വിമാന യാത്രയ്‌ക്കിടെ കടുത്ത തലകറക്കവും, ഛർദ്ദിയും: 56 കാരിയ്ക്ക് രക്ഷകനായി സഹയാത്രികനായ ഡോക്ടർ; വാച്ച് ഉപയോഗിച്ച് രോഗിയുടെ ഓക്സിജന്‍ സാച്ചുറേഷന്‍കുറവാണെന്ന് കണ്ടെത്തി ചികിത്സ... രക്ഷാപ്രവര്‍ത്തനത്തിന് സമ്മാനം
ഡൽഹിയിൽ നിന്ന് സാൻഫ്രാൻസിസ്‌കോയിലേക്ക് പോയ എയർ ഇന്ത്യ വിമാനത്തിൽ യാത്രക്കാരെയടക്കം ആശങ്കയിലാഴ്ത്തിയ ഒരു സംഭവമുണ്ടായി. യാത്രയ്‌ക്കിടെ കടുത്ത തലകറക്കവും, ഛർദ്ദിയുമായി ശാരീരിക അസ്വാസ്ഥ്യം നേരിട്ട 56 കാരിയാണ് യാത്രക്കാരെ സങ്കടത്തിലാഴ്ത്തിയത്. എന്നാൽ നിമിഷങ്ങൾക്കുള്ളിൽ രക്ഷകനായി ആലുവ രാജഗിരി ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ രംഗത്തെത്തി. അവശയായ രോഗിയെ രക്ഷിക്കാനായി സഹയാത്രികനായ ഡോ. ജിജി വി. കുരുട്ടുകുളം തന്റെ ഐഡന്റിറ്റി കാർഡ് വിമാന അധികൃതരെ കാണിച്ച് രോഗിയെ പരിശോധിക്കാൻ സന്നദ്ധത പ്രകടിപ്പിക്കുകയായിരുന്നു.
രോഗിയുടെ ഹൃദയമിടിപ്പ് നിരീക്ഷിക്കാന്‍ ഡോ. ജിജിയെ സഹായിച്ചത് ധരിച്ചിരുന്ന സ്മാര്‍ട്ട് വാച്ചായിരുന്നു. വാച്ച് ഉപയോഗിച്ച് രോഗിയുടെ ഓക്സിജന്‍ സാച്ചുറേഷന്‍ കുറവാണെന്നും രക്തസമ്മര്‍ദം കൂടിയിരിക്കുന്നതായും ഡോക്ടര്‍ മനസിലാക്കി. വിമാനത്തില്‍ ലഭ്യമായിരുന്ന മെഡിക്കല്‍ കിറ്റില്‍ നിന്നും ഡോ. ജിജി ആവശ്യമായ മരുന്നുകള്‍ നല്കിയതോടെ യാത്രക്കാരി പൂർവ്വ സ്ഥിതിയിലേയ്‌ക്കെത്തി. അടുത്തുള്ള വിമാനത്താവളത്തിൽ വിമാനം ഇറക്കാമെന്ന തീരുമാനം ഡോക്ടറുടെ ഉറപ്പില്‍ ക്യാപ്റ്റന്‍ വേണ്ടെന്ന് വച്ചു. മുന്‍കൂട്ടി നിശ്ചയിച്ചതിലും 15 മിനിറ്റ് മുമ്പായി വിമാനം സാന്‍ഫ്രാന്‍സിസ്‌കോയില്‍ പറന്നിറങ്ങി.
ജീവനക്കാര്‍ അറിയിച്ചതനുസരിച്ച് മെഡിക്കല്‍ സംഘം വിമാനത്താവളത്തില്‍ രോഗിയെ കാത്ത് നിന്നിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച രോഗി സുഖം പ്രാപിച്ച് വരുന്നതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. ഡോ. ജിജി വി. കുരുട്ടുകുളത്തിന്റെ സമയോചിത ജീവന്‍ രക്ഷാപ്രവര്‍ത്തനത്തിന് എയര്‍ ഇന്ത്യ വിമാനത്തിലെ ജീവനക്കാരും, ക്യാപ്റ്റനും നന്ദി അറിയിച്ചു. ഫ്ലൈറ്റിന്റെ ക്യാപ്റ്റൻ ഡോ. ജിജിക്ക് പ്രത്യേക സമ്മാനവും നൽകി.
ഒൻപത് വർഷത്തിലധികമായി രാജഗിരി ആശുപത്രിയിൽ ന്യൂറോളജി വിഭാഗം മേധാവിയാണ് ഡോ. ജിജി വി. കുരുട്ടുകുളം. വിമാനത്തിൽ ഐഡന്റിറ്റി കാർഡ് പരിശോധിച്ചതിന് ശേഷം മാത്രമേ കുത്തിവയ്പ്പ് അടക്കമുളള ചികിത്സകൾ നൽകാൻ അനുവദിക്കൂ എന്നതിനാൽ യാത്ര ചെയ്യുമ്പോൾ ഡോക്ടർമാർ എപ്പോഴും അവരുടെ ഐഡി കൈവശം വെക്കണമെന്ന് ഡോ. ജിജി പറഞ്ഞു. സ്മാർട്ട് വാച്ച് പോലുള്ള ഗാഡ്ജെറ്റുകളും ഇത്തരം സന്ദർഭങ്ങളിൽ ഉപയോഗപ്രദമാകുമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
https://www.facebook.com/Malayalivartha