മെല്‍ബണ്‍ : സീറോ മലബാര്‍ സഭയുടെ ഏറ്റവും പുതിയ രൂപത
സീറോ മലബാര്‍ സഭയുടെ ഏറ്റവും പുതിയ രൂപതയായി മെല്‍ബണിനെ പ്രഖ്യാപിച്ചതിന്റെ ആഹ്ലാദം വിശ്വാസകള്‍ ആഘോഷിച്ചു. മെല്‍ബണിന്റെ വിവിധ പ്രദേശങ്ങളില്‍ കൃതഞ്ജതാ ബലികള്‍ നടന്നു. കുര്‍ബാനയ്ക്കുശേഷം എല്ലാ ദേവാലയങ്ങളിലും പായസവും മധുരപലഹാരങ്ങളും വിതരണം ചെയ്തു.
നോര്‍ത്ത്, സൗത്ത് ഈസ്റ്റ്, വെസ്റ്റ് എന്നീ മൂന്ന് റീജ്യണുകളിലായി ഏകദേശം രണ്ടായിരത്തോളം കത്തോലിക്കാ കുടുംബാംഗങ്ങള്‍ മെല്‍ബണിലുണ്ട്. സീറോ മലബാര്‍ സഭയുടെ മെല്‍ബണ്‍ ചാപ്ലിനായ ഫാ.പീറ്റര്‍ കാവുംപുറംത്തിന്റെ നേതൃത്വത്തില്‍ 12-ഓളം സെന്ററുകളില്‍ ഞായറാഴ്ചകളില്‍ കുര്‍ബാനയും മതബോധനവും നടത്തി വരുന്നു. മെല്‍ബണിലെ മുന്‍ ചാപ്ലിനായ ഫാ.ജോണ്‍ അറവുംകര തുടങ്ങി വച്ച നൈറ്റ് വിജില്‍, ആദ്യ വെള്ളിയാഴ്ച ഓക്ക്പാര്‍ക്കിലും മൂന്നാമത് വെള്ളിയാഴ്ച ഡവട്ടണിലും നടക്കുന്നു.
നോര്‍ത്ത്-വെസ്റ്റ് റീജ്യണിന്റെ നേതൃത്വത്തില്‍ 15 ഏക്കറോളം സ്ഥ്‌ലവും സൗത്ത്-ഈസ്റ്റ് റീജ്യണിന്റെ നേതൃത്വത്തില്‍ 5 ഏക്കറോളം സ്ഥലവും ദേവാലയ നിര്‍മാണത്തിനും അനുബന്ധ സൗകര്യങ്ങള്‍ക്കുമായി വാങ്ങിയിട്ടുണ്ട്. മിക്കല്‍ഹാമിലെ പാര്‍ക്ക് സ്ട്രീറ്റിലുള്ള ഭവനത്തിലെ ചാപ്പലില്‍ ആഴ്ചയില്‍ ഏഴു ദിവസവും ദിവ്യബലി അര്‍പ്പിച്ചുവരുന്നു. പ്രകൃതിഭംഗി കൊണ്ട് വളരെ മനോഹരമായ ഈ സ്ഥലത്താണ്, അഭിവന്ദ്യ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പിതാവിന്റെ നിര്‍ദ്ദേശാനുസരണം ''മാര്‍തോമാസ്ലീഹാ ചര്‍ച്ച്'' എന്ന് നാമകരണം ചെയ്ത ദേവാലയം നിര്‍മ്മിക്കുന്നത്. ദേവാലയ നിര്‍മ്മാണതിന്റെ പ്രാരംഭ നടപടികള്‍ അവസാന ഘട്ടത്തിലാണ്.
വാര്‍ത്ത അയച്ചത് പോള്‍ സെബാസ്റ്റ്യന്‍ മേനാച്ചേരി
https://www.facebook.com/Malayalivartha