ദുബൈ അൽ കരാമയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടം, ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒരു മലയാളി കൂടി മരണത്തിന് കീഴടങ്ങി, ആപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം 4 ആയി
മൂന്ന് മലയാളികളുടെ ജീവൻ നഷ്ടമായ ദുബൈ അൽ കരാമയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടം നടന്ന് രണ്ട് മാസം കഴിയുമ്പോൾ ഒരു മരണം കൂടി. പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു മലയാളി കൂടി മരണത്തിന് കീഴടങ്ങി. കണ്ണൂർ തലശ്ശേരി പുന്നോല്‍ കുറിച്ചിയില്‍ റൂഫിയ മന്‍സിലിലെ ഷാനില്‍ (22) ആണ് മരിച്ചത്. ദുബായിലെ റാഷിദ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് മരണം.ഇതോടെ ആപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം 4 ആയി. ഇന്ത്യന്‍ സമയം വെള്ളിയാഴ്ച രാവിലെ 6.30 ഓടെയാണ് ഷാനില്‍ മരിച്ചത്.
ഗുരുതരമായി പൊള്ളലേറ്റ് ചികില്‍സയിലായിരുന്ന മൂന്നു പേരില്‍ അവസാനത്തെയാളാണ് ഇപ്പോള്‍ മരിച്ചത്. ഷാനില്‍ ദുബായിലെ ജിഎസ്എസ് ലോജിസ്റ്റിക്സ് കമ്പനിയിലെ ജീവനക്കാരനായിരുന്നു. രണ്ട് വര്‍ഷമായി ദുബായില്‍ ജോലി ചെയ്യുന്നു. വെള്ളിയാഴ്ച വൈകുന്നേരം ദുബായില്‍ ഗിസൈസിലെ ഖബര്‍സ്ഥാനില്‍ മറവുചെയ്തു. ബന്ധുക്കള്‍ ദുബായില്‍ എത്തിയിരുന്നു.അപകടത്തില്‍ ഗുരുതരമായി പൊള്ളലേറ്റ മലപ്പുറം സ്വദേശി യാക്കൂബ് അബ്ദുല്ല (38), തലശ്ശേരി ടെമ്പിള്‍ ഗേറ്റ് സ്വദേശി നിട്ടൂര്‍ വീട്ടില്‍ നിധിന്‍ ദാസ് (24), പുന്നോല്‍ സ്വദേശി നിഹാല്‍ നിസാര്‍ (26) എന്നിവരാണ് നേരത്തേ മരിച്ചത്.
ബര്‍ദുബായിലെ അനാം അല്‍മദീന ഫ്രൂട്സ് സ്റ്റാളിലെ ജീവനക്കാരന്‍ മലപ്പുറം തിരൂര്‍ സ്വദേശി പാറന്നൂര്‍ പറമ്പില്‍ യാക്കൂബ് അബ്ദുല്ല സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചിരുന്നു. അപകടത്തിൽ കാണാതായവരെ തിരയുമ്പോഴാണ് യാക്കൂബ് അബ്ദുല്ലയുടെ മൃതദേഹം കണ്ടെത്തിയത്.നിധിന്‍ ദാസ് ഒക്ടോബര്‍ 19നും നഹീല്‍ നിസാര്‍ നവംബര്‍ 18നുമാണ് ദുബായിലെ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയവെ മരിച്ചത്. വിസിറ്റ് വിസയിൽ ജോലി തേടി എത്തിയ നിധിൻ ദാസ് ഏറെ പരിശ്രമത്തിനൊടുവില്‍ ജോലി ലഭിച്ചതിന്റെ സന്തോഷത്തിലായിരുന്നു. അതിനിടെയാണ് അപ്രതീക്ഷിത അപകടം.
ഒക്ടോബർ 17 ന് രാത്രിയായിരുന്നു താമസ സ്ഥലത്തെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം ഉണ്ടായത്. 12.20ന് കരാമ 'ഡേ ടു ഡേ' ഷോപ്പിങ് കേന്ദ്രത്തിന് സമീപം ബിൻഹൈദർ ബിൽഡിങിലാണ് അപകടം ഉണ്ടായത്. ഫ്‌ലാറ്റില്‍ മൂന്ന് മുറികളിലായി 17 പേരാണ് താമസിച്ചിരുന്നത്. ഒരേ ഫ്‌ലാറ്റിലെ മൂന്ന് മുറികളില്‍ താമസിച്ചിരുന്ന ഇവര്‍ മൊബൈല്‍ ഫോണിലും മറ്റും മുഴുകിയിരിക്കുമ്പോഴാണ് ഫ്‌ലാറ്റിലെ അടുക്കളയില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്.
രാത്രി ഭക്ഷണം കഴിഞ്ഞ് ഉറങ്ങാന്‍ കിടക്കുന്നതിനിടെയാണ് പൊട്ടിത്തെറി ഉണ്ടായത്. ശബ്ദം കേട്ട് മുറിയില്‍ നിന്ന് പുറത്തിറങ്ങിയവരെ ഉള്‍പ്പെടെ തീ നാളങ്ങള്‍ പാഞ്ഞെത്തി തെറിപ്പിച്ചു. രണ്ട് പേര്‍ ബാത്‌റൂമുകളിലായിരുന്നു. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ അടുത്തുള്ള ഫ്‌ലാറ്റിലെ രണ്ട് വനിതകള്‍ക്കും പരിക്കേറ്റിരുന്നു.
https://www.facebook.com/Malayalivartha