ജോലിക്കിടെ ഷോർട്ട് സർക്യൂട്ട്, സൗദിയിൽ ഗുരുതരമായി തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു
സൗദിയിൽ ജോലിക്കിടെ തീപ്പൊള്ളലേറ്റ മലയാളി യുവാവ് മരിച്ചു. ആലപ്പുഴ സ്വദേശി റിജിൽ രവീന്ദ്രൻ (28) ആണ് റിയാദിൽ മരിച്ചത്. ഇലക്ട്രിക്കൽ ജോലിക്കിടെ ഷോർട്ട് സർക്യൂട്ട് മൂലം തീപ്പൊള്ളലേറ്റ് റിയാദിലെ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. ഡിസംബർ 11ന് റിയാദിൽ നിന്ന് 767 കിലോമീറ്ററകലെ റഫ്ഹ പട്ടണത്തിലുള്ള ജോലിസ്ഥലത്താണ് അപകടമുണ്ടായത്. സ്വകാര്യ കൺസ്ട്രക്ഷൻ കമ്പനിയിൽ ഇലക്ട്രീഷ്യനായ റിജിൽ ജോലി ചെയ്യുന്നതിനിടെ രാവിലെ 10ഓടെ വൈദ്യുതി ഷോർട്ട് സർക്യൂട്ട് മൂലം തീപിടിക്കുകയായിരുന്നു.
ശരീരത്തിലേക്ക് തീ ആളിപ്പിടിച്ചു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേൽക്കുകയായിരുന്നു. എഴുപതുശതമാനത്തോളം റിജിലിന് പൊള്ളലേറ്റിരുന്നു. ഉടൻ തന്നെ റഫ്ഹ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 13ാം തീയതി മെഡിക്കൽ വിമാനത്തിൽ റിയാദ് ശുമൈസിയിലെ കിങ് സഊദ് ആശുപത്രിയിൽ എത്തിച്ചു. ഇവിടെ തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞുവരുന്നതിനിടെ ഏഴാം തീയതി രാത്രി എട്ടോടെ മരിച്ചത്.
ഒന്നര വർഷം മുമ്പാണ് കമ്പനിയിലേക്ക് ഇലക്ട്രീഷ്യൻ ജോലിക്കായി നാട്ടിൽനിന്നെത്തിയത്. വന്ന ശേഷം നാട്ടിൽ പോയിട്ടില്ല. അപകടമുണ്ടായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത് മുതൽ ഇതുവരെ ഒപ്പം നിന്ന് പരിചരണം നൽകിയത് സഹപ്രവർത്തകനായ കിളിമാനൂർ സ്വദേശി അഖിലാണ്.
മഹാദേവിക്കാട് പാണ്ട്യാലയിൽ പടീറ്റതിൽ രവീന്ദ്രൻ, ജഗദമ്മ ദമ്പതികളുടെ മകനാണ് റിജിൽ. ഒരു സഹോദരനുണ്ട്. അവിവാഹിതനാണ്. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് അഖിലിനെ സഹായിക്കാൻ ഒ.ഐ.സി.സി എറണാകുളം ജില്ല പ്രസിഡൻറ് മാത്യു ജോസഫ്, ജീവകാരുണ്യ കൺവീനർ ഷിജോ ചാക്കോ എന്നിവർ രംഗത്തുണ്ട്.
https://www.facebook.com/Malayalivartha