ലാനയുടെ അക്ഷരോത്സവം തുഞ്ചന്‍പറമ്പില്‍ ജൂലായ് 27 ന്
ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (ലാന)യുടെ ത്രിദിന കേരള കണ്‍വന്‍ഷന്റെ സമാപന ദിവസമായ ജൂലൈ 27 ഞായറാഴ്ച വുപുലമായ പരിപാടികളാണ് തുഞ്ചന്‍പറമ്പില്‍ സംഘടിപ്പിച്ചിരിക്കുന്നത്. പൊതുസമ്മേളനം, സാഹിത്യ സെമിനാറുകള്‍, തുഞ്ചന്‍ മ്യൂസിയം സന്ദര്‍ശനം എന്നിവ കൂടാതെ അമേരിക്കയിലേയും കേരളത്തിലേയും എഴുത്തുകാരുടെ സംവാദം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വട്ടമേശ സമ്മേളനവും മൂന്നാം ദീവസത്തെ പരിപാടികളുടെ പ്രത്യേകതയാണ്.
രാവിലെ 10 മണിക്ക് വള്ളുവനാട്ടെ പ്രമുഖ വാദ്യമേള കലാകാരന്മാര്‍ അവതരിപ്പിക്കുന്ന പഞ്ചവാദ്യത്തോടുകൂടി ചടങ്ങുകള്‍ ആരംഭിക്കും. അമേരിക്കന്‍ മലയാളി എഴുത്തുകാരേയും, കേരളത്തിലെ വിശിഷ്ടാതിഥികളേയും വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി സമ്മേളന വേദിയിലേക്ക് ആനയിക്കും.
തുടര്‍ന്ന് കേരള സാഹിത്യ അക്കാഡമി പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്റെ അധ്യക്ഷതയില്‍ ചേരുന്ന പൊതുസമ്മേളനം ജ്ഞാനപീഠം ജേതാവും മലയാളികളുടെ പ്രിയങ്കരനായ എഴുത്തുകാരനുമായ എം.പി വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. മുന്‍ ചീഫ് സെക്രട്ടറിയും മലയാളം സര്‍വകലാശാല വൈസ് ചാന്‍സലറുമായ ഡോ. കെ. ജയകുമാര്‍ ഐ.എ.എസ്, സി. രാധാകൃഷ്ണന്‍, സഖറിയ, സാഹിത്യ അക്കാഡമി വൈസ് പ്രസിഡന്റ് അക്ബര്‍ കക്കട്ടില്‍, കെ.പി. രാമനുണ്ണി, അക്കാഡമി സെക്രട്ടറി ആര്‍. ഗോപാലകൃഷ്ണന്‍, പി.ടി. നരേന്ദ്രമേനോന്‍, പി.എസ്. നായര്‍, ലാനാ ഭാരവാഹികള്‍ എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തും. ലാന അംഗങ്ങളുടെ പുതിയ പുസ്തകങ്ങളുടെ പ്രകാശന കര്‍മ്മവും ചടങ്ങില്‍ നടത്തും.
സമാപന ദിവസത്തെ പ്രോഗ്രാമുകളുടെ ഭാഗമായി വിവിധ സാഹിത്യ സെമിനാറുകളുമുണ്ട്. മലയാള സാഹിത്യത്തിന്റെ വിവിധ മേഖലകളെ അടിസ്ഥാനമാക്കി കേരളത്തിലെ പ്രമുഖ എഴുത്തുകാര്‍ സെമിനാറില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ച് പ്രസംഗിക്കും. അമേരിക്കയില്‍ നിന്നുള്ള കഥാകൃത്ത് ജോണ്‍ മാത്യു, അക്കാഡമി അംഗവും 'മാധ്യമം' പത്രാധിപസമിതി അംഗവുമായ പി.കെ. പാറക്കടവ്, കേരളത്തിലെ പ്രമുഖ എഴുത്തുകാരനും പ്രഭാഷകനുമായ പ്രൊഫ. മാത്യു പ്രാല്‍ എന്നിവര്‍ വിവിധ സെമിനാറുകളുടെ മോഡറ്റേറര്‍മാരായിരിക്കും. തുഞ്ചന്‍പറമ്പ് അഡ്മിനിസ്‌ട്രേറ്ററും എഴുത്തുകാരനുമായ കെ.പി. രാമനുണ്ണിയുടെ നേതൃത്വത്തിലുള്ള സ്വാഗതസംഘം സമ്മേളനത്തിനുള്ള ഒരുക്കങ്ങളുടെ ചുക്കാന്‍ പിടിക്കുന്നു.
https://www.facebook.com/Malayalivartha