ഓസ്‌ട്രേലിയയിലെ ഇന്ത്യക്കാര്‍ക്ക് പോലീസ് ക്ലിയറന്‍സ് നിര്‍ത്തലാക്കി
ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ വംശജര്‍ക്ക് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് ഇന്ത്യ നിര്‍ത്തലാക്കിയതു മൂലം പ്രവാസികള്‍ ദുരിതത്തില്‍.
മറ്റ് രാജ്യങ്ങളിലേ പാസ്‌പോര്‍ട്ട് കൈവശം വയ്ക്കുന്ന ഒ.സി.ഐ കാര്‍ഡുള്ള ഓവര്‍സീസ് ഇന്ത്യന്‍ സിറ്റിസണ്‍സിനാണു പോലീസ് ക്ലിയറന്‍സ് കൊടുക്കാത്തത്. ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റുകളുടെ വെബ്‌സൈറ്റിലും വി.എഫ്.എസ് വെബ്‌സൈറ്റിലും ഇതു സംബന്ധിച്ച അറിയിപ്പുകള്‍ വന്നിട്ടുണ്ട്. ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉള്ളവര്‍ക്കു മാത്രമേ പി.സി.സി നല്‍കുകയുള്ളുവെന്നാണു പറയുന്നത്.
ഓസ്‌ട്രേലിയയില്‍ കുടിയേറിയ ആയിരക്കണക്കിനു ഇന്ത്യക്കാര്‍ക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ് ഇന്ത്യയുടെ ഈ നീക്കം. ഒരു രാജ്യത്ത് 12 മാസമോ അതിലധികമോ പോയി നിന്നാല്‍ ഇപ്രകാരം താമസിച്ച രാജ്യത്തെ പോലീസ് ക്ലിയറന്‍സ് ആവശ്യമായി വരും. ലോകത്ത് എല്ലാ രാജ്യങ്ങളും പൗരന്മാര്‍ അല്ലെങ്കില്‍ കൂടി തന്നെ പി.സി.സി നല്‍കുന്നുണ്ട്. ഓസ്‌ട്രേലിയ ഒഴികെ മറ്റെല്ലാ രാജ്യത്തെ ഇന്ത്യന്‍ എംബസികളും, കോണ്‍സുലേറ്റുകളും ഒ.സി.ഐ ഇന്ത്യക്കാര്‍ക്ക് ഇപ്പോഴും ഈ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നുണ്ട്.
ഓസ്‌ട്രേലിയയിലെ ഇന്ത്യക്കാര്‍ക്ക് ഇതുമൂലം പി.ആര്‍ അപേക്ഷ, ജോലിസംബന്ധമായ കാര്യങ്ങള്‍, ബാങ്കിടപാടുകള്‍ , വിസ സംബന്ധിച്ച കാര്യങ്ങള്‍ എന്നിവയ്‌ക്കെല്ലാം നിയമകുരുക്ക് ഉണ്ടായിരിക്കുകയാണ്. സാധാരണ ഗതിയില്‍ പി.സി.സി നല്‍കാന്‍ ലോകത്തേ എല്ലാ രാജ്യങ്ങള്‍ക്കും താല്പര്യമാണുള്ളത്. കാരണം ഇത്തരക്കാര്‍ ഏതേലും കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ പിടികൂടാനും, ക്രൈം റിക്കോര്‍ഡ് വെരിഫൈ ചെയ്യാനും കിട്ടുന്ന സുവര്‍ണ്ണാവസരമാണിത്. എന്നാല്‍ സ്വന്തം രാജ്യമായിട്ടും ഇന്ത്യന്‍ വംശജര്‍ക്ക് ഇന്ത്യ ഇതു നിഷേധിക്കുന്നത് കടുത്ത അനീതിയാണെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്.
ഇതിനെതിരെ തിരെ നിവേദനങ്ങളും പരാതികളും നല്‍കിയിട്ട് പ്രവാസി മന്ത്രിയും വകുപ്പും ഇതുവരെ നടപടിയൊന്നുമെടുത്തിട്ടില്ല. ഒരു മാസം കഴിഞ്ഞിട്ടും ഈ വിഷയത്തില്‍ ഇടപെടാനും തീരുമാനം കാണാനും മന്ത്രി ഒരു നീക്കവും നടത്തിയിട്ടില്ല. പ്രവാസി സംഘടനകള്‍, വിവിധ വ്യക്തികള്‍ നേരിട്ടും പരാതികള്‍ നല്‍കിയിരുന്നു. പെര്‍ത്തിലെ ഇന്ത്യ കോണ്‍സുലേറ്റിലേക്കും, കാന്‍ബറയിലേ കോണ്‍സുലേറ്റ് ജനറല്‍ ഓഫീസിലേക്കും ജനവരി ആദ്യം നല്‍കിയ പരാതികള്‍ക്ക് നടപടിയുണ്ടായിട്ടില്ല.. കോണ്‍സുലേറ്റ് ഓഫീസിലേക്ക് അയക്കുന്ന കത്തുകള്‍ക്കും ഇമെയിലുകള്‍ക്കും അധികൃതര്‍ മറുപടിയും അയക്കാറില്ല. പല കാര്യങ്ങള്‍ക്കും രേഖാ മൂലം മറുപടി ലഭിക്കാന്‍ 6 മാസമായി കാത്തിരിക്കുന്ന ഇന്ത്യാക്കര്‍ ഓസ്‌ട്രേലിയയില്‍ ഉണ്ട്. ഫോണ്‍ വിളിച്ചാല്‍ യാതൊരു പ്രതികരണവും ഇല്ല. ഇനി അഥവാ വിളിച്ചാല്‍ കിട്ടണമെങ്കില്‍ എമര്‍ജന്‍സി നമ്പറില്‍ വിളിക്കണം. പരാതികളാണെന്നറിഞ്ഞാല്‍ ഇതു എടുക്കുന്ന ഉദ്യോഗസ്ഥന്‍ കട്ടുചെയ്യാറുമുണ്ട്. കോണ്‍സുലേറ്റില്‍ പരാതികള്‍ നല്‍കിയ ശേഷം നടപടിയില്ലാത്തതിനാലാണു ഒടുവില്‍ പ്രവാസികള്‍ വകുപ്പ് മന്ത്രി വയലാര്‍ രവിക്ക് നേരിട്ടു പരാതി നല്‍കിയത്. ഈ പരാതിയിലും തീരുമാനവും ഒരു മറുപടിപോലും തരുവാന്‍ മന്ത്രിക്കും ഓഫീസിനും കഴിഞ്ഞിട്ടില്ല.
ഒടുവില്‍ ഡല്‍ഹിയിലെ കോണ്‍ഗ്രസ് നേതാക്കള്‍ മന്ത്രി ഓഫീസിന്റെ ശ്രദ്ധയില്‍ ഈ വിഷയം പെടുത്തിയെങ്കിലും പരിഹാരമായിട്ടില്ല. വിഷയത്തില്‍ അന്വേഷണം നടന്നുവരുന്നതായാണ് ഇടപെട്ട കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. ഓസ്‌ട്രേലിയയില്‍ ലക്ഷത്തിലധികം ഇന്ത്യക്കാരുണ്ട്. ഭൂരിഭാഗവും ഇന്ത്യന്‍ വംശജരായ ഒ.സി.ഐ ക്കാരാണ്.
വാര്‍ത്ത അച്ചത് : വിന്‍സ് മാത്യു
https://www.facebook.com/Malayalivartha