പുതുവത്സര ദിനത്തിൽ പൈസ അടയ്ക്കേണ്ട, യുഎഇയിലെ പ്രധാന എമിറേറ്റുകളില്‍ നാളെ സൗജന്യ പൊതുപാര്‍ക്കിങ് പ്രഖ്യാപിച്ചു
ആഘോഷ ദിവസങ്ങളിൽ രാജ്യത്തെ സ്വദേശികൾക്കും പ്രവാസികൾക്കും എന്തെങ്കിലുമൊക്കെ ഇളവുകൾ യുഎഇ പ്രഖ്യാപിക്കാറുണ്ട്. ഒരു ദിവസമെങ്കിൽ ഒരു ദിവസം കിട്ടുന്ന ഈ ആനുകൂല്യം ഉപയോഗപ്പെടുത്തുന്നവരാണ് അധികവും. പുതുവത്സര ദിനമായ നാളെ യുഎഇ ഒരു വമ്പൻ ഇളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. യുഎഇയിലെ പ്രധാന എമിറേറ്റുകളില്‍ അധികൃതര്‍ സൗജന്യ പൊതുപാര്‍ക്കിങ് പ്രഖ്യാപിച്ചു. ദുബായ്, അബുദാബി, ഷാര്‍ജ എമിറേറ്റുകളിലാണ് സൗജന്യ പാര്‍ക്കിങ് അനുവദിച്ചത്.
ചൊവ്വാഴ്ച മുതല്‍ പഴയ രീതിയിലുള്ള പാര്‍ക്കിങ് ഫീസ് സംവിധാനം തുടരും. ഞായറാഴ്ചകളില്‍ സൗജന്യ പാര്‍ക്കിങ് നിലവിലുള്ളതിനാല്‍ തുടര്‍ച്ചയായി രണ്ടു ദിവസമാണ് ദുബായില്‍ താമസക്കാര്‍ക്ക് സൗജന്യ പാര്‍ക്കിങ് ലഭിക്കുക. മള്‍ട്ടി ലെവല്‍ പാര്‍ക്കിങുകള്‍ ഒഴികെയുള്ള സ്ഥലങ്ങളിലാണ് പാര്‍ക്കിങ് സൗജന്യമാക്കിയതെന്ന് ദുബായ് റോഡ് ഗതാഗത അതോറിറ്റി അറിയിച്ചു.
ഷാര്‍ജ മുനിസിപ്പാലിറ്റിയും അബുദാബി മുനിസിപ്പാലിറ്റി ആന്റ് ട്രാന്‍സ്പോര്‍ട്ട് വകുപ്പിന്റെ ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്ററും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയാണ് സൗജന്യ പാര്‍ക്കിങ് വിവരം പ്രഖ്യാപിച്ചത്. ഷാര്‍ജയില്‍, ഏഴ് ദിവസത്തെ പണമടച്ചുള്ള പബ്ലിക് പാര്‍ക്കിങ് സോണുകള്‍ക്ക് ഈ ഇളവ് ബാധകമല്ല. അവ ആഴ്ച മുഴുവനും പ്രവര്‍ത്തനക്ഷമമായി തുടരും.
എന്നാല്‍ സാധാരണ ഫീസ് ഞായറാഴ്ചകളില്‍ ബാധകമാണ്. അബുദാബിയില്‍ മുസ്സഫ എം-18 ട്രക്ക് പാര്‍ക്കിങ് സ്ഥലത്തും പാര്‍ക്കിങ് സൗജന്യമായിരിക്കും. നിരോധിത സ്ഥലങ്ങളില്‍ പാര്‍ക്കിങ് ഒഴിവാക്കാനും ഗതാഗതം ശരിയായ രീതിയില്‍ നിലനിര്‍ത്താനും ഐടിസി ഡ്രൈവര്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിയുക്ത സ്ഥലങ്ങളില്‍ ഉചിതമായ രീതിയില്‍ പാര്‍ക്ക് ചെയ്യണമെന്നും രാത്രി 9 മുതല്‍ രാവിലെ 8 വരെ പാര്‍പ്പിട പാര്‍ക്കിങ് സ്ഥലങ്ങള്‍ ഒഴിവാക്കണമെന്നും ഡ്രൈവര്‍മാരോട് അഭ്യര്‍ത്ഥിച്ചു.
https://www.facebook.com/Malayalivartha