പെട്ടെന്ന് നാട്ടിലെത്താൻ സുഹൃത്തിന്റെ ഉപദേശം വിനയായി, സൗദി ജയിലിൽ മലയാളി കഴിഞ്ഞത് 28 മാസം, യൂസഫലിയുടെ ഇടപെടലിനെ തുടർന്ന് പ്രവാസിക്ക് മോചനം
പ്രവാസികളുടെ പ്രിയങ്കരനാണ് പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എംഎ യൂസഫലി. ഗള്‍ഫ് നാടുകളിലും ഇന്ത്യയിലും നിരവധി സാമൂഹിക-ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പിന്തുണയും സാമ്പത്തിക സഹായവും ഇദ്ദേഹം നല്‍കിവരുന്നു. മാത്രമല്ല നിയമകുരുക്കിൽപ്പെട്ട് ഗൾഫ് രാജ്യങ്ങളിൽ കഴിയുന്നവരെ നാട്ടിലെത്തിക്കാനും അതുപോലെ അവർക്ക് വേണ്ട സഹായം ചെയ്യാനും അദ്ദേഹം എന്നും പ്രവർക്കുന്നുണ്ട്. ഇത് തന്നെയാണ് അദ്ദേഹം പ്രവാസികളുടെ മനസിൽ ഇടം പിടിക്കാൻ കാരണമായതും. ഇപ്പോൾ അത്തരത്തിൽ യൂസഫലിയുടെ ഇടപെടലിനെ തുടർന്ന് രണ്ടര വര്‍ഷമായി സൗദി അറേബ്യയിലെ ജയിലില്‍ കിടന്ന യുവാവിന് മോചനം ലഭിച്ചിരിക്കുകയാണ്.
തിരുവനന്തപുരം വിതുര സ്വദേശിയായ റഷീദാണ് ജയില്‍ മോചിതനായത്. കഴിഞ്ഞ ശനിയാഴ്ച രാത്രി റിയാദിൽ നിന്നും മുംബൈ വഴി ഇൻഡിഗോ വിമാനത്തിൽ തിരുവനന്തപുരത്തെത്തിയ റഷീദിനെ സഹോദരൻ റമീസും മറ്റുബന്ധുക്കളും സ്വീകരിച്ചു. സഹോദരൻ്റെ മോചനത്തിനായി പരിശ്രമിച്ച എം.എ. യൂസഫലിക്കും ലുലു ഗ്രൂപ്പ് റിയാദ് ഓഫിസിനും റമീസ് നന്ദി പറഞ്ഞു.ഡ്രൈവറായി നാല് വര്‍ഷം മുന്‍പാണ് റഷീദ് സൗദിയില്‍ എത്തുന്നത്. റഷീദിന്റെ സ്‌പോണ്‍സര്‍ തന്റെ കടയില്‍ ജോലിയ്ക്ക് നിര്‍ത്തുകയായിരുന്നു. സ്വദേശിയായ സ്പോൺസർ റഷീദിനെ തൻ്റെ സ്പെയർ പാർട്സ് കടയിൽ ജോലി ചെയ്യാൻ നിർബന്ധിക്കുകയായിരുന്നു.
സ്വദേശിവത്ക്കരണം ശക്തമായ രാജ്യത്ത് പരിശോധന ശക്തമാക്കിയ സമയത്താണ് റഷീദിൻ്റെ ജീവിതം മാറ്റിമറിച്ച സംഭവമുണ്ടാകുന്നത്, സ്വദേശി തൊഴിലെടുക്കേണ്ട തസ്തികയിൽ വിദേശിയെ കണ്ട പോലീസ് അടുത്ത തവണ പരിശോധനക്കെത്തുമ്പോൾ തൊഴിൽസ്ഥലത്ത് കണ്ടാൽ അറസ്റ്റ് ചെയ്യുമെന്ന് റഷീദിന് മുന്നറിയിപ്പ് നൽകി. ഇതില്‍ ഭയന്ന റഷീദ് തൊഴില്‍ ഇടം വിട്ടു. ശേഷം സുഹൃത്തിന്റെ അരികില്‍ അഭയം തേടി. പാസ്‌പോര്‍ട്ട് തൊഴില്‍ ഉടമയുടെ കയ്യില്‍ ആയിരുന്നതിനാല്‍ പെട്ടന്ന് നാട്ടിലെത്തുന്നതിനായി സുഹൃത്തായ സാമൂഹികപ്രവര്‍ത്തകന്‍ ഷാന്‍ പറഞ്ഞുകൊടുത്ത ഉപദേശമാണ് റഷീദിന് ജയിലിലേക്കുള്ള വഴി ഒരുക്കിയത്.
നാടുകടത്തിൽ കേന്ദ്രത്തെ സമീപിച്ചാൽ ജയിലിലടക്കുമെന്നും പറഞ്ഞുകൊണ്ട് വെറും മൂന്ന് ദിവസം കൊണ്ട് നാട്ടിലെത്താമെന്നുമായിരുന്നു ഉപദേശം. സുഹൃത്തായ ഷാൻ റഷീദിൽ നിന്നും 4000 റിയാൽ കൈപറ്റിയിരുന്നു. പിന്നീട് സുഹൃത്തിനെ കുറിച്ച് ഒരു വിവരം ഇല്ലായിരുന്നു. ഇതിനിടയിൽ റഷീദ് ഒളിച്ചോടിയെന്ന പരാതിയും സ്പോൺസർ കൊടുത്തിരുന്നു. തുടർന്ന് സുഹൃത്തിൻ്റെ ഉപദേശം പോലെ ജയിലിലാവുകയായിരുന്നു.
അങ്ങനെ രണ്ട് വർഷമാണ് റഷീദ് ജയിലിൽ കിടന്നത്. സുഹൃത്ത് പറഞ്ഞത് പോലെ മൂന്ന് ദിവസം കൊണ്ട് നാട്ടിലെത്തുമെന്ന് കരുതിയ റഷീദ് 28 മാസമാണ് ജയിലിൽ കിടന്നത്. ഇതിനിടയിൽ ജിദ്ദയിൽ നിന്നും റിയാദിലെ ജയിലിലേക്ക് റഷീദിനെ മാറ്റിയിരുന്നു. ജയിൽ മോചനത്തിനായി വിവിധകേന്ദ്രങ്ങളെ റഷീദിൻ്റെ മാതാപിതാക്കൾ സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം.
തുടർന്ന് വിഷയം ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ ശ്രദ്ധയിൽപ്പെടുത്തിയതാണ് റഷീദിന് മോചനം സാധ്യമായത്. ബന്ധപ്പെട്ട നിയമപ്രശ്‌നങ്ങളെല്ലാം റിയാദ് ലുലു ഗ്രൂപ്പ് അധികൃതരുടെ ഇടപെടല്‍ മൂലം പരിഹരിക്കുകയായിരുന്നു. തുടർന്നാണ് റഷീദിനെ സൗദി ജയിലിൽ നിന്ന് മോചിതനാക്കിയത്.
https://www.facebook.com/Malayalivartha