കുവൈത്ത് അമീറിന്റെ നിര്യാണം, രാജ്യത്ത് 40 ദിവസത്തെ ഔദ്യോഗിക ദുഖാചരണം, സർക്കാർ, അർദ്ധ സർക്കാർ പൊതു മേഖല സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു
കുവൈറ്റ് അമീർ ശൈഖ് നവാഫ് അഹ്മദ് അൽ ജാബിർ അൽ സബ യുടെ വിയോഗ വാർത്തയ്ക്ക് പിന്നാലെ രാജ്യത്ത് 40 ദിവസത്തെ ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചു. സർക്കാർ, അർദ്ധ സർക്കാർ പൊതു മേഖല സ്ഥാപനങ്ങൾക്ക് 3 ദിവസത്തെ അവധി ആയിരിക്കും. അമീരി ദീവാനി കാര്യാലയമാണ് അമീറിന്റെ വിയോഗ വാർത്ത ഔദ്യോഗിക ടെലവിഷൻ വഴി രാജ്യത്തെ അറിയിച്ചത്.
മരണകാരണം വെളിപ്പെടുത്തിയിട്ടില്ല. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ജാബിർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്തുവന്നത്. കുവൈത്തിൻറെ പതിനാറാം അമീറായിരുന്നു ശൈഖ് നവാഫ് അഹ്മദ് അൽ ജാബിർ അൽ സബ. കുവൈത്ത് രാജകുടുംബത്തിലെ ഏറ്റവും മുതിർന്ന അംഗമാണ് ഷെയ്ഖ് നവാഫ്. 2020 സെപ്റ്റംബറിൽ ശൈഖ് സബ അഹ്മദ് അൽ ജാബർ അൽ സബ അന്തരിച്ചതിനു പിന്നാലെ കിരീടാവകാശിയായ ഷെയ്ഖ് നവാഫ് അൽ-അഹ്മദ് കുവൈത്ത് അമീറായി ചുമതലയേറ്റത്.
കുവൈത്തിലെ ശാന്തനായ ഭരണാധികാരിയായിട്ടാണ് ശൈഖ് നവാഫ് അറിയപ്പെടുന്നത്. ആരോഗ്യകാരണങ്ങളാല്‍ പലപ്പോഴും അദ്ദേഹത്തിന് കൂടുതല്‍ തിളങ്ങാന്‍ സാധിച്ചിട്ടില്ല. കഴിഞ്ഞമാസം ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അമീറിനെ ആശുപത്രിയില്‍ പ്രവശിപ്പിച്ചതായി വാർത്തകൾ വന്നിരുന്നു. എന്നാൽ പിന്നീട് ആരോഗ്യനില തൃപ്തികരമാണെന്ന് കുവൈത്ത് ഔദ്യോഗിക വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
അടിയന്തര ആരോഗ്യ പ്രശ്‌നമാണെന്ന് സൂചിപ്പിച്ചെങ്കിലും എന്താണ് അസുഖമെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നില്ല. 2020ല്‍ കുവൈത്ത് അമീര്‍ ആയി ചുമതലയേറ്റ ശേഷം പല തവണ ആരോഗ്യകാരണങ്ങളാല്‍ പൊതുരംഗത്ത് നിന്ന് വിട്ടു നിന്നിരുന്നു ശൈഖ് നവാഫ്. കിരീടവകാശിയാണ് രാജ്യത്തിന്റെ ദൈനംദിന ഭരണകാര്യങ്ങള്‍ നോക്കുന്നത്. നേരത്തെ ചികില്‍സയ്ക്ക് വേണ്ടി അദ്ദേഹം അമേരിക്കയില്‍ പോയിരുന്നു.
കുവൈത്തിന്റെ പത്താമത്തെ ഭരണാധികാരി ആയിരുന്ന ഷെയ്ഖ് അഹമദ് അൽ ജാബിർ അൽ സബാഹിന്റെയും യാമാമയുടെയും മകനായി 1937 ജൂൺ 20നു കുവൈത്ത് സിറ്റിയിലെ ഷർഖ് ൽ ആണ് ഷെയ്ഖ് നവാഫ് അൽ അഹമദ് സബാഹിന്റെ ജനനം. 2006 ഫെബ്രുവരി 7 മുതൽ കുവൈത്ത് കിരീടാവകാശിയായിരുന്ന ഷെയ്ഖ് നവാഫ്, സഹോദരനും കുവൈത്തിന്റ പതിഞ്ചാമത്തെ അമീറുമായിരുന്ന ഷെയ്ഖ് സബാഹ് അൽ അഹമദ് അൽ സബാഹിന്റെ നിര്യാണത്തെ തുടർന്ന് 2020 സെപ്റ്റംബർ 29 നാണ് കുവൈത്തിന്റെ പതിനാറാമത്തെ ഭരണാധികാരിയായി സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.
1962 ൽ ഇരുപത്തഞ്ചാം വയസ്സിൽ ഹവല്ലി ഗവർണർ ആയി നിയമിക്കപ്പെട്ടു കൊണ്ടാണ് അദ്ദേഹം തന്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. 1978 മാർച്ച് 19 വരെ ആ പദവിയിൽ തുടർന്ന അദ്ദേഹം 1978 മുതൽ 1988 വരെ കുവൈത്തിന്റെ ആഭ്യന്തര മന്ത്രിയായും തുടർന്ന് കുവൈത്തിന്റെ പ്രധിരോധ മന്ത്രിയായും രാജ്യത്തിന് സേവനം അനുഷ്ഠിച്ചു.
https://www.facebook.com/Malayalivartha