യുഎഇയുടെ തൊഴിൽ നഷ്ട ഇൻഷൂറൻസ്, പദ്ധതിയിൽ ചേർന്ന് വരിസംഖ്യ അടയ്ക്കാതെ വീഴ്ച്ച വരുത്തുന്നവർക്ക് പിഴ ചുമത്തും, ജീവനക്കാരന്റെ ശമ്പളത്തിൽ നിന്നോ സർവീസ് ആനുകൂല്യങ്ങളിൽ നിന്നോ കുടിശ്ശിക പിഴ തുക ഈടാക്കും...!!
യുഎഇ പ്രഖ്യാപിച്ച തൊഴിൽ നഷ്ട ഇൻഷൂറൻസ് പദ്ധതിയിൽ ചേരാത്തവർക്ക് മാത്രമല്ല ചേർന്നവരിൽ നിന്നും പിഴ ഈടാക്കും. ആരും ആശങ്കപെടേണ്ട പദ്ധതിയിൽ ചേർന്ന എല്ലാവരിൽ നിന്നും പിഴ ഈടാക്കില്ല. തൊഴിലില്ലായ്മ ഇൻഷുറൻസ് പദ്ധതിയിൽ ചേർന്ന ശേഷം വരിസംഖ്യ കൃത്യമായി അടയ്ക്കുന്നതിൽ വീഴ്ച്ചവരുത്തുന്ന തൊഴിലാളിക്ക് പിഴ ചുമത്തും. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്.
ഇൻഷുറൻസ് വരിസംഖ്യ കൃത്യമായി അടയ്ക്കുന്നതിൽ വീഴ്ച്ച വരുത്തുന്നവർക്ക് 200 ദിർഹം ആണ് പിഴ ചുമത്തുക.
മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയത്തിന്റെ സ്മാർട്ട് ആപ്ലിക്കേഷൻ വഴിയോ വെബ്സൈറ്റ് വഴിയോ ഉപഭോക്തൃ കേന്ദ്രങ്ങൾ വഴിയോ പിഴ അടയ്ക്കാം. പുതിയ വർക്ക് പെർമിറ്റുകൾ നിഷേധിക്കുന്നതുൾപ്പെടെ നിയമം പാലിക്കാത്ത വ്യക്തികൾക്കെതിരെ സ്വീകരിക്കുന്ന നടപടികൾ ഒഴിവാക്കുന്നതിന് തൊഴിലാളികളോട് അവരുടെ കുടിശ്ശിക പിഴ ഉടൻ അടയ്ക്കണമെന്ന് മന്ത്രാലയം അഭ്യർത്ഥിച്ചു.
ഇതിൽ വീഴ്ച്ച വരുത്തുന്ന ജീവനക്കാരന്റെ ശമ്പളത്തിൽ നിന്നോ സർവീസ് അവസാനിക്കുന്ന ആനുകൂല്യങ്ങളിൽ നിന്നോ കുടിശ്ശിക പിഴ തുക പിന്നീട് കുറയ്ക്കുന്നതാണ്. പദ്ധതിയിൽ ചേരാത്ത തൊഴിലാളികളിൽ നിന്ന് ഉടൻ പിഴ ഈടാക്കാൻ തുടങ്ങുമെന്ന് യു എ ഇ മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. സമയപരിധി അവസാനിച്ചതോടെയാണ് നടപടി. ഇൻഷൂറൻസ് എടുക്കാത്തവർക്കാണ് 400 ദിർഹം പിഴ ഈടാക്കുന്നത്.
രാജ്യത്തെ പൊതു, സ്വകാര്യ മേഖലകളിലെ ജീവനക്കാർക്ക് തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യത്തിൽ സഹായമേകുന്നതിനായി ഏർപ്പെടുത്തിയിട്ടുള്ള ഈ പ്രത്യേക തൊഴിലില്ലായ്‌മ ഇൻഷുറൻസ് പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി 2023 ഒക്ടോബർ 1-ന് അവസാനിച്ചിരുന്നു.ഈ പദ്ധതി 2023 ജനുവരി 1 മുതലാണ് യു എ ഇ നടപ്പിലാക്കിയത്. ഏതാണ്ട് 14 ശതമാനത്തോളം തൊഴിലാളികൾ ഈ പദ്ധതിയിൽ അംഗങ്ങളാകുന്നതിൽ വീഴ്ച്ച വരുത്തിയതായി അറിയിച്ചിരുന്നു.
യു എ ഇയിലെ പൊതു, സ്വകാര്യ മേഖലകളിലെ ജീവനക്കാർക്ക് മുഴുവൻ ജീവനക്കാർക്കും – പൗരന്മാരും, പ്രവാസികളും ഉൾപ്പടെ – ഈ ഇൻഷുറൻസ് നിർബന്ധമാണ്. ജോലി നഷ്ടപ്പെട്ടവർക്ക് പുതിയ ജോലി കണ്ടെത്തുന്നതിന്റെ ഇടവേളകളിൽ മാന്യമായ ജീവിതം നയിക്കാൻ അവസരമൊരുക്കുന്നതിന്റെ ഭാഗമായാണ് ഈ പദ്ധതി. ജോലി നഷ്ടപ്പെട്ട സ്വദേശികൾക്കും വിദേശികൾക്കും അടിസ്ഥാന ശമ്പളത്തിന്റെ 60% തുക 3 മാസത്തേക്കു നൽകുന്ന പദ്ധതിയാണ് തൊഴിൽ നഷ്ട ഇൻഷുറൻസ്. 16,000 ദിർഹത്തിൽ കുറവ് ശമ്പളമുള്ളവർക്ക് മാസത്തിൽ 5 ദിർഹമും (112 രൂപ) അതിൽ കൂടുതൽ ശമ്പളം ഉള്ളവർക്ക് 10 ദിർഹമുമാണ് (224 രൂപ) പ്രീമിയം.
മാസത്തിലോ 3, 6, 9, 12 മാസത്തിൽ ഒരിക്കൽ ഒന്നിച്ചോ അടയ്ക്കാം. നിശ്ചിത തീയതി കഴിഞ്ഞ് 3 മാസം പിന്നിട്ടിട്ടും പ്രീമിയം അടയ്ക്കാത്തവരുടെ പോളിസി റദ്ദാകും. ഒരു വർഷമെങ്കിലും പ്രീമിയം അടച്ചവർക്ക് മാത്രമേ ഇൻഷുറൻസിന് അർഹതയുള്ളൂ. ഒരാൾ ഒന്നിലേറെ പോളിസി എടുക്കേണ്ടതില്ല. പോളിസി എടുത്തശേഷം ജോലി മാറിയാലും 12 മാസം പ്രീമിയം അടച്ചവർക്കേ ആനുകൂല്യം ലഭിക്കൂ. തൊഴിൽ നഷ്ടപ്പെട്ട് 30 ദിവസത്തിനകം അനുബന്ധ രേഖകൾ നഷ്ടപരിഹാരം ലഭിക്കുന്നതിന് നൽകിയിരിക്കണം.
https://www.facebook.com/Malayalivartha