ബുക്കിങ് റദ്ദാക്കുകയോ റീഷെഡ്യുൾ ചെയ്യുകയോ ചെയ്യപ്പെട്ടേക്കാം, പ്രവാസികളെ പ്രതിസന്ധിയിലാക്കി എയർ ഇന്ത്യ, സന്ദേശങ്ങൾ വന്നു തുടങ്ങി
പ്രവാസികളെ പ്രതിസന്ധിയിലാക്കുന്ന നടപടികളിലേക്ക് കടന്നിരിക്കുകയാണ് എയർ ഇന്ത്യ. കമ്പനിയുടെ ബുക്കിങ് പോർട്ടലിൽ വരുന്ന വിവരം അനുസരിച്ച് ബുക്കിംഗുകൾ റദ്ദാക്കുകയോ റീഷെഡ്യുൾ ചെയ്യുകയോ ചെയ്യപ്പെട്ടേക്കാം. 2023 മാർച്ച് 24 മുതൽ ലണ്ടനിൽ നിന്നും കൊച്ചിയിലേക്ക് നേരിട്ടുള്ള ഫ്ളറ്റിലെ ബുക്കിംഗുകൾക്കാണ് ഇത്തരത്തിൽ സാധ്യത കണക്കാക്കപ്പെടുന്നത്.
ഈ തീയതിക്ക് ശേഷം ബുക്ക് ചെയ്തവർക്കെല്ലാം മാർച്ച് 24 ന് ശേഷം ലണ്ടനിൽ നിന്നും കൊച്ചിയിലേക്ക് നേരിട്ടുള്ള വിമാന സർവ്വീസ് റദ്ദ് ചെയ്തതായി ബുക്കിങ് ഏജന്റുമാരിൽ നിന്നും ഈമെയിൽ സന്ദേശങ്ങൾ വന്നു തുടങ്ങിയിട്ടുണ്ട്. റദ്ദാക്കിയ വിമാനത്തിൽ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് മുഴുവൻ തുക മടക്കി നൽകുകയോ അല്ലെങ്കിൽ മുംബൈ, ഡൽഹി വഴിയുള്ള വിമാനത്തിൽ ടിക്കറ്റ് നൽകുകയോ ചെയ്യുമെന്നാണ് അറിയിപ്പ്.
ഔദ്യോഗിക പ്രഖ്യാപനം ഒന്നും നടത്താതെ എയർ ഇന്ത്യ വരുത്തിയ ഈ മാറ്റങ്ങൾ യുകെയിലെ മലയാളികളെ ആശങ്കയിലാക്കിയിട്ടുണ്ട്. ഷെഡ്യുളിൽ വരുത്തുന്ന ചില മാറ്റങ്ങൾ മൂലമാണ് ഇപ്പോൾ വിമാന സർവ്വീസ് റദ്ദാക്കിയത് എന്നാണ് വിവരം. ഇക്കാര്യത്തിൽ എയർലൈൻസിൽ നിന്നും വ്യക്തമായ ഒരു അറിയിപ്പ് വന്നിട്ടില്ല.
നിലവിൽ ലണ്ടനും കൊച്ചിക്കും ഇടയിൽ നേരിട്ടുള്ള സർവ്വീസ് നടത്തുന്നത് എയർ ഇന്ത്യ മാത്രമാണ്. നിലവിൽ ആഴ്‌ച്ചയിൽ മൂന്ന് ദിവസമാണ് ഈ സർവ്വീസ് ഉള്ളത്, ബുധൻ, വെള്ളി, ശനി ദിവസങ്ങളിൽ. പത്ത് മണിക്കൂർ നേരത്തെ ഈ സർവ്വീസ് യു കെയിലുള്ള കുടിയേറ്റക്കാർക്ക് അവരുടെ രാജ്യത്തേക്ക് യാത്രചെയ്യുന്നതിനുള്ള ഏറ്റവും എളുപ്പമാർഗ്ഗം കൂടിയായിരുന്നു. സ്റ്റോപ്പ് ഓവർ ഇല്ലാത്തതിനാൽ യാത്രയ്ക്കായി കൂടുതൽ സമയം പാഴാക്കേണ്ടിയിരുന്നില്ല .
ലണ്ടൻ- കൊച്ചി വിമാനത്തിനു പുറമെ, ലണ്ടൻ- ഗോവ, ലണ്ടൻ- ഹൈദരാബാദ് വിമാനങ്ങളും എയർ ഇന്ത്യ റദ്ദാക്കിയതായി ബുക്കിങ് ഏജന്റുമാർ പറയുന്നു.ഇപ്പോൾ റദ്ദാക്കിയ നേരിട്ടുള്ളവിമാന സർവ്വീസുകളിൽ പലതും സ്ഥിരമായി റദ്ദാക്കാൻ ഇടയില്ലെന്നണ് ഈ രംഗത്തുള്ളവർ പറയുന്നത്.എയർ ഇന്ത്യയ്ക്ക് നല്ല വരുമാനം നേടിക്കൊടുക്കുന്ന സർവ്വീസുകളാണ് ഇതിൽ പലതും. അതുകൊണ്ടു തന്നെ ഇപ്പോൾ റദ്ദാക്കിയ ഈ നടപടി താത്ക്കാലികം മാത്രമായിരിക്കും എന്നും അവർ പറയുന്നു.
ഹീത്രൂ വിമാനത്താവളത്തിലെ സ്ലോട്ട് അലോക്കേഷൻ സംബന്ധിച്ച് ചില പ്രശ്നങ്ങൾ ഉള്ളതിനാൽ, ചില സർവ്വീസുകൾ എയർ ഇന്ത്യ റീഷെഡ്യുൾ ചെയ്തേക്കും എന്നൊരു സൂചന ലഭിക്കുന്നുണ്ട്. അതിന്റെ ഭാഗമായിട്ടാണ് ഇപ്പോൾ സർവ്വീസുകൾ റദ്ദാക്കിയിരിക്കുന്നത് എന്ന് കരുതപ്പെടുന്നു. സ്ലോട്ട് അലോക്കേഷൻ പ്രശ്നം പരിഹരിച്ചാൽ ഉടൻ തന്നെ ഈ സർവ്വീസുകൾ പുനരാരംഭിച്ചേക്കും എന്നും സൂചനയുണ്ട്. 2023 ജനുവരിയോടെ ഈ പ്രശ്നത്തിന് ഒരു പരിഹാരം കണ്ടെത്താനാകും എന്നാണ് പ്രതീക്ഷ. സർവ്വീസുകൾ പുനരാരംഭിച്ചാലും അവയുടെ ദിവസത്തിനും സമയത്തിനും മാറ്റം വരാൻ സാധ്യതയുണ്ട്.
https://www.facebook.com/Malayalivartha