പ്രവാസികള്‍ക്ക് കുടുംബ, വാണിജ്യ, ടൂറിസ്റ്റ് സന്ദര്‍ശന വിസകള്‍ പുനരാരംഭിക്കുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം
പ്രവാസികള്‍ക്ക് കുടുംബ, വാണിജ്യ, ടൂറിസ്റ്റ് സന്ദര്‍ശന വിസകള്‍ ഫെബ്രുവരി ഏഴ് മുതല്‍ പുനരാരംഭിക്കുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. പുതിയ നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയമായാണ് വിസ നല്‍കുന്നത്. ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആക്ടിങ് ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അല്‍ യൂസുഫ് അല്‍ സബാഹിന്റെ നിര്‍ദേശപ്രകാരമാണ് പുതിയ തീരുമാനം. രാജ്യത്തെ വാണിജ്യ, സാമ്പത്തിക, ടൂറിസം പ്രസ്ഥാനങ്ങളെ ഉത്തേജിപ്പിക്കുന്നതിന്റെ ഭാഗമായാണ് നീക്കം. രാജ്യത്തെ വിവിധ റെസിഡന്‍സി അഫയേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റുകള്‍ മാറ്റ പ്ലാറ്റ്‌ഫോം വഴി സന്ദര്‍ശന അപേക്ഷകള്‍ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
വിസ ലഭ്യമാകുന്നതിനുള്ള ചില നിബന്ധനകള്‍...
പിതാവ്, അമ്മ, ഭാര്യ, കുട്ടികള്‍ എന്നിവര്‍ക്കായാണ് ഫാമിലി വിസകള്‍ അനുവദിക്കുക. അപേക്ഷിക്കുമ്പോള്‍ അപേക്ഷകന് 400 കുവൈറ്റ് ദിനാര്‍ ശമ്പളം ഉണ്ടായിരിക്കണം. മറ്റു ബന്ധുക്കളെ കൊണ്ടുവരണമെങ്കില്‍ അപേക്ഷകന് 800 കുവൈറ്റ് ദിനാര്‍ ശമ്പളത്തില്‍ കുറവുണ്ടാകാന്‍ പാടില്ല. സന്ദര്‍ശകരുടെ റൗണ്ട് ട്രിപ്പ് യാത്രാ ടിക്കറ്റ് ബുക്ക് ചെയ്യണം. ദേശീയ എയര്‍ലൈനുകളുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള എയര്‍ലൈനുകളിലൊന്നില്‍ വേണം ടിക്കറ്റെടുക്കാന്‍.
ഈ സന്ദര്‍ശനങ്ങള്‍ സ്ഥിരതാമസമാക്കി മാറ്റണമെന്ന് ആവശ്യപ്പെടില്ലെന്ന് രേഖാമൂലം എഴുതി നല്‍കണം. സന്ദര്‍ശന കാലയളവ് പാലിക്കുമെന്നും അപേക്ഷകര്‍ സത്യപ്രസ്താവന നല്‍കണം.
ആരോഗ്യപരമായ ബുദ്ധിമുട്ടുകള്‍ നേരിട്ടാല്‍ സ്വകാര്യ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും സന്ദര്‍ശകര്‍ക്ക് ചികിത്സ നല്‍കും. എന്നാല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ അനുവദിക്കില്ല. ഒരു സന്ദര്‍ശകന്‍ കാലാവധി കഴിഞ്ഞും താമസിക്കുകയാണെങ്കില്‍ നടപടി നേരിടേണ്ടി വരും. സന്ദര്‍ശകനും സ്പോണ്‍സര്‍ക്കുമെതിരെ സുരക്ഷാ നിയമ പ്രകാരം നിയമലംഘകര്‍ക്കായുള്ള നിയമ നടപടികള്‍ സ്വീകരിക്കും.
ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി ഇലക്ട്രോണിക് വിസയായും ടൂറിസ്റ്റ് വിസകള്‍ ലഭിക്കുന്നതാണ്. കൂടാതെ 53 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പോര്‍ട്ട് ഓഫ് എന്‍ട്രിയില്‍ നിന്ന് നേരിട്ടും വിസ ലഭിക്കും.
ജിസിസി രാജ്യങ്ങളിലെ വിനോദസഞ്ചാരത്തിനുള്ള എന്‍ട്രി വിസകള്‍ മന്ത്രിതല പ്രമേയം നമ്പര്‍ (2030/2008) പ്രകാരം നിര്‍ദ്ദിഷ്ട തൊഴിലുകളും മാനദണ്ഡങ്ങളും പാലിക്കുന്നവര്‍ക്ക് മാത്രമാണ് നല്‍കുന്നത്.
വാണിജ്യ വിസ നല്‍കുന്നത് കുവൈറ്റ് കമ്പനിയോ സ്ഥാപനമോ സമര്‍പ്പിക്കുന്ന അപേക്ഷയുടെ അടിസ്ഥാനത്തിലാണ്. കമ്പനിയുടെ പ്രവര്‍ത്തനത്തിനും ജോലിയുടെ സ്വഭാവത്തിനും യോജിച്ച ബിരുദമോ അല്ലെങ്കില്‍ സാങ്കേതിക യോഗ്യതയോ ഉള്ളവര്‍ക്ക് മാത്രമായിരിക്കും ഈ വിസ ലഭിക്കുക.
ഫാമിലി വിസിറ്റ് വിസ നല്‍കുന്നത് 2022 ലാണ് കുവൈറ്റ് നിര്‍ത്തിവച്ചത്. രാജ്യത്ത് പുതിയ നിയന്ത്രണങ്ങളും വ്യവസ്ഥകളും നടപ്പാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഈ നടപടി. രാജ്യത്ത് വിദേശികള്‍ പെരുകുന്നതും അനധികൃത താമസക്കാരുടെ സാന്നിധ്യവുമാണ് ഫാമിലി വിസിറ്റ് വിസയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കാരണമായത്. ഇത് ജനസംഖ്യയുടെ പകുതിയിലധികം വരുന്ന പ്രവാസികള്‍ക്ക് വലിയ തിരിച്ചടിയായിരുന്നു.
നേരത്തെ കോവിഡ് കാലത്ത് കുടുംബ സന്ദര്‍ശക വിസ നല്‍കുന്നത് നിര്‍ത്തിവച്ചിരുന്നു. പിന്നീട് 2022 മാര്‍ച്ചില്‍ വിസാ നടപടികള്‍ പുനരാരംഭിച്ചു. എന്നാല്‍ ഈ സേവനം ആരോഗ്യമേഖലയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങള്‍ക്കു മാത്രമാക്കി പരിമിതപ്പെടുത്തിയിരുന്നു. നിലവില്‍ ജീവിത പങ്കാളി, മക്കള്‍, മാതാപിതാക്കള്‍ എന്നിവര്‍ക്കാണ് ഫാമിലി വിസയ്ക്ക് യോഗ്യത ലഭിക്കുക. സഹോദരങ്ങള്‍ ഈ പരിധിയില്‍ വരില്ല.
https://www.facebook.com/Malayalivartha