വിമാന സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കുന്നു, ബുക്കിങ്ങില്‍ വന്‍തോതില്‍ കുറവ് അനുഭവപ്പെടുന്നുണ്ട്, പലരും ബുക്കിങ് റദ്ദാക്കുന്നുവെന്ന് വിമാന കമ്പനിയായ ലുഫ്താന്‍സ, 33,000 വിമാന സര്‍വീസുകളെങ്കിലും റദ്ദാക്കേണ്ടി വരുമെന്നാണ് വിലയിരുത്തൽ
വിമാന സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കാനൊരുങ്ങുകയാണ് ജര്‍മ്മന്‍ വിമാന കമ്പനിയായ ലുഫ്താന്‍സ. ഒമിക്രോണ്‍ സംബന്ധിച്ച് ആശങ്ക നിലനില്‍ക്കെയാണ് ലുഫ്താന്‍സ വിമാന സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കാനൊരുങ്ങുന്നത്. ആകെയുള്ളതില്‍ 10 ശതമാനം വിമാന സര്‍വീസുകളാണ് ലുഫ്താന്‍സ റദ്ദാക്കുക.
ജനുവരി മുതല്‍ ഫെബ്രുവരി വരെ ബുക്കിങ്ങില്‍ വന്‍തോതില്‍ കുറവ് അനുഭവപ്പെടുന്നുണ്ട്. പലരും ബുക്കിങ് റദ്ദാക്കുകയും ചെയ്യുന്നു. ഈയൊരു സാഹചര്യത്തില്‍ 10 ശതമാനം ബുക്കിങ്ങുകള്‍ റദ്ദാക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാന്നെ് കമ്പനി സി.ഇ.ഒ അറിയിച്ചു. 33,000 വിമാന സര്‍വീസുകളെങ്കിലും റദ്ദാക്കേണ്ടി വരുമെന്നാണ് ലുഫ്താന്‍സ കണക്കാക്കുന്നത്.
ലുഫ്താന്‍സയുടെ പ്രധാന സര്‍വീസ് കേന്ദ്രങ്ങളായ ജര്‍മ്മനി, ആസ്ട്രിയ, ബെല്‍ജിയം തുടങ്ങിയ സ്ഥലങ്ങളില്‍ കോവിഡ് വ്യാപനം ഉയരുന്നതാണ് ആശങ്കക്ക് കാരണം.കോവിഡിന് മുമ്പ് നടത്തിയിരുന്ന സര്‍വീസുകളുടെ 60 ശതമാനം മാത്രമാണ് ലുഫ്താന്‍സ നിലവില്‍ ഓപ്പറേറ്റ് ചെയ്യുന്നത്. കോവിഡിന്‍റെ പുതിയ വകഭേദം കണ്ടെത്തയതോടെ യു.കെ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് ജര്‍മ്മനി വിലക്കേര്‍പ്പെടുത്തിയിരുന്നു.
അതേസമയം, സൗദി എയർലൈൻസ് താൽക്കാലികമായി കരിപ്പൂരിലെ ഓഫീസ് പൂട്ടുന്നുവെന്നും വിവരമുണ്ട്. കരിപ്പൂർ വലിയ വിമാന സർവീസ് പുനരാരംഭിക്കുന്നതിനുള്ള അനുമതി നീളുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനമെന്നാണ് അറിയാൻ കഴിയുന്നത്. കോഴിക്കോട് വിമാനത്താവളത്തിലെ ഓഫീസും അനുബന്ധ സ്ഥലവും എയർപോർട്ട് അതോറിറ്റിക്ക് തിരിച്ചേൽപ്പിക്കുന്നതിനുള്ള നടപടി ആരംഭിച്ചു.
ഓഫീസ് പ്രവർത്തനത്തിനും വിമാനങ്ങളുടെ പോക്കുവരവിനും മറ്റുമായി നിലവിൽ സൗദി എയർലൈൻസ് വാടക നൽകുന്ന സ്ഥലങ്ങൾ ഈ മാസം 31ന് ഒഴിയാനാണ് തീരുമാനം. അവ ജനുവരി ഒന്നിന് എയർപോർട്ട് അതോറിറ്റിക്കുതന്നെ തിരിച്ചേൽപ്പിക്കുമെന്നാണ് അറിയിപ്പ്. നടപടി താൽക്കാലികമാണ് എന്നാണു പറയുന്നത്. വലിയ വിമാന സർവീസിന് അനുമതി ലഭിക്കുമ്പോൾ തിരിച്ചെത്താം എന്നാണ് സൗദി എയർലൈൻസ് നൽകുന്ന പ്രതീക്ഷ.
എന്നാൽ കൊച്ചിയിലേക്ക് മാറിയ എമിറേറ്റ്സ് വിമാനക്കമ്പനി പിന്നീട് തിരിച്ചെത്തിയില്ല. അവർ ഉപയോഗിച്ചിരുന്ന ഓഫിസ് സൗകര്യവും മറ്റുമാണു സൗദി എയർലൈൻസിനു നൽകിയിരുന്നത്. അതിനാവശ്യമായ വാടക വിമാനത്താവളത്തിനു നൽകുന്നുണ്ട്. ഈ ഓഫിസും അനുബന്ധ സൗകര്യങ്ങളും ഒഴിയാൻ ഇന്ത്യയിലെ സൗദി എയർലൈൻസിന്റെ കേന്ദ്രമായ മുംബൈ ഓഫിസിൽനിന്നു നിർദേശം ലഭിച്ചു.
വിമാനങ്ങളുടെ പോക്കുവരവുകൾക്കായി ഏർപ്പെടുത്തിയ വസ്തുക്കൾ കൊച്ചിയിലേക്കു മാറ്റിയേക്കും. 2020 ഓഗസ്റ്റ് ഏഴിനു വിമാനാപകടം ഉണ്ടായതിനെത്തുടർന്നാണ് വലിയ വിമാനങ്ങൾക്കു കരിപ്പൂരിൽ വിലക്കുവന്നത്. അന്നു മുതൽ സൗദി എയർലൈൻസ് സർവീസ് നടത്തുന്നില്ല. എങ്കിലും ഓഫിസും അനുബന്ധ സൗകര്യങ്ങളും സൗദി എയർലൈൻസ് നിലനിർത്തിയിരുന്നു.
https://www.facebook.com/Malayalivartha