രക്ഷപ്പെടാന്‍ സഹപ്രവർത്തകർ വിളിച്ചുപറഞ്ഞെങ്കിലും ഫോണില്‍ സംസാരിക്കുന്നതിനാൽ കേട്ടില്ല, സൗദി അറേബ്യയില്‍ ഗോഡൗണില്‍ ഉണ്ടായ തീപിടുത്തത്തിൽ മലയാളി യുവാവ് മരിച്ചു
സൗദി അറേബ്യയില്‍ ഉണ്ടായ തീപിടുത്തത്തിൽ മലയാളി യുവാവ് മരിച്ചു. മലപ്പുറം നിലമ്പൂര്‍ വഴിക്കടവ് സ്വദേശി തോട്ടുംകടവത്ത് അബ്ദുല്‍ ജിഷാര്‍ ആണ് മരിച്ചത്. 39 വയസായിരുന്നു. റിയാദ് നഗരത്തിന്റെ തെക്കുപടിഞ്ഞാറന്‍ ഭാഗമായ ഷിഫയില്‍ സോഫ ഗോഡൗണിന് തീപിടിക്കുകയായിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് അപകടം സംഭവിച്ചത്. രാവിലെ ഏഴോടെ തൊട്ടടുത്ത ഗോഡൗണില്‍ തീപിടിത്തമുണ്ടാവുകയായിരുന്നു. ഇത് പിന്നീട് ജിഷാര്‍ പണിയെടുത്തിരുന്ന സോഫാസെറ്റ് നിര്‍മാണ ഗോഡൗണിലേക്ക് പടര്‍ന്ന് പിടിക്കുകയുമായിരുന്നു. ഈ സമയം ഇവിടെ ജിഷാറിനെ കൂടാതെ ജോലി ചെയ്തിരുന്ന മറ്റു ജീവനക്കാരും ഉണ്ടായിരുന്നു.
എന്നാൽ അവർ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. സംഭവ സമയത്ത് നിരവധി പേരാണ് ഇവിടെ ജോലിയിലുണ്ടായിരുന്നത്. സഹപ്രവര്‍ത്തകര്‍ തീ പടരുന്നത് കണ്ടതോടെ രക്ഷപ്പെടാന്‍ വിളിച്ചുപറഞ്ഞെങ്കിലും അകലെ മാറിനിന്ന് ഫോണില്‍ സംസാരിക്കുകയായിരുന്ന ജിഷാറിന് കേള്‍ക്കാന്‍ ഇത് നിർഭാഗ്യവശാൽ കേൾക്കാൻ കഴിഞ്ഞില്ല. പിന്നാലെ നിമിഷനേരത്തിനുള്ളില്‍ അഗ്‌നി ഗോഡൗണ്‍ മുഴുവന്‍ വിഴുങ്ങിക്കഴിഞ്ഞിരുന്നു.
സിവില്‍ ഡിഫന്‍സിന്റെ നേതൃത്വത്തില്‍ അഗ്‌നിശമന സേനയും പോലീസുമെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഉച്ചയോടെയാണ് ജിഷാറിന്റെ മൃതദേഹം പുറത്തെടുത്തത്. മൃതദേഹം ശുമൈസി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ദീര്‍ഘകാലമായി ഇവിടെ ജോലി ചെയ്യുന്ന ജിഷാര്‍ ഒരാഴ്ച മുമ്പാണ് നാട്ടില്‍ നിന്ന് അവധി കഴിഞ്ഞെത്തിയത്.
സാമൂഹികപ്രവര്‍ത്തകനായ ഇദ്ദേഹം ഒഐസിസി അംഗമാണ്. പിതാവ്: അബ്ദുറഹ്‌മാന്‍. മാതാവ്: മറിയുമ്മ. ഭാര്യ: സക്കിറ. മക്കള്‍: അഫീഫ, റൂബ, ആമീര്‍, അനു. മരണാനന്തര നടപടികള്‍ക്കായി കെഎംസിസി പ്രവര്‍ത്തകരായ ഉമര്‍ അമാനത്ത്, ഷൗക്കത്ത്, ജംഷി എന്നിവര്‍ക്ക് പുറമെ മലപ്പുറം ജില്ല ഒഐസിസി പ്രസിഡന്റ് സിദ്ദിഖ് കല്ലുമ്പറമ്പനും നേതൃത്വം നല്‍കിവരുന്നു.
https://www.facebook.com/Malayalivartha