ജര്‍മനിയില്‍ മാതാവിന്റെ തിരുനാള്‍ കൊടിയേറി
ദൈവമാതാവിന്റെ തിരുനാളിനും മുപ്പത്തിനാലാമത്തെ കൂട്ടായ്മ ദിനത്തിനും ജൂണ്‍ 28 ന് (ശനി) വൈകുന്നേരം അഞ്ചിന് തുടക്കം കുറിച്ചു. കൊളോണ്‍ മ്യൂള്‍ഹൈമിലെ ലീബ് ഫ്രൗവന്‍ ദേവാലയത്തിലാണ് ആഘോഷ പരിപാടികള്‍ നടക്കുന്നത്.
ഇന്‍ഡ്യന്‍ കമ്യൂണിറ്റി ചാപ്‌ളെയിന്‍ ഫാ.ഇഗ്‌നേഷ്യസ് ചാലിശേരി സി.എം.ഐയുടെ കാര്‍മ്മികത്വത്തില്‍ നടന്ന ലദീഞ്ഞ്, നൊവേന എന്നിവയ്ക്കു ശേഷം നടപ്പുവര്‍ഷത്തെ പ്രസുദേന്തി വര്‍ഗീസ് ശ്രാമ്പിക്കല്‍ കൊടിയും വഹിച്ച് മുത്തുക്കുടയേന്തിയ മുന്‍ പ്രസുദേന്തിമാരുടെ അകമ്പടിയില്‍ പള്ളിയില്‍ നിന്നും പ്രദക്ഷിണമായി എത്തിയാണ് ഇഗ്‌നേഷ്യസ് അച്ചന്‍ കൊടിയേറ്റിയത്.
കേരളത്തനിമയില്‍ പള്ളിയിലെ അള്‍ത്താരയും ബലിവേദിയും ദേവാലയാങ്കണവും ബഹുവര്‍ണ്ണ തോരണങ്ങളാല്‍ അലങ്കരിച്ചു. ഉയര്‍ന്ന കമാനങ്ങളും മുത്തുക്കുടകളും വര്‍ണ്ണപ്പൊലിമയുള്ള ബാനറുകളും എങ്ങും നിരത്തിയത് കേരളത്തിലെ സീറോ മലബാര്‍ ആരാധനാ ക്രമത്തിലുള്ള തിരുനാളാഘോഷത്തെ അനുസ്മരിപ്പിയ്ക്കും.
ജൂണ്‍ 29 നാണ് (ഞായര്‍) തിരുനാളിന്റെ മുഖ്യപരിപാടികള്‍. തിരുനാളിന് മുഖ്യാതിഥികളായി എത്തുന്ന കൊളോണ്‍ അതിരൂപതാ സഹായമെത്രാന്‍ അന്‍സ്ഗാര്‍ പുഫ്, മദ്ധ്യപ്രദേശിലെ സാഗര്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ആന്റണി ചിറയത്ത് എന്നിവര്‍ക്ക് രാവിലെ 9.45 ന് ദേവാലയാങ്കണത്തില്‍ ഊഷ്മളമായ സ്വീകരണം നല്‍കും. പത്തു മണിയ്ക്ക് ബിഷപ്പുമാരുടെ മുഖ്യകാര്‍മ്മികത്വത്തിലും നിരവധി വൈദികരുടെ സഹകാര്‍മ്മികത്വത്തിലും ആഘോഷമായ തിരുനാള്‍ കുര്‍ബാനയും, പ്രസുദേന്തി വാഴ്ച, നഗരം ചുറ്റിയുള്ള പ്രദക്ഷിണം, നേര്‍ച്ചവിളമ്പ്, ഉച്ചഭക്ഷണം, ലോട്ടറി നറുക്കെടുപ്പ് എന്നിവയ്ക്കു പുറമെ ഉച്ചകഴിഞ്ഞ് 2 ന് ആരംഭിയ്ക്കുന്ന വൈവിധ്യങ്ങളായ കലാപരിപാടികള്‍ക്കൊപ്പം സമാപന സമ്മേളനവും നടക്കും. തിരുനാളിന്റെ സുഗമമായ നടത്തിപ്പിനുവേണ്ടി നൂറ്റിമുപ്പതോളം അംഗങ്ങളുള്ള വിവിധ കമ്മിറ്റികളും പ്രവര്‍ത്തിക്കുന്നു.
ജര്‍മനിയിലെ കൊളോണ്‍, എസ്സന്‍, ആഹന്‍ എന്നീ രൂപതകളിലെ ഇന്‍ഡ്യാക്കാരുടെ കൂട്ടായ്മയാണ് കൊളോണിലെ ഇന്‍ഡ്യന്‍ കമ്യൂണിറ്റി. കൊളോണ്‍ കര്‍ദ്ദിനാളിന്റെ കീഴിലുള്ള ഇന്‍ഡ്യന്‍ കമ്യൂണിറ്റിയുടെ പ്രവര്‍ത്തനം 1969 ലാണ് ആരംഭിച്ചത്. ഏതാണ്ട് എഴുനൂറ്റിയന്‍പതിലേറെ കുടുംബങ്ങള്‍ കമ്യൂണിറ്റിയില്‍ അംഗങ്ങളായുണ്ട്. കഴിഞ്ഞ 12 വര്‍ഷത്തിലധികമായി ഫാ. ഇഗ്‌നേഷ്യസ് ചാലിശേരി സിഎം.ഐ. കമ്യൂണിറ്റി ചാപ്‌ളെയിനായി സേവനം ചെയ്യുന്നു.
https://www.facebook.com/Malayalivartha