വിദേശ തൊഴിലാളികളുടെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുക ലക്ഷ്യം, സൗദിയിൽ പ്രവാസികളുടെ പാസ്‌പോർട്ട് തടഞ്ഞുവയ്ക്കുന്ന സ്പോൺസർമാർക്ക് 15 വർഷം വരെ തടവ് ശിക്ഷ
സ്വദേശിവത്ക്കരണം ഒരു ഭാഗത്ത് നടത്തുമ്പോഴും അടുത്തിടെയായി രാജ്യത്തുള്ള പ്രവാസി തൊഴിലാളികളെ ചേർത്ത് നിർത്തുന്ന തീരുമാനമാണ് സൗദി എടുക്കുന്നത്. പ്രവാസികളുടെ അവകാശങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകുകയാണ് രാജ്യം. സൗദിയിൽ പ്രവാസികളുടെ പാസ്‌പോർട്ട് തടഞ്ഞുവയ്ക്കുന്ന സ്പോൺസർമാർക്ക് 15 വർഷം വരെ തടവ് ശിക്ഷ ലഭിക്കും. 10 ലക്ഷം സൗദി റിയാല്‍ പിഴയായി ലഭിച്ചേക്കാം. പാസ്‌പോര്‍ട്ട് സൂക്ഷിക്കാന്‍ ഉടമയ്ക്ക് മാത്രമാണ് അവകാശം.
തൊഴിലുടമകള്‍ ഇത് കൈവശംവയ്ക്കുന്നത് സൗദി നിയമപ്രകാരം മനുഷ്യക്കടത്ത് എന്ന നിലയിൽ കുറ്റകൃത്യമാണെന്ന് സൗദി അഭിഭാഷകനായ സെയ്ദ അല്‍ ഷഅ്‌ലാന്‍ സമൂഹമാധ്യമത്തിലൂടെ മുന്നറിയിപ്പ് നല്‍കിയതായി ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. വിദേശ തൊഴിലാളികളുടെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് ഇത് സംബന്ധിച്ച നിയമവ്യവസ്ഥകള്‍ ശക്തിപ്പെടുത്തുന്നത്. 32.2 ദശലക്ഷം ജനസംഖ്യയുള്ള സൗദി അറേബ്യയിലെ വിദേശ തൊഴിലാളികളുടെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് ഇത് സംബന്ധിച്ച നിയമവ്യവസ്ഥകള്‍ ശക്തമാക്കുന്നത്.
അതുപോലെ ജോലി അവസാനിച്ചാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ തൊഴിലാളിയുടെ സര്‍വീസ് ആനുകൂല്യങ്ങള്‍ നല്‍കണമെന്നാണ് സൗദി കമ്പനികൾക്ക് നൽകിയിരിക്കുന്ന നിര്‍ദേശം. പലപ്പോഴും ഇത് നീണ്ടുപോകുന്ന സാഹചര്യം ഉണ്ടാകാറുണ്ട്. തൊഴിലുടമ കരാര്‍ അവസാനിപ്പിക്കുന്ന ഘട്ടത്തിലാണ് ഒരാഴ്ചയ്ക്കുള്ളില്‍ സര്‍വീസ് ആനുകൂല്യങ്ങള്‍ നൽകേണ്ടത്. സര്‍വീസ് ആനുകൂല്യത്തിനൊപ്പം ഇതുവരെയുള്ള മുഴുവന്‍ വേതനവും അലവന്‍സ് കുടിശ്ശികയും തീര്‍ത്തുനല്‍കണം.
കാലയളവ് പ്രത്യേകം നിര്‍ണയിച്ച തൊഴില്‍ കരാറാണെങ്കിലും അല്ലെങ്കിലും ജീവനക്കാര്‍ക്ക് സര്‍വീസ് ആനുകൂല്യങ്ങള്‍ നല്‍കേണ്ടത് നിര്‍ബന്ധമാണ്. അതുപോലെ തൊഴിലാളിയാണ് കരാര്‍ അവസാനിപ്പിക്കുന്നതെങ്കില്‍ 15 ദിവസത്തിനകം സര്‍വീസ് ആനുകൂല്യം നല്‍കണമെന്നാണ് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം നിര്‍ദേശിച്ചത്.
സര്‍വീസ് ആനുകൂല്യം നല്‍കല്‍ ബാധകമല്ലാത്ത നാലു സാഹചര്യങ്ങളും മന്ത്രാലയം വിശദീകരിച്ചു. ഈ സാഹചര്യം ഉണ്ടായാൽ പ്രാവസികൾ സര്‍വീസ് ആനുകൂല്യത്തിന് അർഹരല്ലെന്നാണ് മന്ത്രാലയം വ്യക്തമാക്കുന്നത്. ജോലിക്ക് ചേര്‍ന്ന് രണ്ടുവര്‍ഷത്തിനുള്ളില്‍ തൊഴിലാളി രാജിവച്ചാല്‍ ആനുകൂല്യമുണ്ടാവില്ല.
പ്രൊബേഷന്‍ കാലത്ത് പിരിച്ചുവിടല്‍, നിയമാനുസൃത കാരണമില്ലാതെ തുടര്‍ച്ചയായി 15 ദിവസം ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുകയോ നിയമാനുസൃത കാരണമില്ലാതെ ഒരു വര്‍ഷത്തിനിടെ പലതവണയായി 30 ദിവസം ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുകയോ ചെയ്താലും സര്‍വീസ് ആനുകൂല്യം നിഷേധിക്കപ്പെടും.
https://www.facebook.com/Malayalivartha