സമയപരിധി ഇന്നവസാനിക്കും..!! തൊഴിൽ നഷ്ട ഇൻഷുറൻസ് പദ്ധതിയിൽ ഇനിയും ചേരാത്ത ജീവനക്കാർക്ക് അപേക്ഷിക്കാൻ ഇനി മണിക്കൂറുകൾ മാത്രം, പദ്ധതിയിൽ അംഗമാകാത്തവരെ കാത്തിരിക്കുന്നത് പിഴയും പെർമിറ്റ് റദ്ദാക്കലും
യുഎഇയിലെ സർക്കാർ, സ്വകാര്യ മേഖലയിലെ എല്ലാ ജീവനക്കാരും തൊഴിൽ നഷ്ട ഇൻഷുറൻസ് നിർബന്ധമാണ്. ഈ പദ്ധതിയിൽ ചേരാനുള്ള സമയപരിധി ഇന്നവസാനിക്കും.നാളെ മുതൽ പദ്ധിയിൽ അംമാകാത്ത തൊഴിലാളികളെ കണ്ടെത്തി പിഴ ഈടാക്കി തുടങ്ങും. പിഴ മാത്രമല്ല പെർമിറ്റ് റദ്ദാക്കൽ നടപടിയും നേരിടേണ്ടതായി വരും. ഒരിക്കൽ പുതുക്കി നൽകിയ സമയപരിധി ആയതിനാൽ വീണ്ടും സമയം നീട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.
പദ്ധതിയിൽ ഇനിയും ചേരാത്ത ജീവനക്കാർക്ക് അപേക്ഷിക്കാൻ ഇന്നത്തെ ദിവസം മാത്രമാണ് ശേഷിക്കുന്നത്. പദ്ധതിയുടെ ഭാഗമാകാത്തവർക്കും കൃത്യമായി പ്രീമിയം അടക്കാത്തവർക്കും പിഴ ഉൾപ്പെടെയുള്ള ശിക്ഷ നടപടികൾ ലഭിക്കും. സമയപരിധിക്ക് മുമ്പ് പദ്ധതിയിൽ സൈൻ അപ്പ് ചെയ്യാത്ത ജീവനക്കാർക്ക് 400 ദിർഹം പിഴ ചുമത്തും.സബ്‌സ്‌ക്രൈബ് ചെയ്‌തതിന് ശേഷം നിശ്ചിത തീയതി മുതൽ മൂന്ന് മാസത്തിലധികം പ്രീമിയം അടയ്ക്കാത്ത ജീവനക്കാരിൽ നിന്ന് 200 ദിർഹം പിഴ ഈടാക്കും.
മറ്റുള്ളവരിൽ നിന്ന് പദ്ധതിയുടെ ഇൻഷുറൻസ് ആനുകൂല്യങ്ങൾ വാങ്ങുന്നത് പിടിക്കപ്പെട്ടാൽ 20,000 ദിർഹം പിഴ ചുമത്തും.സ്കീമിൽ സൈൻ അപ്പ് ചെയ്യാത്ത ജീവനക്കാർക്ക് പിഴ നേരിടേണ്ടിവരുമെന്ന് ഓർമ്മിക്കേണ്ടത് പ്രധാനമാണ്. തൊഴിലുടമകളല്ല പ്രീമിയം അടക്കേണ്ടത്.മാനവ വിഭവശേഷി മന്ത്രാലയം പറയുന്നതനുസരിച്ച്, അടക്കാത്ത പിഴകൾ ജീവനക്കാരുടെ ശമ്പളത്തിൽ നിന്നോ സേവനാനന്തര ആനുകൂല്യങ്ങളിൽ നിന്നോ കുറയ്ക്കും.
ഇൻഷുറൻസ് സ്കീമുമായി ബന്ധപ്പെട്ട് ലഭിക്കുന്ന എല്ലാ പിഴകളും അടയ്ക്കുന്നതിൽ പരാജയപ്പെടുന്ന ജീവനക്കാർക്ക്, അവ ക്ലിയർ ചെയ്യുന്നതുവരെ പുതിയ വർക്ക് പെർമിറ്റിന് അപേക്ഷിക്കാൻ അനുവദിക്കില്ല. നിക്ഷേപകർ, ബിസിനസ്സ് ഉടമകൾ, വീട്ടുജോലിക്കാർ, താൽക്കാലിക ജീവനക്കാർ, 18 വയസ്സിന് താഴെയുള്ള പ്രായപൂർത്തിയാകാത്തവർ, പെൻഷൻ സ്വീകരിച്ച് പുതിയ തൊഴിലുടമയിൽ ചേർന്ന് വിരമിച്ചവർ എന്നിവർ പദ്ധതിയിൽ ചേരേണ്ടത് ഇല്ല.
ഇത്തരക്കാർ ഒഴികെയുള്ള എല്ലാ ഫെഡറൽ, പ്രൈവറ്റ് ജീവനക്കാരും സ്കീമിൽ രജിസ്റ്റർ ചെയ്യാൻ ബാധ്യസ്ഥരാണ്, കൂടാതെ ലംഘനങ്ങൾക്ക് പിഴ ഈടാക്കുകയും ചെയ്യും. ജോലി നഷ്ടപ്പെട്ടവർക്ക് പുതിയ ജോലി കണ്ടെത്തുന്നതിന്റെ ഇടവേളകളിൽ മാന്യമായ ജീവിതം നയിക്കാൻ അവസരമൊരുക്കുന്നതിന്റെ ഭാഗമായാണ് തൊഴിൽ നഷ്ട ഇൻഷൂറൻസ് പദ്ധതി. ജോലി നഷ്ടപ്പെട്ട സ്വദേശികൾക്കും വിദേശികൾക്കും അടിസ്ഥാന ശമ്പളത്തിന്റെ 60% തുക 3 മാസത്തേക്കു നൽകുന്ന പദ്ധതിയാണ് തൊഴിൽ നഷ്ട ഇൻഷുറൻസ്.
16,000 ദിർഹത്തിൽ കുറവ് ശമ്പളമുള്ളവർക്ക് മാസത്തിൽ 5 ദിർഹമും (112 രൂപ) അതിൽ കൂടുതൽ ശമ്പളം ഉള്ളവർക്ക് 10 ദിർഹമുമാണ് (224 രൂപ) പ്രീമിയം. മാസത്തിലോ 3, 6, 9, 12 മാസത്തിൽ ഒരിക്കൽ ഒന്നിച്ചോ അടയ്ക്കാം. നിശ്ചിത തീയതി കഴിഞ്ഞ് 3 മാസം പിന്നിട്ടിട്ടും പ്രീമിയം അടയ്ക്കാത്തവരുടെ പോളിസി റദ്ദാകും. ഒരു വർഷമെങ്കിലും പ്രീമിയം അടച്ചവർക്ക് മാത്രമേ ഇൻഷുറൻസിന് അർഹതയുള്ളൂ.
https://www.facebook.com/Malayalivartha