പുതുവർഷത്തെ രണ്ട് ഗിന്നസ് റെക്കോർഡുകളാൽ വരവേറ്റ് യുഎഇ, റാസൽഖൈമയിൽ നടന്ന വെടിക്കെട്ട് ആഘോഷത്തിന്റെ ഭാഗമായി രണ്ട് റെക്കോർഡുകൾ സ്വന്തമാക്കി
ലോകം 2024 നെ വൻ ആഘോഷങ്ങളോടെ വരവേറ്റപ്പോൾ അതിൽ മുന്നിൽ നിന്ന രാജ്യമാണ് യുഎഇ. പുതുവർഷത്തെ വളരെ ഗംഭീരമായി വരവേറ്റ യുഎഇ രണ്ട് ഗിന്നസ് റെക്കോർഡുകളാണ് ഇത്തവണ സ്വന്തമാക്കിയത്. കഴിഞ്ഞ തവണയും പുതുവർഷാഘോഷത്തിൽ യുഎഇ റെക്കോർഡുകൾ വാരിക്കൂട്ടിയിരുന്നു. റാസൽഖൈമ എമിറേറ്റിൽ നടന്ന വെടിക്കെട്ട് ആഘോഷത്തിന്റെ ഭാഗമായാണ് രണ്ട് റെക്കോർഡുകൾ നേടിയത്. അൽമർജാൻ ഐലൻഡ് മുതൽ അൽഹംറ വില്ലേജുവരെ നീളുന്ന വെടിക്കെട്ടു കാണാൻ ഇത്രയും സ്ഥലങ്ങളിൽ ജനങ്ങൾ അണിനിരന്നു.
എട്ട് മിനിറ്റ് ദൈർഘ്യമുള്ള വെടിക്കെട്ടും ഡ്രോൺ പ്രദർശനവുമായാണ് എമിറേറ്റ് പുതുവർഷത്തിൽ വർണ വിസ്മയം തീർത്തത്. മൊത്തം 5.8 കിലോമീറ്റർ നീളമുള്ള ‘അക്വാറ്റിക് ഫ്ലോട്ടിംഗ് പടക്കങ്ങളുടെ ദൈർഘ്യമേറിയ ശൃംഖല’ ഒരുക്കിയതാണ് ഒരു ഗിന്നസ് നേട്ടം. ‘ദൈർഘ്യമേറിയ നേർരേഖ ഡ്രോണുകളുടെ പ്രദർശന’ത്തിനാണ് മറ്റൊരു ഗിന്നസ് റെക്കോർഡ്. ആകെ 2 കിലോമീറ്റർ നീളത്തിലായിരുന്നു ഡ്രോണുകളുടെ പ്രദർശനം.
1,050 എൽഇഡി ഡ്രോണുകൾ, അക്വാട്ടിക് ഫ്ലോട്ടിംഗ് പടക്കങ്ങളുടെ ഒരു ‘കാർപെറ്റ്’, അക്രോബാറ്റിക് പൈറോ പ്ലെയിൻ ഡിസ്പ്ലേ എന്നിവയുടെ സംയുക്തമായ പ്രദർശനമാണ് റാസൽഖൈമയിൽ ഒരുക്കിയത്. കാഴ്ചക്കാർക്ക് ആനന്ദത്തിനൊപ്പം അത്ഭുതവും നൽകുന്നതായിരുന്നു റാസൽഖൈമയിലെ വെടിക്കെട്ട് ആഘോഷം. റാസൽഖൈമയുടെ പ്രകൃതി വിസ്മയങ്ങളായ മരുഭൂമി, കടൽ, പർവതങ്ങൾ എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് തകർപ്പൻ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചായിരുന്നു പ്രദർശനം നടന്നത്. വിവിധ എമിറേറ്റുകളിൽ നിന്നുള്ളവർ തണുപ്പും മഞ്ഞും അവഗണിച്ച് കുടുംബസമേതം നേരത്തേ തന്നെ ഇവിടെ എത്തിയിരുന്നു.
പലരും മണിക്കൂറുകൾ എടുത്താണ് ലക്ഷ്യസ്ഥാനത്ത് എത്തിയത്. ജനം തിങ്ങി നിറഞ്ഞതോടെ ഫെസ്റ്റിവൽ കേന്ദ്രങ്ങളിലേക്കുള്ള ഗതാഗതം തിരിച്ചുവിട്ടു. പുതുവർഷം പ്രമാണിച്ച് ഇന്ന് അവധിയായത് സന്ദർശകരുടെ ഒഴുക്ക് കൂട്ടി. സുരക്ഷയൊരുക്കാൻ കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു. ഗതാഗതക്കുരുക്കിൽപെട്ട് മുന്നോട്ടു നീങ്ങാനാകാതെ ആയിരക്കണക്കിന് ജനങ്ങൾ താഴ്‍വാരത്തിലും സമീപ പ്രദേശങ്ങളിലെ റോഡിലും മരുഭൂമിയിലും നിന്നും വാഹനത്തിലിരുന്നുമാണ് ലോക റെക്കോർഡ് ഭേദിക്കുന്ന വെടിക്കെട്ട് ആസ്വദിച്ചത്.
ദുബായിൽ ലോകത്തെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുർജ് ഖലീഫയിലെ വെടിക്കെട്ട് കാണാനും വൻ ജനാവലി എത്തിയിരുന്നു. ദുബായിൽ മാത്രം 38,000 ടൺ വെടിമരുന്ന് ഉപയോഗിച്ചാണ് അവിസ്മരണീയ ദൃശ്യവിരുന്ന് സമ്മാനിച്ചത്. അബുദാബി കോർണിഷ്, എമിറേറ്റ്സ് പാലസ്, യാസ് മറീന, അൽ മർയ ഐലൻഡ്, ഹസ്സ ബിൻ സായിദ് സ്റ്റേഡിയം അൽഐൻ, അൽ ദഫ്റ ഫെസ്റ്റിവൽ, മദീനാ സായിദ് എന്നിവിടങ്ങളിൽ നടന്ന വെടിക്കെട്ട് ആസ്വദിക്കാനും ആയിരങ്ങൾ എത്തിയിരുന്നു.
https://www.facebook.com/Malayalivartha