അന്തരിച്ച കുവൈത്ത് അമീർ ഷെയ്ഖ് നവാഫിന്റെ ഖബറടക്കം ഇന്ന്, ബന്ധുക്കൾക്കും രാജകുടുംബാംഗങ്ങൾക്കും മാത്രമായി ചടങ്ങുകൾ പരിമിതപ്പെടുത്തി, ഖബറടക്ക ചടങ്ങുകളുടെ വിശദാംശങ്ങൾ പ്രത്യേക പ്രസ്താവനയിലൂടെ പ്രഖ്യാപിച്ചു, കുവൈത്തിൽ 40 ദിവസത്തെ ദുഃഖാചരണം
അന്തരിച്ച കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ ഖബറടക്കം ഇന്ന് ബിലാൽ ബിൻ റബാഹ് പള്ളിയിൽ മയ്യിത്ത് നമസ്‌കാരത്തിന് ശേഷം നടക്കുമെന്ന് അമീരി ദിവാൻ അറിയിച്ചു. ബന്ധുക്കൾക്കും രാജകുടുംബാംഗങ്ങളും മാത്രമായി ചടങ്ങുകൾ പരിമിതപ്പെടുത്തിയിട്ടുണ്ട്. ഷെയ്ഖ് നവാഫിന്റെ വിയോഗത്തിൽ കുവൈത്തിൽ 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. സർക്കാർ, അർദ്ധ സർക്കാർ പൊതു മേഖല സ്ഥാപനങ്ങൾക്ക് 3 ദിവസത്തെ അവധി ആയിരിക്കും.
ബുധനാഴ്ച ഔദ്യോഗിക പ്രവൃത്തിക്കൾ പുനരാരംഭിക്കുമെന്ന് സർക്കാർ നടത്തുന്ന കുവൈത്ത് ന്യൂസ് ഏജൻസി അറിയിച്ചു. ദുഃഖാചരണ വേളയിൽ സംസ്ഥാനത്തെ ഓഫീസുകളിൽ പതാകകൾ പകുതി താഴ്ത്തിക്കെട്ടും. ഖബറടക്ക ചടങ്ങുകളുടെ വിശദാംശങ്ങൾ കുവൈത്തിലെ രാജകീയ കോടതി ഒരു പ്രത്യേക പ്രസ്താവനയിലൂടെ പ്രഖ്യാപിച്ചു. ഇന്ന് ബിലാൽ ബിൻ റബാഹ് പള്ളിയിൽ പ്രാർഥന നടക്കും. തുടർന്നാണ് കബറടക്കം
ഷെയ്ഖ് നവാഫിന്റെ വിയോഗത്തെ തുടർന്ന് ഗൾഫ് രാജ്യങ്ങളിൽ ദുഖാചരണം പ്രഖ്യാപിച്ചു. യുഎഇയിൽ 3 ദിവസത്തെ ദേശീയ ദുഃഖാചരണം പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പ്രഖ്യാപിച്ചു. 16 മുതൽ 3 ദിവസത്തേക്ക് രാജ്യത്തെ എല്ലാ സർക്കാർ സ്ഥാപനങ്ങളിലും യുഎഇയിലെ എംബസികളിലും മറ്റു നയതന്ത്ര കാര്യാലയങ്ങളിലും ദേശീയ പതാക പാതി താഴ്ത്തിക്കെട്ടാനും നിർദേശിച്ചതായി ഔദ്യോഗിക വാർത്താ ഏജൻസി വാം റിപോർട് ചെയ്തു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അൽ മക്തൂം എക്സ് പ്ലാറ്റ് ഫോമിലൂടെ അനുശോചനം അറിയിച്ചു. ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ സബാഹ് ആറ് പതിറ്റാണ്ടോളം തന്റെ രാജ്യത്തെ സേവിക്കുകയും ആത്മാർഥതയോടെ കർത്തവ്യം നിറവേറ്റുകയും ചെയ്തു എന്ന് അദ്ദേഹം കുറിച്ചു.
കുവൈത്ത് അമീര്‍ നിര്യാണത്തെ തുടര്‍ന്ന് ഒമാനില്‍ മൂന്ന് ദിവസത്തിനെ അവധിയാണ് പ്രഖ്യാപിച്ചിരുക്കുന്നത്. ഡിസംബര്‍ 16 മുതല്‍ 18 വരെ സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ അവധിയായിരിക്കും. പതാക താഴ്ത്തിക്കെട്ടാനും സുല്‍ത്താന്‍ രാജകീയ ഉത്തരവ് പുറപ്പെടുവിച്ചു. കുവൈത്ത് അമീറിന്റെ നിര്യാണത്തില്‍ ഒമാന്‍ ഭണരാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് അനുശോചനം രേഖപ്പെടുത്തി.
ഖത്തറില്‍ 3 ദിവസത്തെ ദു:ഖാചരണമാണ് പ്രഖ്യാപിച്ചത്. ദേശീയ പതാക പകുതി താഴ്ത്തി. അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയാണ് ദു:ഖാചരണം പ്രഖ്യാപിച്ചത്. ഗള്‍ഫ് ബന്ധം ശക്തിപ്പെടുത്തുന്നതിലും അറബ്, ഇസ്‌ലാമിക് രാജ്യങ്ങളുടെ പ്രശ്‌നങ്ങളില്‍ പരിഹാരം കാണുന്നതിനും മേഖലയിലും ലോകത്തും സുരക്ഷയും സമാധാനവും നിലനിര്‍ത്തുന്നതിന് മികച്ച പിന്തുണ നല്‍കുകയും ചെയ്തിരുന്ന വിവേകശാലിയായ ഭരണാധികാരിയെയാണ് നഷ്ടമായതെന്നും അമീര്‍ അനുശോചിച്ചു.
https://www.facebook.com/Malayalivartha