മതിയായ രേഖകളില്ലാതെ നിയന്ത്രിത മരുന്നു കൈവശം വച്ചു, ഉംറയ്ക്ക് പുറപ്പെട്ട മലയാളി യുവാവിനെ പിടികൂടി ജയിലിലടച്ചു, രേഖകൾ ഹാജരാക്കി മോചിപ്പിക്കുന്നതിനുള്ള നടപടികളുമായി ബന്ധുക്കളും സുഹൃത്തുക്കളും
ഗൾഫ് രാഷ്ട്രങ്ങളിൽ വിലക്കേർപ്പെടുത്തിയ യാതൊരു വസ്തുക്കളും പ്രവാസികൾ കൈയ്യിൽ കരുതരുത്. വിമാനത്താവഴത്തിലെ പരിശോധനയിലോ അല്ലെങ്കിൽ പുറത്തുവെച്ചുള്ള പരിശോധനയിലോ ലഗേജിലോ അല്ലെങ്കിൽ കൈവശമോ ഇത്തരം വസ്തുക്കൾ കണ്ടെത്തിയാൽ വൻ തുക പിഴയായി അടച്ച് തലയൂരാമെങ്കിലും ചിലകേസുകളിൽ തലവിലാക്കുകയും ചെയ്യും. ഇപ്പോൾ നാട്ടിൽ നിന്ന് ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്നുകളുമായി യാത്ര ചെയ്ത പ്രവാസി മലയാളി സൗദിയിൽ പിടിയിലായിരിക്കുകയാണ്. തിരൂർ സ്വദേശിയാണ് പൊലീസ് പിടിയിലായത്.
ഖമീസ് മുഷൈത്തിൽനിന്ന് ബസിൽ ഉംറയ്ക്ക് പുറപ്പെട്ടതായിരുന്നു യുവാവ്. മതിയായ രേഖകളില്ലാതെ നിയന്ത്രിത മരുന്നു കൈവശം വച്ചതിനാണ് നടപടി. ഏതാനും ദിവസം മുമ്പ് ഇദ്ദേഹം നാട്ടിൽ നിന്നു കൊണ്ടു വന്ന മരുന്നാണ് പിടികൂടിയത്. അൽ ബാഹയിൽ വച്ച് നാർക്കോട്ടിക് വിഭാഗം മുഴുവൻ യാത്രക്കാരെയും പരിശോധിച്ചു. പരിശോധനയിൽ മരുന്നു കണ്ടെത്തുകയും ഇത് രാജ്യത്ത് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ള മരുന്നുകളുടെ പട്ടികയിൽ ഉൾപ്പെട്ടതാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.
നടുവേദന മാറാൻ നാട്ടിൽ നിന്ന് ഡോക്ടർ കുറിച്ച് കൊടുത്ത ഗാബാപെന്റിൻ എന്ന വേദന സംഹാരിയാണ് ഇദ്ദേഹത്തിൽനിന്നു പിടിച്ചെടുത്തത്. മരുന്ന് ഡോക്ടറുടെ പ്രത്യേക കുറിപ്പടിയോടെ കർശന നിയന്ത്രണങ്ങളോടെ മാത്രമാണ് നൽകാറുള്ളത്. നാട്ടിൽ നിന്ന് വരുന്ന സമയത്ത് വിമാനത്താവളത്തിൽ കാണിക്കാൻ ആവശ്യമായ രേഖകൾ ഇദ്ദേഹം കരുതിയിരുന്നെങ്കിലും ഉംറ യാത്രയിൽ അതു കരുതിയിരുന്നില്ല. ഇതാണ് യുവാവിന് വിനയായത്. ഡോക്ടർ നൽകിയ പ്രിസ്‌ക്രിപ്ഷൻ കൈവശം ഉണ്ടായിരുന്നുവെങ്കിൽ പരിശോധനയിൽ അതു കാണിച്ചാൽ നടപടികൾക്കു വിധേയനാകേണ്ടി വരില്ലായിരുന്നു.
ജയിലിൽ കഴിയുന്ന ഇദ്ദേഹത്തെ മതിയായ രേഖകൾ ഹാജരാക്കി അധികൃതരെ കാര്യങ്ങൾ ബോധ്യപ്പെടുത്തി മോചിപ്പിക്കുന്നതിനുള്ള നടപടികൾ ബന്ധുക്കളും സുഹൃത്തുക്കളും ചേർന്നു നടത്തി വരികയാണ്.അതുപോലെ ഈ മാസം യുഎഇയിലൂം ഒരു പ്രവാസിക്ക് സമാനമായ സാഹചര്യം ഉണ്ടായി. വിമാനത്താവളത്തിലെ ഡ്രഗ് കണ്‍ട്രോള്‍ വിഭാഗം നടത്തിയ പരിശോധയിൽ രാജ്യത്ത് നിരോധിച്ച മരുന്നുകളില്‍ ചിലത് കണ്ടെത്തിയതോടെ മലയാളിയെ തടഞ്ഞുവെച്ചു. മലപ്പുറം സ്വദേശി ബന്ധുവിനായി നാട്ടില്‍നിന്ന് കൊണ്ടുവന്ന മരുന്നുകളാണ് ഇവ. യു.എ.ഇയില്‍ നിരോധിച്ച മരുന്നുകളില്‍ ചിലത് ഇദ്ദേഹം അറിയാതെ കൊണ്ടുവരികയായിരുന്നു. ഇദ്ദേഹത്തിന്റെ ലഗേജില്‍ ഇത്തരം മരുന്നുകൾ കണ്ടതോടെ തടഞ്ഞുവെയ്ക്കുകയായിരുന്നു.
വിമാനത്താവളത്തിലെ ഡ്രഗ് കണ്‍ട്രോള്‍ വിഭാഗം നടത്തിയ പരിശോധയിലാണ് യു.എ.ഇയില്‍ നിരോധനം ഏര്‍പ്പെടുത്തിയ മരുന്നുകളുടെ രണ്ട് സ്ട്രിപ്പുകള്‍ ഇദ്ദേഹത്തിന്‍റെ ബാഗില്‍ കണ്ടെത്തിയത്. ഡോക്ടറുടെ കുറിപ്പടി അടക്കമാണ് ഇദ്ദേഹം മരുന്ന് കൊണ്ടുവന്നിരുന്നത്. എന്നാല്‍ ഇത് യു.എ.ഇയില്‍ നിരോധിച്ച മരുന്നുകളുടെ ഗണത്തില്‍പ്പെട്ടതായിരുന്നു. മരുന്ന് പിടികൂടിയ അധികൃതര്‍ ഇദ്ദേഹത്തിന്‍റെ കൈവശമുണ്ടായിരുന്ന എല്ലാ മരുന്നുകളും പിടിച്ചെടുക്കുകയും പിഴയടക്കാന്‍ വിധിക്കുകയും ചെയ്തു. നിരോധിച്ച മരുന്നുകള്‍ കൊണ്ടുവരുന്നത് ശക്തമായ നടപടികള്‍ക്ക് ഇടയാക്കുമെന്ന് അധികൃതര്‍ നിരവധി തവണ ഓര്‍മിപ്പിച്ചിട്ടുണ്ട്. നിരോധിച്ച വസ്തുക്കള്‍ കൊണ്ടുവരുന്നത് കള്ളക്കടത്തായി കണക്കാക്കി സാധനങ്ങളും ഉപകരണങ്ങളും കണ്ടുകെട്ടുന്നതിന് പുറമെ പിഴയും അല്ലെങ്കില്‍ തടവും ചുമത്തും.
https://www.facebook.com/Malayalivartha