പെരുന്നാള്‍ ഡ്രസ് വാങ്ങി മടങ്ങി വരവേ വാഹനാപകടം, ഖത്തറിൽ വാഹനം മറിഞ്ഞ് രണ്ട് മലയാളി യുവാക്കൾ മരണപ്പെട്ടു
കുവൈത്ത് ദുരന്തത്തിൽ നിരവധി മലയാളികളുടെ ജീവൻ നഷ്ടപ്പെട്ടതിന്റെ വേദനയിലാണ് പ്രവാസലോകം. അതിനിടെ ഖത്തറിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾ മരണപ്പെട്ട വാർത്ത പുറത്തുവന്നിരിക്കുകയാണ്. തൃശൂർ സ്വദേശികളാണ് മരണപ്പെട്ട രണ്ടുപേരും. തൃശൂർ വടക്കേക്കാട് ഞമനേങ്ങാട് സ്വദേശി മച്ചിങ്ങൽ മുഹമ്മദ് ത്വയ്യിബ് ഹംസ (21), തൃശൂർ വടക്കാഞ്ചേരി സ്വദേശി മുഹമ്മദ് ഹബീൽ (22) എന്നിവരാണ് മരിച്ചത്. മാൾ ഓഫ് ഖത്തറിന് സമീപം ഇവർ സഞ്ചരിച്ചിരുന്ന വാഹനം മറിഞ്ഞാണ് അപകടമുണ്ടായത്. രണ്ടു പേരും തൽക്ഷണം മരിച്ചു. പെരുന്നാള്‍ ഡ്രസ് വാങ്ങി തിരിച്ച് വരുമ്പോഴാണ് അപകടമുണ്ടായത്.
മരിച്ച മുഹമ്മദ് ത്വയ്യിബ് ഹംസ ഖത്തർ പ്രതിരോധ മന്ത്രാലയത്തിലാണ് ജോലി ചെയ്യുന്നത്. പിതാവ് ഹംസ ഖത്തർ ഐഡിയ സ്കൂൾ ജീവനക്കാരനാണ്. അഹമ്മദ് ഹബീൽ ഖത്തറിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. വാഹനത്തിലുണ്ടായിരുന്ന മറ്റു മൂന്നു പേർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇവരുടെ പരുക്ക് ഗുരുതരമില്ലന്നാണ് പ്രാഥമിക വിവരം. മൃതദേഹങ്ങൾ ഹമദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
അതേസമയം, കുവൈത്ത് ദുരന്തത്തില്‍ പരിക്കേറ്റ് ചികിത്സയിൽ തുടരുന്ന തുടരുന്ന മലയാളികളെല്ലാം അപകടനില തരണം ചെയ്തു. 14 മലയാളികള്‍ അടക്കം 31 ഇന്ത്യക്കാരാണ് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ചികിത്സയിലുള്ള 14 മലയാളികളും അപകടനില തരണം ചെയ്തു. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലുള്ള 14 മലയാളികളിൽ 13 പേരും നിലവിൽ വാർഡുകളിലാണ് ചികിത്സയിലുള്ളത്. ഇവർ ആരുടെയും നില ഗുരുതരമല്ല. ഒരാൾ മാത്രമാണ് ഐസിയുവിൽ തുടരുന്നത്.
https://www.facebook.com/Malayalivartha