നാടിന്റെ ഓര്‍മ്മകള്‍ തൊട്ടുണര്‍ത്തി തൃശൂര്‍ ജില്ലാ സംഗമം
യു.കെ യിലെ തൃശൂര്‍ ജില്ലാ സൌഹൃദ വേദിയുടെ ആഭിമുഖ്യത്തില്‍ ലണ്ടനിലുള്ള ഈസ്റ്റ് ഹാമില്‍ വെച്ച് കഴിഞ്ഞ ജൂലായ് അഞ്ചിന് ബിലാത്തിയിലുള്ള തൃശൂര്‍ നിവാസികളെല്ലാം ഒത്തുകൂടി അവരുടെ പ്രഥമ സംഗമം അവിസ്മരണീയമാക്കി .
യു.കെയില്‍ നാന്നൂറോള്ളമുള്ള തൃശൂര്‍ ജില്ലയിലെ കുടുംബങ്ങളില്‍ 70 കുടുംബാംഗങ്ങളടക്കം 400 ല്‍ പരം ജില്ലാ നിവാസികള്‍ ഒത്ത് കൂടി , അവരുടെ സ്വന്തം നാടിന്റെ തനതായ താള മേളങ്ങളോടെ , നാടന്‍ രുചി ഭേദങ്ങളടങ്ങിയ ഭക്ഷണ വിഭവങ്ങള്‍ വെച്ച് വിളമ്പി , പാട്ടും ആട്ടവുമൊക്കെയായി പരസ്പരം പരിചയപ്പെട്ടും മറ്റും ആഘോഷാരവങ്ങളാല്‍ ശരിക്കും ഒരു അത്യുഗ്രന്‍ പരിപാടിയായിരുന്നു അന്നവിടെ ആഷ്‌ലി ആഡിറ്റോറിയത്തില്‍ അരങ്ങേറിയിരുന്നത്. ലണ്ടനിലെ ഈസ്റ്റ് ഹാമിനെ ഒരു പൂര നഗരിയാക്കിയ ദിനമായിരുന്നു ഇക്കഴിഞ്ഞ ശനിയാഴ്ച്ചയിലെ ആ ദിനം..
യു.കെ യിലെ തൃശൂര്‍ ജില്ലാ സൌഹൃദ വേദി സംഘടിപ്പിച്ച ഈ സംഗമത്തിന് മാറ്റ് കൂട്ടുവാന്‍ നാട്ടില്‍ നിന്നും വിശിഷ്ട്ടാതിഥികളായി ഇവിടെ എത്തിച്ചേര്‍ന്ന പാട്ടുകാരന്‍ ഫ്രാങ്കോയും, ബ്രിട്ടന്റെ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ രാജീവ് ഔസേപ്പും, യു.കെയിലെ ആദ്യത്തെ മലയാളി മേയറായ മജ്ഞു ഷാഹുല്‍ ഹമീദുമൊക്കെ എല്ലാ സദസ്യരുടേയും മനം കവര്‍ന്നു.
വീടുകളില്‍ വെച്ച് പാചകം ചെയ്ത് വിതരണം ചെയ്ത നാടന്‍ രുചികള്‍ ഏവരേയും നാടിന്റെ സ്മരണകള്‍ തൊട്ടുണര്‍ത്തിച്ചു. കൂടാതെ അതിഥികളെ വാദ്യമേളങ്ങളോടെ വരവേറ്റ് തൃശൂരിന്റെ തനിമയായ പുലിക്കളിയും, ശിങ്കാരിമേളവും ആയതിന്റെ താളഘോഷത്തോടെ അവതരിപ്പിച്ചുള്ള പരിപാടികളും എല്ലാവരുടേയും പ്രശംസ പിടിച്ച് പറ്റുകയുണ്ടായി.
അഡ്വ: ജെയ്‌സണ്‍ ഇരിങ്ങാലക്കുടയുടെ അദ്ധ്യക്ഷതയില്‍ ബ്രിട്ടന്റെ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ , രാജീവ് ഒസേപ്പ് ഭദ്രദീപം കൊളുത്തി യു.കെ യിലെ തൃശൂര്‍ ജില്ല്ക്കാരുടെ പ്രഥമ സംഗമത്തിന്റെ ഉല്‍ഘാടനം നിര്‍വ്വഹിച്ചു. മുരളീ മുകുന്ദന്‍ സ്വാ!ഗതവും , ജീസണ്‍ കടവി നന്ദിയും രേഖപ്പെടുത്തിയ ചടങ്ങില്‍ പ്രശസ്ത പിന്നണി ഗായകന്‍ ഫ്രാങ്കോയും , ടി.ഹരിദാസും, കെ.ജി.നായരും, വിലാസിനി ടീച്ചറും ആശംസകള്‍ നേര്‍ന്നു.
പിന്നീട് ഫ്രാങ്കോവിന്റെ അടി പൊളി ഗാന മേള സദസ്യരുടെ മനം കുളിരണിയിപ്പിച്ചു .അതിനോടൊപ്പം കുട്ടികളുടേതടക്കം അരങ്ങേറിയ കലാപരിപാടികള്‍ ഏവര്‍ക്കും ഒരു കലാ വിരുന്നൂട്ട് തന്നെയായി മാറി.
ക്രോയിഡോണ്‍ നഗര സഭാ മേയര്‍ മജ്ഞു ഷാഹുല്‍ ഹമീദ് അന്നവിടെ പങ്കെടുത്ത കുട്ടികള്‍ക്കെല്ലാം സമ്മാനങ്ങള്‍ വിതരണം ചെയ്തു . ഒപ്പം തന്നെ തൃശൂരിന്റെ തനതായ രീതിയില്‍ , പച്ച മലയാളത്തില്‍ പരിപാടികളെല്ലാം അവതരിപ്പിച്ച് ജോണ്‍സന്‍ പെരിഞ്ചേരിയും, മയൂഖയും കൂടി , പങ്കെടുത്ത എല്ലാവരേയും കയ്യിലെടുത്തു.
https://www.facebook.com/Malayalivartha