കുവൈത്തിൽ മൂന്ന് നിലയുള്ള വീടിന് തീപിടിച്ചു, മൂന്ന് പേർക്ക് ദാരുണാന്ത്യം, രണ്ട് പേർക്ക് പരുക്ക്
കുവൈത്തിൽ താമസസ്ഥലത്തുണ്ടായ തീപിടുത്തത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിൽ കഴിയുന്ന ഇവരുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം ആണ് സംഭവം. കുവൈറ്റിലെ ജലീബ് അൽ ശുയൂഖിൽ ആണ് അറബ് കുടുംബം താമസിച്ചിരുന്ന മൂന്ന് നിലയിലുള്ള വീടിന് തീപിടിച്ചത്.
വീടിന് തീപിടിച്ച വിവരം ഉച്ചയ്ക്ക് ശേഷമാണ് ലഭിച്ചതെന്ന് കുവൈറ്റ് ഫയർഫോഴ്സ് പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ ഡിപ്പാർട്ട്മെൻ്റ് അറിയിച്ചു. സെൻട്രൽ ഓപ്പറേഷൻസ് ഡിപ്പാർട്ട് മെൻ്റിൽ നിന്ന് അപകട വിവരമറിഞ്ഞ് അൽ സമൂദ്, അൽ അർദിയ ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നിശമന സേനാ അംഗങ്ങൾ സ്ഥലത്തെത്തി തീ അണയ്ക്കുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു.
മൂന്ന് നിലകളുള്ള വീടിൻ്റെ ഉൾ വശത്ത് പൂർണമായി തീ പടർന്ന് കത്തി നശിച്ചിരുന്നു. അപകട വിവരമറിഞ്ഞ് അഗ്നിശമന സേനാ അംഗങ്ങൾ സ്ഥലത്തെത്തി തീയണച്ചെങ്കിലും മൂന്ന് പേരെയും രക്ഷിക്കാനായില്ല. പരിക്കേറ്റ രണ്ട് പേരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. മരിച്ചവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. തീപിടിക്കാനുള്ള കാരണം എന്താണെന്ന് വ്യക്തമല്ല. അപകടവുമായി ബന്ധപ്പെട്ട് പോലീസും ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരും വീട്ടിൽ പരിശോധന നടത്തി പ്രാഥമിക വിവരങ്ങൾ ശേഖരിച്ചു.
https://www.facebook.com/Malayalivartha