ഞാന്‍ വിടവാങ്ങുന്നു, ഏറ്റവും യോഗ്യനായ ആള്‍ വരും, ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്നു പുതിയ മാര്‍പ്പാപ്പക്കായി
ജോണ്‍ പോള്‍ രണ്ടാമന്‍ ദിവംഗതനായതിനെത്തുടര്‍ന്ന് 2005 ഏപ്രില്‍ 19-നാണ് ബെനഡിക്ട് പതിനാറാമന്‍ കത്തോലിക്കാ സഭയുടെ 265-ാമത് മാര്‍പാപ്പയായി അധികാരമേറ്റത്. ജര്‍മനിയിലെ ബവാറിയ സ്വദേശിയായ മുന്‍ കര്‍ദിനാള്‍ ജോസഫ് റാറ്റ്‌സിങ്ങര്‍ 78-ാമത്തെ വയസ്സിലാണ് സഭയുടെ പരമോന്നത സ്ഥാനത്തെത്തുന്നത്. സഭയുടെ ചരിത്രത്തിലെ ഏറ്റവും പ്രായംകൂടിയ മാര്‍പാപ്പമാരില്‍ ഒരാളായിരുന്നു അദ്ദേഹം. എങ്കിലും ചുമതല നിര്‍വഹിക്കാന്‍ പറ്റാത്തവിധം അദ്ദേഹം അനാരോഗ്യവാനായിരുന്നു എന്ന് ആരും കരുതിയിരുന്നില്ല. ഏറ്റവും ജനപ്രിയ പാപ്പമാരില്‍ ഒരാളായ ജോണ്‍പോള്‍ രണ്ടാമന്റെ പിന്തുടര്‍ച്ചക്കാരന്‍ ബെനഡിക്ട് പതിനാറാമന്‍ കത്തോലിക്കാസഭയുടെ പാരമ്പര്യത്തില്‍ അടിയുറച്ചുനിന്നുള്ള ഭരണമാണ് കാഴ്ചവെച്ചത്. ദൈവശാസ്ത്രത്തിലെ യാഥാസ്ഥിതിക നിലപാടുകളിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്. ഗര്‍ഭച്ഛിദ്രത്തെയും സ്വവര്‍ഗവിവാഹങ്ങളെയും നഖശിഖാന്തം എതിര്‍ത്തു. കുടുംബമൂല്യങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് നിരന്തരം ഉദ്‌ബോധിപ്പിച്ചു. വര്‍ഷത്തില്‍ നാലോ അഞ്ചോ വിദേശ സന്ദര്‍ശനങ്ങള്‍ അദ്ദേഹം നടത്തിയിരുന്നു.
ഏറ്റവും അടുപ്പമുള്ള കര്‍ദിനാള്‍മാര്‍ക്കുപോലും വിരമിക്കലിനെക്കുറിച്ച് ഒരു സൂചനയുമുണ്ടായിരുന്നില്ലെന്നാണ് വിവരം. മാര്‍പാപ്പമാര്‍ കാലംചെയ്തശേഷം പിന്‍ഗാമിയെ തിരഞ്ഞെടുക്കുകയാണ് കത്തോലിക്കാസഭയിലെ പതിവ്. ആരോഗ്യസ്ഥിതി മോശമാവുകയാണെങ്കില്‍ താന്‍ സ്ഥാനമൊഴിയുമെന്ന് മാര്‍പാപ്പ 2010-ല്‍ സൂചിപ്പിച്ചിരുന്നെങ്കിലും 120 കോടിയോളം കത്തോലിക്കാ വിശ്വാസികള്‍ക്ക് ഈ പ്രഖ്യാപനം അവിശ്വസനീയമായി.
''എന്റെ മനസ്സാക്ഷി ദൈവത്തിനുമുന്നില്‍ ആവര്‍ത്തിച്ചു പരിശോധിച്ചു. വിശുദ്ധ പത്രോസിന്റെ സിംഹാസനത്തിലിരുന്ന് വേണ്ടവിധം ശുശ്രൂഷ ചെയ്യാന്‍ പ്രായം ഇനിയും അനുവദിക്കുന്നില്ല. ശാരീരികമായും മാനസികമായും ഞാന്‍ അശക്തനാണ്. മാറ്റങ്ങള്‍ക്ക് വിധേയമായ ലോകത്ത് ആത്മീയമായും വിശ്വാസപരമായും സഭയെ നയിക്കുന്നതിന് ശാരീരികാരോഗ്യം മാത്രമല്ല, മനശ്ശക്തിയും വേണമെന്ന് എനിക്ക് ബോധ്യമുണ്ട്.
കഴിഞ്ഞ ഏതാനും മാസങ്ങളായി മനശ്ശക്തിയും ക്ഷയിച്ചുകൊണ്ടിരിക്കുകയാണെന്ന് ഞാന്‍ തിരിച്ചറിയുന്നു. അതുകൊണ്ട് റോമാ രൂപതയുടെ മെത്രാന്‍ സ്ഥാനത്തുനിന്നും ആഗോളസഭയുടെ പരമാധികാര സ്ഥാനത്തുനിന്നും ഞാന്‍ വിടവാങ്ങുന്നു. ഫിബ്രവരി 28-ന് രാത്രി എട്ടുമുതല്‍ ഈ സിംഹാസനം ശൂന്യമായിരിക്കും. ഏറ്റവും യോഗ്യതയുള്ള ഒരാളെ ഈ പരമോന്നത പദവിയിലേക്ക് കോണ്‍ക്ലേവ് തിരഞ്ഞെടുക്കും'' - ചര്‍ച്ച് കൗണ്‍സിലില്‍ ബെനഡിക്ട് പതിനാറാമന്‍ പ്രഖ്യാപിച്ചു. പിന്നീട് വത്തിക്കാന്‍ ഈ പ്രസംഗം പ്രസിദ്ധപ്പെടുത്തി.
https://www.facebook.com/Malayalivartha