യു.കെയില്‍ ബലാല്‍സംഗക്കേസില്‍ മലയാളി യുവാവിന് 10 വര്‍ഷത്തെ തടവ്
യു.കെയില്‍ അതിഥിയെ ബലാല്‍സംഗം ചെയ്ത മലയാളി ഹോട്ടല്‍ ജീവനക്കാരന് 10 വര്‍ഷം തടവ്. വെംബ്ലി ഹില്‍ട്ടണ്‍ ഹോട്ടലില്‍ പോര്‍ട്ടറായി ജോലി ചെയ്തു വന്നിരുന്ന പാലാ സ്വദേശി സോബി ജോണ്‍ എന്ന 25 കാരനാണ് കേസിലെ പ്രതി. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 25-നാണു സംഭവം. രാത്രി പാര്‍ട്ടി കഴിഞ്ഞു വന്ന കൗമാരക്കാരിയായ ടിവിതാരമാണ് സോബിയുടെ ആക്രമണത്തിന് ഇരയായത്.
മദ്യ ലഹരിയിലായിരുന്ന യുവതിയെ ലോഞ്ചില്‍ നിന്ന് മുറിയിലേക്ക് എത്തിച്ചത് ഹോട്ടലില്‍ പോര്‍ട്ടറായി ജോലി ചെയ്തിരുന്ന സോബിയാണ്. മുറിയില്‍ ചെന്ന സോബി അര്‍ധബോധാവസ്ഥയില്‍ കിടന്ന യുവതിയെ സമ്മതം കൂടാതെ ലൈംഗിക വേഴ്ചക്ക് വിധേയയാക്കുകയും ഇതിന്റെ ചിത്രങ്ങള്‍ തന്റെ മൊബൈല്‍ ഫോണില്‍ പകര്‍ത്തി വയ്ക്കുകയും ചെയ്തു എന്നാണ് കോടതിയില്‍ തെളിഞ്ഞത്. മദ്യലഹരിയിലായിരുന്ന ഇര എതിര്‍ക്കാന്‍ കഴിയുന്ന അവസ്ഥയിലായിരുന്നില്ലെന്നു കോടതിക്കു ബോധ്യപ്പെട്ടു. രാവിലെ ഉണര്‍ന്ന യുവതി സംഭവങ്ങള്‍ ഓര്‍ത്തെടുത്ത് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
കേസ് കോടതിയിലെത്തിയപ്പോള്‍ പ്രതിക്കെതിരായി വ്യക്തമായ തെളിവുകള്‍ സമര്‍പ്പിക്കാന്‍ പോലീസിന് കഴിഞ്ഞു. വിചാരണക്കിടയില്‍ സോബി കുറ്റം സമ്മതിച്ചിരുന്നു. മുന്‍പ് ക്രിമിനല്‍ പശ്ചാത്തലം ഇല്ലാതിരുന്നതിനാലും, കുറഞ്ഞ പ്രായവും കണക്കിലെടുത്താണ് ശിക്ഷ പത്തുവര്‍ഷമായി ചുരുക്കിയതെന്ന് കോടതി നിരീക്ഷിച്ചു. ശിക്ഷ അനുഭവിച്ച ശേഷം പ്രതിയെ ഇന്ത്യയിലേക്ക് തിരിച്ചയക്കും.
https://www.facebook.com/Malayalivartha