യാത്രക്കിടെ വിമാനത്തിൽ വെച്ച് ദേഹാസ്വാസ്ഥ്യം, നാട്ടിൽ നിന്നുള്ള മടക്കയാത്രയ്ക്കിടെ എയർ ഇന്ത്യ വിമാനത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
യാത്രക്കിടെ വിമാനത്തിൽ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് പ്രവാസി മലയാളി മരണപ്പെട്ടു. മൂവാറ്റുപുഴ സ്വദേശി ദിലീപ് ഫ്രാൻസിസ് ജോർജ് (65) ആണ് നാട്ടിൽ നിന്നുള്ള മടക്കയാത്രയ്ക്കിടെ മരിച്ചത്. കൊച്ചിയിൽ നിന്ന് എയർ ഇന്ത്യ വിമാനത്തിൽ ലണ്ടനിലേയ്ക്ക് പോകവേയാണ് സംഭവം. ഭർത്താവിനെ സ്വീകരിക്കാൻ എയർപോർട്ടിലെത്തിയ ഭാര്യ സോഫിയയ്ക്ക് മുന്നിലേയ്ക്കെത്തിയത് ഹൃദയം തകർക്കുന്ന ഈ വാർത്തയായിരുന്നു.
ഇന്നലെ രാവിലെ കൊച്ചിയിൽ നിന്ന് പുറപ്പെട്ട എ1 - 149 വിമാനത്തിൽ വച്ചായിരുന്നു സംഭവം. ബ്രിട്ടനിലെ നോട്ടിംഗ്ഹാംമിന് സമീപം ഡെർബിഷെയറിലെ ഇൽക്കിസ്റ്റണിൽ താമസിക്കുന്ന ദിലീപ് ഫ്രാൻസിസ് ജോർജിന് യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.
ദിലീപിന് യാത്രക്കാരിലെ മെഡിക്കൽ പ്രൊഫഷണൽസിന്റെ സഹായത്തോടെ പ്രാഥമിക ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇക്കാര്യം യാത്രക്കാരന്റെ അടുത്ത ബന്ധുക്കളെ കണ്ടെത്തി അറിയിക്കണമെന്നും പൊലീസിന്റെയും ആംബുലൻസിന്റെയും സഹായം ആവശ്യമുണ്ടെന്നുമുള്ള അടിയന്തര സന്ദേശം വിമാനത്തിൽ നിന്ന് എയർ ഇന്ത്യയുടെ കൊച്ചിയിലെയും ലണ്ടനിലെയും ഓഫീസുകളിലേക്ക് എത്തിയിരുന്നു.
വിമാനത്തിൽ നിന്നും ലഭിച്ച സന്ദേശം എയർ ഇന്ത്യയിലെ മലയാളിയായ ഉദ്യോഗസ്ഥൻ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. മൃതദേഹം ഇപ്പോൾ ഹീത്രു വിമാനത്താവളത്തിലാണ്. തുടർനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. മൂവാറ്റുപുഴ സ്വദേശിയായ ദിലീപ് ഫ്രാൻസിസ് ജോർജ് ആദ്യഭാര്യയുടെ മരണശേഷം പാകിസ്ഥാൻ സ്വദേശിയായ സോഫിയയെ വിവാഹം കഴിക്കുകയായിരുന്നു. മൂന്ന് മക്കളാണ് ഇവർക്കുള്ളത്.
അതേസമയം മറ്റൊരു സംഭവത്തിൽ ഭര്‍ത്താവിനൊപ്പം യാത്ര ചെയ്യുകയായിരുന്ന സ്ത്രീ ഹൃദയാഘാതത്തെത്തുടര്‍ന്ന് വിമാനത്തില്‍വെച്ച് മരിച്ചു. പന്തളം മുടിയൂര്‍ക്കോണം ശാന്താനിവാസില്‍ വത്സലയമ്മ(56) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്കു വരുകയായിരുന്ന ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാരിയായിരുന്നു. ഭര്‍ത്താവും നെസ്ലേ കമ്പനിയുടെ പഞ്ചാബിലെ മാനേജരുമായ ശാന്തകുമാറിനൊപ്പം പന്തളത്തുള്ള വീട്ടിലേക്ക് വരികയായിരുന്നു. യാത്രക്കിടെ കടുത്ത ശാരീരികാസ്വാസ്ഥ്യവും നെഞ്ചുവേദനയും അനുഭവപ്പെട്ട ഇവര്‍ സീറ്റില്‍ കുഴഞ്ഞുവീണു. രാത്രി 10.20-ഓടെയായിരുന്നു സംഭവം.
ഇതേത്തുടര്‍ന്ന് വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരനും ലെഫ്റ്റനന്റ് കേണലുമായ ഡോ. വിനോദ് എസ്.നായരെത്തി ഇവരെ പരിശോധിച്ച് മരിച്ചതായി അറിയിച്ചു. ഇതേത്തുടര്‍ന്ന് പൈലറ്റ് തിരുവനന്തപുരം വിമാനത്താവളത്തിലെ എയര്‍ട്രാഫിക് കണ്‍ട്രോളില്‍ വിവരമറിയിച്ചു. 11-ഓടെ വിമാനമെത്തിയശേഷം മെഡിക്കല്‍ സംഘമുള്‍പ്പെടെയെത്തി യാത്രക്കാരിയെ പുറത്തെത്തിക്കുകയും ചെയ്തു. വിമാനത്താവളത്തിലെ ഡോക്ടര്‍ മരണം സ്ഥീരീകരിച്ചു. വലിയതുറ പോലീസ് സ്ഥലത്തെത്തിയശേഷം മൃതദേഹം ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്കു മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം പന്തളത്ത് എത്തിച്ച് സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു.
https://www.facebook.com/Malayalivartha