഉടന്‍ നിയമമാകില്ലെന്ന് ഉറപ്പായി. മോശം നയത്തിന് അംഗീകാരം കൊടുക്കില്ലെന്ന് മോറന്‍ പറഞ്ഞു. വര്‍ധിച്ചുവരുന്ന ആരോഗ്യരക്ഷാച്ചെലവ് കുറയ്ക്കുന്നതിനെക്കുറിച്ച് ബില്ലില്‍ ഒന്നും പറയുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഒബാമകെയറിലുള്ള നികുതികളൊന്നും പിന്‍വലിക്കാത്തതാണ് ബില്‍. മധ്യവര്‍ഗ കുടുംബങ്ങളുടെ ഇന്‍ഷുറന്‍സ് പ്രീമിയം കുറയ്ക്കാനും ഇതിനായിട്ടില്ലെന്ന് ലീ പറഞ്ഞു. ലീയും മോറനും എതിര്‍പ്പറിയിച്ചതോടെ ബില്‍ സെനറ്റില്‍ വോട്ടിനിടാന്‍പോലുമാവാത്ത സ്ഥിതിയാണ്. അല്ലെങ്കില്‍ ബില്ലില്‍ കാര്യമായ മാറ്റംവരുത്താന്‍ സെനറ്റിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവ് മിച്ച് മക്കൊണല്‍ തയ്യാറാവണം. ഇപ്പോഴത്തെ തിരിച്ചടിയുടെ പേരില്‍ പിന്‍മാറില്ലെന്നും ഒബാമ കെയര്‍ പിന്‍വലിച്ച് പുതിയ നിയമം വൈകാതെ കൊണ്ടുവരുമെന്നും മക്കൊണല്‍ പറഞ്ഞു. എന്നാല്‍, ഇതിനുള്ള കൃത്യമായ തീയതി പറഞ്ഞില്ല.
പരാജയപ്പെട്ട ഒബാമകെയര്‍ റിപ്പബ്ലിക്കന്‍മാര്‍ ഉടന്‍ പിന്‍വലിക്കുമെന്നും പുതിയ ആരോഗ്യരക്ഷാപദ്ധതിക്കായുള്ള നടപടികള്‍ ആദ്യം മുതല്‍ തുടങ്ങുമെന്നും ട്രംപ് ട്വീറ്റ് ചെയ്തു. ഡെമോക്രാറ്റുകള്‍ ഇതിനൊപ്പം നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. രണ്ടുകോടിപ്പേര്‍ക്ക് ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്നതാണ് ഒബാമ കെയര്‍. രോഗികള്‍ക്ക് തിരഞ്ഞെടുക്കാന്‍ വളരെക്കുറച്ച് ഇന്‍ഷുറന്‍സ് കമ്പനികളേ ഇതനുസരിച്ച് ലഭിക്കൂ എന്നും പ്രീമിയം കൂടുതലാണെന്നും റിപ്പബ്ലിക്കന്‍മാര്‍ ആരോപിക്കുന്നു. ഒബാമകെയറിലെ ചില പ്രധാനവ്യവസ്ഥകളും നികുതികളും നിലനിര്‍ത്തിക്കൊണ്ട് പുതിയനിയമം കൊണ്ടുവരാനാണ് ട്രംപ് ഭരണകൂടം ശ്രമിച്ചത്.
https://www.facebook.com/Malayalivartha