ദുബൈയിൽ അപകടകരമായ രീതിയില്‍ ലാന്‍ഡ് ചെയ്തു, എയര്‍ ഇന്ത്യ വിമാനം ഹാര്‍ഡ് ലാന്‍ഡിങ് നടത്തിയ പിന്നാലെ പൈലറ്റിനെ സസ്പെന്റ് ചെയ്തു
വിമാനാപകടം വളരെ ചുരുക്കമായി മാത്രമേ സംഭവിക്കാറുള്ളൂവെങ്കിലും അപകടം സംഭവിച്ചാൽ അത് വൻ ദുരന്തത്തിലായിരിക്കും കലാശിക്കുക. അതിനാൽ വിമാനം പുറപ്പെടുന്നതതിന് മുമ്പ് തന്നെ സുരക്ഷാ പരിശോധന നടത്താറുണ്ട്. എന്തെങ്കിലും തരത്തിലുള്ള തകരാർ കണ്ടെത്തിയാൽ അത് പരിഹരിച്ച ശേഷം മാത്രമാണ് യാത്ര പുറപ്പെടുന്നത്. ചിലപ്പോൾ സർവീസ് റദ്ദാക്കുന്ന അവസ്ഥയിലേക്ക് വരെ കാര്യങ്ങൾ എത്തും. യാത്രക്കാരെ സുരക്ഷിതമായി ലക്ഷ്യ സ്ഥാനത്ത് എത്തിക്കുക എന്നത് പൈലറ്റിന്റെ കൂടി ഉത്തരവദിത്വമാണ്.
നിരവധി യാത്രക്കാരുടെ ജീവൻ അപകടത്തിലാകാൻ ഒരു ചെറിയ അശ്രദ്ധമതി. ഇപ്പോൾ ദുബൈയിൽ അപകടകരമായ രീതിയില്‍ എയര്‍ ഇന്ത്യ വിമാനം ലാന്‍ഡ് ചെയ്ത പൈലറ്റിനെ സസ്പെന്റ് ചെയ്തിരിക്കുകയാണ്. പൈലറ്റിന്റെ പേരുവിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. കൊച്ചിയില്‍ നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം ദുബായ് വിമാനത്താവളത്തില്‍ അപകടകരമായ രീതിയില്‍ ലാന്‍ഡ് ചെയ്ത പിന്നാലെയാണ് പൈലറ്റിനെ ജോലിയില്‍ നിന്ന് മാറ്റിനിര്‍ത്തിയ നടപടി.
ഡിസംബര്‍ 20ന് കൊച്ചിയില്‍നിന്ന് പുറപ്പെട്ട വിമാനം ഹാര്‍ഡ് ലാന്‍ഡിങ് നടത്തിയ സംഭവത്തിലാണ് നടപടി. അപകടകരമായ രീതിയിലാണ് വിമാനം നിലത്തിറക്കിയതെങ്കിലും അത്യാഹിതമൊന്നും സംഭവിക്കാതെ വിമാനം സുരക്ഷിതമായി നിര്‍ത്താൻ സാധിച്ചു. ഇതിന് പിന്നാലെ എയര്‍ ഇന്ത്യ അധികൃതര്‍ അന്വേഷണം ആരംഭിക്കുകയും പൈലറ്റിനെ ജോലിയില്‍ നിന്ന് സസ്‌പെന്റ് ചെയ്യുകയും ചെയ്തതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ചട്ടങ്ങള്‍ അനുസരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അത് പൂര്‍ത്തിയാകുന്നതുവരെ പൈലറ്റിനെ പറക്കാന്‍ അനുവദിക്കില്ലെന്നും എയര്‍ ഇന്ത്യ വക്താവ് അറിയിച്ചു.
വിമാനം ദുബായില്‍ ഒരാഴ്ചയോളം നിര്‍ത്തിയിട്ട് പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ഇന്ത്യയിലേക്ക് തിരിച്ചുപോകാന്‍ അനുവാദം നല്‍കിയത്. ഹാര്‍ഡ് ലാന്‍ഡിങിനിടെ ലാന്‍ഡിങ് ഗിയറിന് കേടുപാടുകള്‍ സംഭവിച്ചിരുന്നില്ല. എ320 വിമാനത്തിന് അധികം പഴക്കമില്ലാത്തതാണ് ഇതിന് കാരണമെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. സംഭവത്തിന് ശേഷം വിമാനം സര്‍വീസിന് ഉപയോഗിച്ചിട്ടില്ല.
അതേസമയം നേരത്ത തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്‍റെ പൈലറ്റിനേയും സസ്പെൻഡ് ചെയ്തിരുന്നു. ടേക്ക് ഓഫിനിടെ പിൻഭാഗം റൺവേയിൽ ഉരഞ്ഞ സംഭവത്തിലായിരുന്നു നടപടി. ഭാര നിർണയത്തിൽ പൈലറ്റിനുണ്ടായ പിഴവാണ് തകരാറിന് കാരണമെന്നാണ് വിലയിരുത്തൽ. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും ദമാമിലേക്ക് പറക്കവേ ഹൈഡ്രോളിക് തകരാർ മൂലം വിമാനം അടിയന്തര ലാൻഡിംഗ് നടത്തിയത്.
പറന്നുയര്‍ന്നപ്പോള്‍ പിൻഭാഗം റണ്‍വേയില്‍ തട്ടിയാണ് സാങ്കേതിക തകരാര്‍ സംഭവിച്ചത്.കോഴിക്കോട് നിന്നും പുറപ്പെട്ട വിമാനത്തിൽ 182 യാത്രക്കാണുണ്ടായിരുന്നത്. വിമാനത്താവളത്തിന്‍റെ ഭാഗത്ത് എത്തിയതിന് ശേഷം ഇന്ധനം കളഞ്ഞാണ് വിമാനം നിലത്തിറക്കിയത്. ആദ്യം കൊച്ചിയിൽ ഇറങ്ങാൻ ഉദ്ദേശിച്ച വിമാനം പിന്നീട് സുരക്ഷിത ലാൻഡിംഗ് മുൻനിർത്തി തിരുവനന്തപുരത്ത് ലാൻഡ് ചെയ്യുകയായിരുന്നു.
https://www.facebook.com/Malayalivartha