തൊഴിലാളികൾക്കായി അത് ചെയ്തിരിക്കണം, നിർബന്ധിത തൊഴിൽ ഇൻഷുറൻസ് പദ്ധതിയിൽ ചേരാൻ തൊഴിലാളികൾക്കായി കമ്പനികൾ രജിസ്റ്റർ ചെയ്യണമെന്ന് മന്ത്രാലയത്തിന്റെ നിർദ്ദേശം, സമയപരിധി അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം...!
യുഎഇയിലെ സർക്കാർ, സ്വകാര്യ മേഖലയിലെ എല്ലാ ജീവനക്കാർക്കും നിർബന്ധിത തൊഴിൽ ഇൻഷുറൻസ് പദ്ധതി ജനുവരിയിലാണ് പ്രഖ്യാപിച്ചത്. മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം ആണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ജോലി നഷ്ടപ്പെട്ടവർക്ക് പുതിയ ജോലി കണ്ടെത്തുന്നതിന്റെ ഇടവേളകളിൽ മാന്യമായ ജീവിതം നയിക്കാൻ അവസരമൊരുക്കുന്നതിന്റെ ഭാഗമായാണ് തൊഴിൽ നഷ്ട ഇൻഷൂറൻസ് പദ്ധതി.
പദ്ധതിയിൽ ചേരാനുള്ള സമയപരിധി ഈ മാസം 30വരെയാണ്. ഈ സമയപരിധിക്കുള്ളിൽ ചേരാത്തവർക്ക് കനത്ത പിഴയാണ് ഈടാക്കുന്നത്.പദ്ധതിയിൽ അംഗമാകാത്തവർക്ക് 400 ദിർഹമാണ് പിഴയെന്ന് മാനവവിഭവ – സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. 9000 ത്തിലധികം രൂപയാണ് ഇത്തരത്തിൽ പദ്ധതിയിൽ ചേരാത്ത പ്രവാസികളിൽ നിന്നും ഈടാക്കുന്നത്.
ജൂൺ 30നകം ചേരണമെന്നായിരുന്നു ആദ്യത്തെ അറിയിപ്പെങ്കിലും കൂടുതൽ പേർക്ക് അവസരം ഒരുക്കുന്നതിന്റെ ഭാഗമായി പിന്നീട് ഒക്ടോബർ ഒന്നിലേക്കു ദീർഘിപ്പിക്കുകയായിരുന്നു. മൂന്നുതരത്തിലാണ് പ്രവാസികളിൽ നിന്ന് പിഴ ഈടാക്കുന്നത്. ഇൻഷുറൻസ് എടുക്കാത്തവരിൽ നിന്ന് പിഴത്തുക ശമ്പളത്തിൽ നിന്നോ സർവീസ് ആനുകൂല്യത്തിൽ നിന്നോ പിടിക്കും.
എന്നാൽ പുതിയ അറിയിപ്പ് പ്രകാരം ഇതുവരെ റജിസ്റ്റർ ചെയ്യാത്തവരും ഓൺലൈൻ വഴി അംഗമാകാൻ അറിയാത്തവരുമായ തൊഴിലാളികൾക്കു വേണ്ടി അതാതു കമ്പനികൾ റജിസ്റ്റർ ചെയ്യണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. ഇതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ജീവനക്കാർക്കുവേണ്ടി കമ്പനി റജിസ്റ്റർ ചെയ്താലും തൊഴിലുടമയ്ക്ക് അധിക ബാധ്യത വരില്ലെന്നും ഇൻഷൂറൻസ് പ്രീമിയം തൊഴിലാളികളിൽനിന്ന് ഈടാക്കാമെന്നും മന്ത്രാലയം വ്യക്തമാക്കി. 4 ദിവസത്തിനകം ഇൻഷൂറൻസ് എടുത്ത് പരിരക്ഷ ഉറപ്പാക്കണമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം ആവർത്തിച്ച് ആവശ്യപ്പെട്ടു.
ജോലി നഷ്ടപ്പെട്ട സ്വദേശികൾക്കും വിദേശികൾക്കും അടിസ്ഥാന ശമ്പളത്തിന്റെ 60% തുക 3 മാസത്തേക്കു നൽകുന്ന പദ്ധതിയാണ് തൊഴിൽ നഷ്ട ഇൻഷുറൻസ്. 16,000 ദിർഹത്തിൽ കുറവ് ശമ്പളമുള്ളവർക്ക് മാസത്തിൽ 5 ദിർഹമും (112 രൂപ) അതിൽ കൂടുതൽ ശമ്പളം ഉള്ളവർക്ക് 10 ദിർഹമുമാണ് (224 രൂപ) പ്രീമിയം. മാസത്തിലോ 3, 6, 9, 12 മാസത്തിൽ ഒരിക്കൽ ഒന്നിച്ചോ അടയ്ക്കാം. നിശ്ചിത തീയതി കഴിഞ്ഞ് 3 മാസം പിന്നിട്ടിട്ടും പ്രീമിയം അടയ്ക്കാത്തവരുടെ പോളിസി റദ്ദാകും. ഒരു വർഷമെങ്കിലും പ്രീമിയം അടച്ചവർക്ക് മാത്രമേ ഇൻഷുറൻസിന് അർഹതയുള്ളൂ.
ഗാർഹിക ജോലിക്കാർ, ഫ്രീസോൺ തൊഴിലാളികൾ, നിക്ഷേപകർ, താൽക്കാലിക ജോലിക്കാർ, വിരമിച്ച് പെൻഷൻ ലഭിക്കുന്നവർ, 18 വയസ്സിനു താഴെയുള്ളവർ എന്നിവർക്ക് ഇളവുണ്ട്. എങ്കിലും താൽപര്യമുള്ള 18 വയസ്സു പൂർത്തിയായവർക്ക് നിലവിലെ തൊഴിൽരഹിത ഇൻഷുറൻസ് എടുക്കാവുന്നതാണ്. ഒരാൾ ഒന്നിലേറെ പോളിസി എടുക്കേണ്ടതില്ല. പോളിസി എടുത്തശേഷം ജോലി മാറിയാലും 12 മാസം പ്രീമിയം അടച്ചവർക്കേ ആനുകൂല്യം ലഭിക്കൂ. തൊഴിൽ നഷ്ടപ്പെട്ട് 30 ദിവസത്തിനകം അനുബന്ധ രേഖകൾ നഷ്ടപരിഹാരം ലഭിക്കുന്നതിന് നൽകിയിരിക്കണം.
https://www.facebook.com/Malayalivartha