ന്യൂനമര്‍ദ്ദം വ്യത്യസ്ത തീവ്രതയിലുള്ള മഴയ്ക്ക് സാധ്യത, യുഎഇയിൽ അടുത്ത മൂന്ന് ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയുണ്ടാവുമെന്ന് മുന്നറിയിപ്പ്, രാജ്യത്തുടനീളം താപനില കുറയും
യുഎഇയിൽ കഴിഞ്ഞയാഴ്ച്ച കനത്ത മഴയാണ് അനുഭവപ്പെട്ടത്. കനത്ത മഴയ്ക്കും പ്രതികൂല കാലാവസ്ഥയ്ക്കും ശേഷം ഉപരിതല ന്യൂനമര്‍ദ്ദത്താൽ അടുത്തയാഴ്ച്ച രാജ്യത്തുടനീളം വ്യത്യസ്ത തീവ്രതയിലുള്ള മഴയുണ്ടാകുമെന്ന് യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം എന്‍സിഎം മുന്നറിയിപ്പ്. മാര്‍ച്ച് 4 മുതല്‍ മാര്‍ച്ച് 6 വരെയുള്ള മൂന്ന് ദിവസങ്ങളില്‍ രാജ്യത്ത് ഇടിമിന്നലോട് കൂടിയ വ്യത്യസ്ത തീവ്രതയുള്ള മഴയുണ്ടാവുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം എക്‌സ് അക്കൗണ്ടിലൂടെ അറിയിച്ചത്.
തെക്ക് പടിഞ്ഞാറ് നിന്ന് വ്യാപിക്കുന്ന ഉപരിതല ന്യൂനമര്‍ദ്ദം യുഎഇയെ ബാധിക്കും. മാര്‍ച്ച് 4 തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം പടിഞ്ഞാറ് നിന്നുള്ള മേഘങ്ങള്‍ വര്‍ധിക്കും. ഈ മേഘങ്ങളില്‍ ചിലത് തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ഇടിയും മിന്നലും സഹിതം വ്യത്യസ്ത തീവ്രതയുള്ള മഴ കൊണ്ടുവരും. ബുധനാഴ്ച ആകാശം അല്‍പം തെളിഞ്ഞാൽ മഴയുടെ അളവ് കുറയും. രാജ്യത്തിന്റെ തെക്ക് ഭാഗങ്ങളില്‍ താപനില കുറയും. ഈ കാലയളവില്‍ പുതിയ കാറ്റ് വീശും. ഇത് പൊടിപടലങ്ങള്‍ കലര്‍ന്ന മണല്‍ക്കാറ്റിന് ഇടയാക്കുകയും ദൂരക്കാഴ്ച കുറയ്ക്കുകയും ചെയ്യും.
വരുംദിവസങ്ങളില്‍ കടലിലെ കാലാവസ്ഥ മിതമായതോ പ്രക്ഷുബ്ധമോ ആയിരിക്കും. അറബിക്കടലിലെയും ഒമാന്‍ കടലിലെയും സംവഹന മേഘങ്ങള്‍ കാരണമാണിതെന്നും കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പില്‍ വിശദീകരിക്കുന്നു.
അതേസമയം ഒമാനില്‍ വീണ്ടും ഇരട്ട ന്യൂനമര്‍ദ്ദം വരുന്നു. ആദ്യ ന്യൂനമര്‍ദ്ദം ഈ മാസം നാല് മുതല്‍ ആറു വരെയും രണ്ടാമത്തെ ന്യൂനമര്‍ദ്ദം എട്ട് മുതലും ആരംഭിക്കുമെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. മുസന്ദം, വടക്കന്‍ ബാത്തിന, ബുറൈമി ഗവര്‍ണറേറ്റുകളിലും അല്‍ ഹജര്‍ പര്‍വത നിരകളിലും ഒമാന്റെ തീരപ്രദേശങ്ങളിലും ഒറ്റപ്പെട്ട മഴ ലഭിച്ചേക്കുമെന്നും ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
https://www.facebook.com/Malayalivartha