പെട്ടിയിൽ ഒളിച്ച് രാജ്യത്തേക്ക് കടക്കാൻ ശ്രമം, യുഎഇയിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച രണ്ട് പേർ പിടിയിൽ
അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കുന്നവരെ പൂട്ടാനായി രണ്ടുംകൽപ്പിച്ച് പരിശോധന തുടരുകയാണ് യുഎഇ. അതിനിടയിൽ പെട്ടിയിൽ ഒളിച്ച് രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ച 2 പേർ പിടിയിലായിരിക്കുകയാണ്. ഷാർജ പോർട്ട് കസ്റ്റംസ് ആൻഡ് ഫ്രീസോൺ അതോറിറ്റി ആണ് ഇവരെ പിടികൂടിയത്. വാഹനത്തിനുള്ളിൽ ഒളിച്ച് രാജ്യത്തേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നു. വാഹന പരിശോധനയ്ക്കിടെയാണ് ഇരുവരും അതിർത്തിയിൽ പിടിയിലായതെന്നു കസ്റ്റംസ് ഉദ്യോഗസ്ഥൻ മുഹമ്മദ് ഇബ്രാഹിം അൽ റഈസി പറഞ്ഞു.
പുറത്തു കാണാൻ കഴിയാത്ത രീതിയിൽ വിദഗ്ധമായാണ് വാഹനത്തിൽ ലഗേജിനുള്ളിൽ ഇരുവരും ഒളിച്ചിരുന്നത്. റേഡിയോളജിക്കൽ സ്കാനിങ് സംവിധാനം വഴിയാണ് ഇരുവരെയും കണ്ടെത്തിയത്. വാഹനത്തിന്റെ പിന്നിൽ ഇരു പെട്ടിയുണ്ടാക്കി അതിലാണ് ഇരുവരെയും ഒളിപ്പിച്ചത്. അതോറിറ്റിയുടെ പിടിയിലായവരെയും വാഹനവും നിയമ നടപടികൾക്കായി ബന്ധപ്പെട്ട കേന്ദ്രങ്ങൾക്ക് കൈമാറി.എന്നാൽ പിടിയിലായവർ ഏതു രാജ്യക്കാരാണ് വെളിപ്പെടുത്തിയിട്ടില്ല.
നേരത്തെ കോൺക്രീറ്റ് മിക്സറിൽ രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ച 22 പേരെ അതിർത്തി സുരക്ഷാവിഭാഗം പിടികൂടിയിരുന്നു. ഖത്ത്മാത്ത് മലാഹ അതിർത്തിയിലൂടെ കടക്കാൻ ശ്രമിച്ച ഇവരെ ഷാർജ സീപോർട്ട്സ് ആൻഡ് കസ്റ്റംസ് വകുപ്പുമായി സഹകരിച്ച് ഫെഡറൽ കസ്റ്റംസ് അതോറിറ്റി ആണ് പിടികൂടിയത്. രാജ്യത്തേക്ക് അനധികൃതമായി നുഴഞ്ഞ് കയറാൻ ശ്രമങ്ങൾ നടക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ ശക്തമായ നിരീക്ഷണത്തിലാണ് ഇവർ അകപ്പെട്ടത്.
പരിശോധനാ ഘട്ടത്തിൽ ഉപയോഗിക്കുന്ന എക്സ്റേസ്കാനറിലൂടെയാണ് സിമന്റ് മിക്സറിൽ ഒളിപ്പിച്ച 22 നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തിയത്. 21 ഏഷ്യക്കാരും ഒരു ആഫ്രിക്കൻ വനിതയുമാണ് ഇതിനകത്ത് ഉണ്ടായിരുന്നത്. സുരക്ഷാകവചം ഒരുക്കിയാണ് നുഴഞ്ഞു കയറ്റക്കാരെ കൽബ പൊലീസ് മിക്സറിൽ നിന്ന് പുറത്തിറക്കി അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha