കാനഡയില്‍ മലയാളി വിദ്യാര്‍ത്ഥിയ്‌ക്ക് ഗവേഷണരംഗത്തെ ഉയര്‍ന്ന ബഹുമതി
കാനഡയിലെ 16 കാരനായ മലയാളി വിദ്യാര്‍ത്ഥിയ്‌ക്ക് ഗവേഷണരംഗത്തെ ഉയര്‍ന്ന ബഹുമതികളില്‍ ഒന്നായ സനോഫി ബയോജീനിയസ് ചാലഞ്ച് കാനഡ അവാര്‍ഡ്. കാസര്‍ഗോഡ് നീലേശ്വരം സ്വദേശിയും കാനഡയിലെ ആല്‍ബര്‍ട്ടയിലെ കലഗാരി വെബര്‍ അക്കാദമി സ്‌കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ അര്‍ജുന്‍ നായരാണ് അവാര്‍ഡിനര്‍ഹനായത്.
കാന്‍സര്‍ സെല്ലുകള്‍ നശിപ്പിക്കാന്‍ നാനോപാര്‍ട്ടിക്കിള്‍സ് എന്ന ചികിത്സവഴി സാധിക്കുമെന്ന് തന്റെ ഗവേഷണങ്ങളിലൂടെ കണ്ടെത്തിയതിനാണ് അര്‍ജുന് അവാര്‍ഡ് ലഭിച്ചത്. അയ്യായിരം ഡോളര്‍ അടങ്ങുന്ന പുരസ്‌കാരം കഴിഞ്ഞയാഴ്‌ച ഒട്ടാവയില്‍വെച്ചു നടന്ന ചടങ്ങില്‍വെച്ച് അര്‍ജുന് നല്‍കി. ബിരുദാനന്തര ബിരുദ നിലവാരമോ,പി.എച്ച്.ഡി നിലവാരമോ ഉളളതാണ് അര്‍ജുന്റെ ഗവേഷണമെന്ന് പ്രമുഖ ഗവേഷകര്‍ അഭിപ്രായപ്പെട്ടു.
ഫോട്ടോതെര്‍മല്‍ തെറാപ്പിയുടെ വികസിത രൂപമാണ് അര്‍ജുന്റെ കണ്ടെത്തല്‍. ഇതുവഴി രോഗിയുടെ ശരീരത്തില്‍ സ്വര്‍ണത്തിന്റെ ചെറുകണികകള്‍ കുത്തിവെക്കുകയാണ് ചെയ്യുക. ട്യൂമറുകള്‍ ഈ കണികകള്‍ ആഗീരണം ചെയ്യുന്നതോടെ അവക്കുള്ളില്‍ നാനോ ബുള്ളറ്റുകള്‍ രൂപപ്പെടും. ഇവ പ്രകാശം ഉപയോഗിച്ച് ചൂടുപിടിപ്പിച്ച് കാന്‍സര്‍ കോശങ്ങള്‍ നശിപ്പിക്കുകയാണ് ചെയ്യുക.
കലഗാരിയില്‍ ഐ.ടി ഡിപ്പാര്‍ട്ട്മെന്‍റില്‍ സൂപ്പര്‍വൈസറാണ് അര്‍ജുന്റെ പിതാവ്. മാതാവ് കലഗാരിയിലെ സണ്‍കോര്‍ എനര്‍ജിയില്‍ എന്‍വയേണ്‍മെന്‍റല്‍ അഡൈ്വസറാണ്.
https://www.facebook.com/Malayalivartha