ബിഷപ്പ് മാര്‍ ബോസ്‌കോ, പുത്തൂര്‍ ന്യൂസിലാന്‍ഡ് സന്ദര്‍ശനത്തിനെത്തി
ന്യൂസിലാന്‍ഡിലെ അപ്പസ്‌തോലിക് വിസിറ്റേറ്ററും മെല്‍ബണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷനുമായ മാര്‍ ബോസ്‌കോ പുത്തൂര്‍ ന്യൂസിലാന്‍ഡിലെ തന്റെ പ്രഥന സന്ദര്‍ശനത്തിനെത്തി. 12 മുതല്‍ 16 വരെ വെല്ലിംഗ്ടണില്‍ നടക്കുന്ന ഓഷ്യാനിയ ബിഷപ്പ്‌സ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം ന്യൂസിലാന്‍ഡിലെ വിവിധ ക്രൈസ്തവ സമൂഹങ്ങളെയും സന്ദര്‍ശിക്കുന്നതാണ്. ഓക്ലാന്‍ഡ് എയര്‍പോര്‍ട്ടിലെത്തിയ പിതാവിനെ ന്യൂസിലാന്‍ഡ് സീറോ മലബാര്‍ കാത്തലിക് മിഷന്‍ ചാപ്ലിന്‍ ഫാ.ജോയി തോട്ടങ്കര പൂച്ചെണ്ടു നല്‍കി സ്വീകരിച്ചു.
എല്ലസ്ലി കാത്തലിക് പള്ളിയില്‍ വെച്ചു നടന്ന പൊതുയോഗത്തില്‍ ടാലന്റ് ഫെസ്റ്റ് 2014 ലെ മുഴുവന്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ പിതാവ് സമ്മാനിച്ചു. മത്സരത്തില്‍ വിജയികളായവര്‍ അവതരിപ്പിച്ച വിവിധ പരിപാടികള്‍ ചടങ്ങുകള്‍ക്ക് നിറം പകര്‍ന്നു. സണ്‍ഡെ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ റജി ചാക്കോ ബിഷപ്പിനെ പൊന്നാട അണിയിച്ചു.
സണ്‍ഡെ സ്‌കൂള്‍ കുട്ടികളുടെ നേതൃത്വത്തില്‍ നടന്ന ആഘോഷമായ പാട്ടുകുര്‍ബാനയില്‍ പിതാവ് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ഫാ.ജോയി, ഫാ.ജോബിന്‍ വന്യംപറമ്പില്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. കുര്‍ബാനയ്ക്കുശേഷം മദേഴ്‌സ് ഡെയോടനുബന്ധിച്ചു നടന്ന പ്രത്യേക പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കുകയും എല്ലാ അമ്മമാരെയും ആശീര്‍വദിക്കുകയും ചെയ്തു. സണ്‍ഡെ സ്‌കൂള്‍ ലീഡര്‍ ടീന്‍ മരിയ ജേക്കബ് അമ്മമാര്‍ക്ക് ആശംസകള്‍ നേര്‍ന്നു. തുടര്‍ന്ന് എല്ലാ അമ്മമാര്‍ക്കും മധുരം നല്‍കി.
16 ന് വൈകീട്ട് വെല്ലിങ്ടണിലെ സീറോ മലബാര്‍ സമൂഹത്തെ സന്ദര്‍ശിക്കുന്ന പിതാവ് അവരോടൊപ്പം ദിവ്യബലി അര്‍പ്പിക്കും. 17 ന് രാവിലെ ഓക്‌ലാന്‍ഡില്‍ തിരിച്ചെത്തും. അന്നേ ദിവസം വൈകീട്ട് ഹാമില്‍ടണിലെ ക്രൈസ്തവ സമൂഹത്തെ സന്ദര്‍ശിക്കുകയും ബലി അര്‍പ്പിക്കുകയും ചെയ്യും.
18 ന് ഓക്‌ലാന്‍ഡിലെത്തുന്ന പിതാവ് നോര്‍ത്ത് ഷോറില്‍ വെച്ചു നടക്കുന്ന ന്യൂസിലാന്‍ഡ് ക്‌നാനായ അസോസിയേഷന്‍ മീറ്റിംഗില്‍ സംബന്ധിക്കും. വൈകീട്ട് 4 മണിക്ക് ഓക്‌ലാന്‍ഡ് സീറോമലബാര്‍ സണ്‍ഡെ സ്‌കൂള്‍ കുട്ടികളോട് സംസാരിക്കും. തുടര്‍ന്നു നടക്കുന്ന ദിവ്യബലിയില്‍ പിതാവ് മുഖ്യകാര്‍മ്മികനായിരിക്കും. ഇടവകാംഗങ്ങള്‍ക്ക് പിതാവുമായി ആശയവിനിമയം നടത്തുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. സ്‌നേഹവിരുന്നോടെ ചടങ്ങുകള്‍ അവസാനിക്കും.
വാര്‍ത്ത അയച്ചത് : റജി ചാക്കോ
https://www.facebook.com/Malayalivartha