ആരും നാട്ടിലേക്ക് മടങ്ങേണ്ട...!!! റിട്ടയർമെന്റ് ലൈഫ് ദുബൈയിൽ ചെലവഴിക്കാം, പ്രവാസികൾക്കായി റിട്ടയർമെന്റ് വിസ
രാജ്യത്തേക്ക് കൂടുതൽ സന്ദർശകരെ എത്തിക്കാൻ ലക്ഷ്യമിട്ട് വിസ നിയമങ്ങൾ ലഘൂകരിക്കുകയും പുതിയ വിസകൾ കൊണ്ടുവരികയുമാണ് യുഎഇ. അത്തരത്തിൽ പ്രവാസികൾക്കായി ദുബൈ പുതിയ വിസ കൊണ്ടുവന്നിട്ടുണ്ട്. ഇതിന്റെ പേരാണ് റിട്ടയർമെന്റ് വിസ. പെൻഷൻ ആകുന്നതോടെ മിക്ക പ്രവാസികളും നാട്ടിലേക്ക് മടങ്ങുന്നതാണ് പതിവ് കാഴ്ച. എന്നാൽ എല്ലാവരും നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹമുള്ളവരല്ല. പലരും മനസില്ലാ മനസോടെയാണ് നാട്ടിലേക്ക് മടങ്ങുന്നത്.
ഇത്തരക്കാർക്ക് വേണ്ടിയാണ് യുഎഇ സർക്കാർ റിട്ടയർമെന്റ് വിസ ആരംഭിച്ചത്. 55 വയസിന് മുകളിൽ പ്രായമുള്ളവർക്ക് ഈ വിസയ്ക്ക് അപേക്ഷിക്കാം. റിട്ടയർമെന്റ് കഴിഞ്ഞവർക്ക് സ്വന്തമായി വരുന്നതിനൊപ്പം ഭാര്യയെയും കുട്ടികളെയും സ്പോൺസർ ചെയ്യാൻ സാധിക്കും.എന്നാൽ ഈ വിസ ആർക്കെല്ലാം ലഭിക്കും, എങ്ങനെയാണ് അപേക്ഷിക്കേണ്ടത്, എന്തൊക്കെ രേഖകളാണ് വേണ്ടത്, എത്ര ചെലവ് വരും എന്നീ കാര്യങ്ങളിൽ സംശയം ഉണ്ടാകും.
യുഎഇയിലോ മറ്റെവിടെയെങ്കിലുമോ കുറഞ്ഞത് 15 വർഷമെങ്കിലും ജോലി ചെയ്തവർ ആയിരിക്കണം ഈ വിസയ്ക്ക് അപേക്ഷിക്കേണ്ടത്.അല്ലെങ്കിൽ വിരമിക്കുമ്പോൾ 55 വയസോ അതിൽ കൂടുതലോ ആയിരിക്കണം. കുറഞ്ഞ വാർഷിക വരുമാനം 180,000 ദിർഹം അല്ലെങ്കിൽ 15,000 ദിർഹം പ്രതിമാസ വരുമാനം അല്ലെങ്കിൽ 10 ലക്ഷം ദിർഹത്തിൽ കുറയാത്ത സേവിങ്സ് ഡിപ്പോസിറ്റ് കെെവശം ഉണ്ടായിരിക്കണം.
ഇതല്ലെങ്കിൽ 10 ലക്ഷം ദിർഹം മൂല്യമുള്ള വസ്തുവകകൾ കെെവശം ഉണ്ടായിരിക്കണം. 5 ലക്ഷം ദിർഹത്തിന്റെ സ്ഥിരനിക്ഷേപം ഉള്ളവർക്കും അപേക്ഷിക്കാം.സ്ഥിര നിക്ഷേപ അടിസ്ഥാനത്തിലാണ് വിസക്കായി അപേക്ഷിക്കുന്നതെങ്കിൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫേഴ്സ് വഴിയും ദുബായ് ലാൻഡ് ഡിപ്പാർട്മെന്റ് വഴിയുമാണ് വിസയ്ക്കായി അപേക്ഷ നൽകേണ്ടത്.
പാസ്പോർട്ട് പകർപ്പ്, ഭാര്യയേയും കുട്ടികളേയും കൊണ്ടുവരുന്നുണ്ടെങ്കിൽ വിവാഹ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, നിലവിൽ യുഎഇ റസിഡന്റ് ആണെങ്കിൽ വിസയുടെ പകർപ്പ്, എമിറേറ്റ്സ് ഐഡിയുടെ പകർപ്പ്, വരുമാനത്തിന്റെ അടിസ്ഥാനം എന്താണ് എന്ന് തെളിയിക്കുന്ന രേഖകൾ, പെൻഷൻ എത്രയാണ് കാണിക്കുന്ന രേഖകൾ എന്നിവയാണ് വിസക്കായി അപേക്ഷിക്കാനുള്ള രേഖകൾ.
ജിഡിആർഎഫ്എയോ ഡിഎൽഡിയോ വിസ അഗീകരിച്ചാൽ 3,714.75 ദിർഹം അടച്ച് വിസ സ്വന്തമാക്കാം. എൻട്രി പെർമിറ്റ്, വിസ സ്റ്റാറ്റസ് അഡ്ജസ്റ്റ്മെന്റ്, റെസിഡൻസി സ്റ്റാമ്പിംഗ്, എമിറേറ്റ്സ് ഐഡി, മെഡിക്കൽ എക്സാമിനേഷൻ, മാനേജ്മെന്റ് ഫീസ് എന്നിവ ഉൾപ്പെടെ വിസയുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും ഈ തുക ഉൾക്കൊള്ളുന്നു.
https://www.facebook.com/Malayalivartha