ഫലസ്തീനിലെ ജനങ്ങൾക്ക് ഐക്യദാർഢ്യം, ഷാർജയിൽ പുതുവർഷാഘോഷത്തിനും വെടിക്കെട്ടിനും നിരോധനം, ഉത്തരവ് ലംഘിച്ച് ആഘോഷങ്ങൾ നടത്തിയാൽ നടപടി സ്വീകരിക്കും
ലോകം ആവേശത്തോടെ കാത്തിരിക്കുന്ന പുതുവത്സര രാവിന് അധികം നാളുകളില്ല. എന്നാൽ യുഎഇയിലെ ഷാർജ എമിറേറ്റിൽ ഇത്തവണ പുതുവർഷ രാവിൽ പടക്കം പൊട്ടിക്കുകയോ ആഘോഷങ്ങൾ സംഘടിപ്പിക്കുകയോ ചെയ്യില്ല. പുതുവർഷ രാവിൽ എമിറേറ്റിൽ നിരോധനാജ്ഞ ആയിരിക്കുമെന്ന് ഷാർജ പൊലീസ് അറിയിച്ചു. ഉത്തരവ് ലംഘിച്ച് ആഘോഷങ്ങൾ നടത്തുന്ന നിയമലംഘകർക്കെതിരെ നടപടി സ്വീകരിക്കുമെന്നും പൊലിസ് അറിയിച്ചു.
യുദ്ധത്തിൽ തകർന്ന ഫലസ്തീനിലെ ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് അധികൃതർ അറിയിച്ചു.എല്ലാ സ്ഥാപനങ്ങളും വ്യക്തികളും ഈ സദുദ്ദേശത്തിൽ സഹകരിക്കണമെന്നും പൊലിസ് അറിയിച്ചു.
അതേസമയം ഈ വർഷത്തെ പുതുവത്സരാഘോഷത്തിന്റെ ഭാഗമായി, ദുബൈ നഗരത്തിലെ വിവിധ ഇടങ്ങളിൽ അതിഗംഭീരമായ വെടിക്കെട്ട് പ്രദർശനം ഒരുക്കുമെന്ന് അധികൃതർ അറിയിച്ചു. 2023 ഡിസംബർ 25-നാണ് ദുബൈ സെക്യൂരിറ്റി ഇൻഡസ്ട്രി റെഗുലേറ്ററി ഏജൻസി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
പുതുവർഷത്തെ വരവേൽക്കുന്നതിനായി ദുബൈയിലെ മുപ്പതിലധികം ഇടങ്ങളിൽ അതിശയിപ്പിക്കുന്ന വെടിക്കെട്ട് പ്രയോഗങ്ങൾ അരങ്ങേറുമെന്ന് SIRA അറിയിച്ചിട്ടുണ്ട്. ഈ ഇടങ്ങളിലെ വെടിക്കെട്ട് പ്രദർശനങ്ങളുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ, സുരക്ഷാ തയ്യാറെടുപ്പുകൾ എന്നിവ വിശകലനം ചെയ്‌തതായും ദുബൈ സെക്യൂരിറ്റി ഇൻഡസ്ട്രി റെഗുലേറ്ററി ഏജൻസി കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha