കൂടുതല്‍ പ്രതിഭകളെയും നിക്ഷേപകരെയും ആകര്‍ഷിക്കുക ലക്ഷ്യം, പുതിയ അഞ്ച് തരം വിസകള്‍ പ്രഖ്യാപിച്ച് സൗദി, പ്രീമിയം ഇഖാമയുടെ നേട്ടങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം..
പുതിയ അഞ്ച് തരം വിസകള്‍ പ്രഖ്യാപിച്ച് സൗദി അറേബ്യ. സ്പോണ്‍സര്‍ ഇല്ലാതെ സ്വന്തംനിലയില്‍ രാജ്യത്ത് താമസിക്കാനും ജോലിചെയ്യാനും അനുവാദം ലഭിക്കുന്ന പ്രീമിയം ഇഖാമ അഞ്ചു വിഭാഗങ്ങളിലായി നല്‍കാനാണ് തീരുമാനം. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ കാഴ്ചപ്പാടിന് അനുസൃതമായാണ് കൂടുതല്‍ പ്രതിഭകളെയും നിക്ഷേപകരെയും ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള അഞ്ച് പുതിയ പ്രീമിയം റെസിഡന്‍സി വിഭാഗങ്ങള്‍ ആരംഭിക്കുന്നത്. പ്രത്യേക കഴിവുള്ളവര്‍, പ്രതിഭകള്‍, നിക്ഷേപകര്‍, സംരംഭകര്‍, റിയല്‍ എസ്റ്റേറ്റ് ഉടമകള്‍ എന്നിങ്ങനെ പ്രീമിയം ഇഖാമ അഞ്ചു വിഭാഗമാക്കിയതായി പ്രീമിയം റെസിഡന്‍സി സെന്റര്‍ ചെയര്‍മാന്‍ ഡോ. മാജിദ് ബിന്‍ അബ്ദുല്ല അല്‍ഖസബി അറിയിച്ചു.
സ്‌പെഷ്യല്‍ ടാലന്റ് റെസിഡന്‍സി:- ആരോഗ്യ സംരക്ഷണം, ശാസ്ത്രം, ഗവേഷണം എന്നിവയില്‍ വൈദഗ്ധ്യമുള്ള എക്‌സിക്യൂട്ടീവുകള്‍ക്കും പ്രൊഫഷണലുകള്‍ക്കും.ഗിഫ്റ്റ് റെസിഡന്‍സി:- സംസ്‌കാരം, കല, കായികം എന്നീ രംഗങ്ങളില്‍ കഴിവ്‌തെളിയിച്ച വ്യക്തികള്‍ക്കും സ്‌പെഷ്യലിസ്റ്റുകള്‍ക്കും.നിക്ഷേപക റെസിഡന്‍സി:- സൗദിയില്‍ വിവിധ മേഖലകളില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്ന ബിസിനസുകാര്‍ക്കും നിക്ഷേപകര്‍ക്കും.എന്റര്‍പ്രണര്‍ റെസിഡന്‍സി:- സൗദിയില്‍ നൂതന കമ്പനികള്‍ ആരംഭിക്കാനോ വികസിപ്പിക്കാനോ ആഗ്രഹിക്കുന്ന നൂതന ആശയങ്ങളുള്ള സംരംഭകരും പ്രോജക്ട് ഉടമകളും. റിയല്‍ എസ്റ്റേറ്റ് റെസിഡന്‍സി- റിയല്‍ എസ്റ്റേറ്റ് കൈവശമുള്ളവരും രാജ്യത്തിന്റെ അസാധാരണമായ ജീവിത നിലവാരം ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നവരുമായ വ്യക്തികള്‍ക്ക്. ഇവയാണ് അഞ്ച് പുതിയ സൗദി പ്രീമിയം റെസിഡന്‍സി വിസകൾ.
പ്രീമിയം റെസിഡന്‍സി ഇഖാമകള്‍ ഓരോ വര്‍ഷവും പുതുക്കാവുന്ന വിധത്തിലും ആജീവനാന്ത കാലത്തേക്കുള്ളതും ലഭ്യമാണ്. ഓരോ വിഭാഗത്തിനും ഒറ്റത്തവണ ഫീസായി 4,000 സൗദി റിയാല്‍ (88,565 രൂപ) അടയ്ക്കണം. അണ്‍ലിമിറ്റഡ് പ്ലാനിന് 800,000 സൗദി റിയാലും (1,77,11,327 രൂപ) ഒരു വര്‍ഷത്തെ പ്ലാനിന് 100,000 സൗദി റിയാലും (22,13,915 രൂപ) മുന്‍കൂര്‍ പേയ്മെന്റ് ആവശ്യമാണ്.
പ്രീമിയം ഇഖാമയുടെ നേട്ടങ്ങള്‍ നിരവധിയാണ്. വിദേശികള്‍ക്കും ആശ്രിതര്‍ക്കുമുള്ള ലെവി ഇളവ്, കുടുംബാംഗങ്ങള്‍ക്കുള്ള ഇഖാമ, വിസയില്ലാതെ സൗദിയില്‍ നിന്ന് പുറത്തുപോകല്‍, രാജ്യത്ത് തിരികെ പ്രവേശിക്കല്‍, ഫീസുകളില്ലാതെ ഒരു സ്ഥാപനത്തില്‍ നിന്ന് മറ്റൊരു സ്ഥാപനത്തിലേക്ക് സ്വതന്ത്രമായ തൊഴില്‍ മാറ്റം, ബന്ധുക്കള്‍ക്കുള്ള വിസിറ്റ് വിസ, മാതാപിതാക്കളും ഭാര്യമാരും 25ല്‍ കുറവ് പ്രായമുള്ള മക്കളും അടക്കം കുടുംബത്തോടൊപ്പം താമസിക്കാം. രാജ്യത്ത് വാഹനങ്ങളും മറ്റ് ഗതാഗത മാര്‍ഗ്ഗങ്ങളും സ്വന്തമാക്കാനും ലൈസന്‍സ് നേടാനും അനുവദിക്കുന്നു.
റിയല്‍ എസ്റ്റേറ്റ് ഉടമകള്‍ക്കുള്ള പ്രീമിയം ഇഖാമ നേടുന്നവര്‍ക്ക് എയര്‍പോര്‍ട്ടുകള്‍ അടക്കമുള്ള അതിര്‍ത്തി പ്രവേശന കവാടങ്ങളില്‍ സൗദി പൗരന്മാര്‍ക്കും ഗള്‍ഫ് പൗരന്മാര്‍ക്കുമുള്ള പ്രത്യേക ട്രാക്കുകള്‍ ഉപയോഗിക്കല്‍, ഭാര്യക്കും മക്കള്‍ക്കും സ്വകാര്യ സ്ഥാപനങ്ങളില്‍ തൊഴില്‍, തൊഴില്‍ മാറ്റ സ്വാതന്ത്ര്യം, നിക്ഷേപ നിയമം അനുസരിച്ച് രാജ്യത്ത് റിയല്‍ എസ്റ്റേറ്റ് സ്വന്തമാക്കാനുള്ള അവകാശം അടക്കമുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും.
https://www.facebook.com/Malayalivartha