ഇനി പറക്കാം, കുറഞ്ഞ ചെലവിൽ, ടിക്കറ്റ് നിരക്കിനൊപ്പം ഇന്ധന ചാർജ് ഈടാക്കുന്നത് നിർത്തി ഇൻഡിഗോ, ഇന്ത്യ – യുഎഇ ടിക്കറ്റ് നിരക്ക് 400 ദിർഹത്തിൽ താഴേക്ക്
പ്രവാസികളുടെ ഏറെ നാളായുള്ള ആവശ്യമാണ് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുറയ്ക്കണമെന്നത്. എന്നാൽ ഇപ്പോൾ അതിൽ ഒരു ചെറിയ ആശ്വാസമായി ടിക്കറ്റ് നിരക്ക് കുറയുകയാണ് ഇന്ത്യൻ ബജറ്റ് വിമാനക്കമ്പനിയായ ഇൻഡിഗോ എയർലൈൻസ്. ടിക്കറ്റ് നിരക്കിനൊപ്പം ഇന്ധന ചാർജ് ഈടാക്കുന്നത് വിമാന കമ്പനി താത്കാലികമായി നിർത്തിവച്ചതാണ് യത്രക്കാർക്ക് കുറഞ്ഞ ടിക്കറ്റ് ലഭ്യമാക്കുന്നതിലേക്ക് നയിച്ചത്.
2024 ജനുവരി 04 മുതൽ ആഭ്യന്തര, അന്തർദേശീയ റൂട്ടുകളിൽ ബാധകമായ ഇന്ധന ചാർജ് നീക്കം ചെയ്യുന്നതായി തങ്ങളുടെ യാത്രക്കാരെ അറിയിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ഇൻഡിഗോ അധികൃതർ പ്രസ്താവനയിൽ അറിയിച്ചു.ഇതോടെ 400 ദിർഹത്തിൽ താഴേയാണ് ഇന്ത്യ – യുഎഇ ടിക്കറ്റ് നിരക്ക്. ഡൽഹി, മുംബൈ, കേരളത്തിന്റെ ചില ഭാഗങ്ങളിലേക്ക് നിലവിൽ ടിക്കറ്റ് നിരക്ക് 400 ദിർഹത്തിൽ താഴെയാണ്. ഇൻഡിഗോയുടെ പുതിയ തീരുമാനമനുസരിച്ച് ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ടിക്കറ്റ് നിരക്ക് വളരെ കുറവായിരിക്കും. എന്നാൽ വലിയ രീതിയിലൊന്നും
വിമാന ടിക്കറ്റുകളിൽ ഇളവ് പ്രരതീക്ഷിക്കേണ്ടെന്നും 300 രൂപ മുതൽ 1,000 രൂപയുടെ വരെ കുറവ് പ്രതീക്ഷിക്കാമെന്നുമാണ് ഈ രംഗത്തുള്ളവർ പറയുന്നത്. എങ്കിൽ പോലും അത്രയെങ്കിലും ലാഭം വിമാനടിക്കറ്റിൽ യാത്രക്കാർക്ക് പ്രതീക്ഷിക്കാം. യാത്രാദൂരത്തിന്റെ അടിസ്ഥാനത്തിലാണു ഇൻഡിഗോ ഇന്ധനനിരക്ക് നിശ്ചയിച്ചിരുന്നത്. പരമാവധി 1000 രൂപ വരെയാണ് ഈടാക്കിയിരുന്നത്.
ഗൾഫിൽ നിന്നു കേരളത്തിലേക്കുള്ള യാത്രാ നിരക്കിൽ ചുരുങ്ങിയത് 800 രൂപയുടെ വർധനയുണ്ടായിരുന്നു. തീരുമാനം പിൻവലിക്കുന്നതോടെ ഡൽഹി–കൊച്ചി യാത്രയിൽ ഏകദേശം 650 രൂപയുടെയും മുംബൈ–കൊച്ചി യാത്രയിൽ 550 രൂപയുടെയും ചെന്നൈ–കൊച്ചി യാത്രയിൽ 400 രൂപയുടെയും കുറവുണ്ടാകും.
2023 ഒക്ടോബർ ആറിനായിരുന്നു ഇന്ധന ചാർജ് ഈടാക്കി ടിക്കറ്റ് നൽകാൻ ഇൻഡിഗോ തീരുമാനിച്ചത്. ഒക്‌ടോബർ ആദ്യം ഇൻഡിഗോ പ്രഖ്യാപിച്ച ഇന്ധന ചാർജ്ജ് പ്രകാരം ടിക്കറ്റ് ചാർജ്ജിൽ 300 മുതൽ 1,000 രൂപ വരെ വ്യത്യാസം വന്നിരുന്നു. എന്നാൽ ഏവിയേഷൻ ടർബൈൻ ഫ്യുവർ പ്രൈസിൽ (എടിഎഫ്) കുറവ് വന്നതോടെ ടിക്കറ്റ് നിരക്കിൽ നിന്നും ഇന്ധന ചാർജ് ഒഴിവാക്കാമെന്ന തീരുമാനത്തിലെത്തുകയായിരുന്നു കമ്പനി.
ഒക്ടോബറിന് ശേഷം മൂന്ന് തവണയാണ് എടിഎഫിൽ കുറവ് രേഖപ്പെടുത്തിയത്. എടിഎഫിൽ ഇനിയും വ്യതിയാനം സംഭവിക്കാമെന്നതിനാൽ ടിക്കറ്റ് നിരക്കിൽ വ്യത്യാസം വരുത്താൻ സാധ്യതയുണ്ടെന്നും ഇൻഡിഗോ വ്യക്തമാക്കി.
https://www.facebook.com/Malayalivartha