ഉറക്കത്തിനിടെ സൗദിയിൽ പ്രവാസി മരിച്ചു;- നാട്ടിൽ നിന്ന് എത്തിയത് അഞ്ച് മാസം മുമ്പ്...
ഉറക്കത്തിനിടെ സൗദിയിലെ അബ്ഹയിൽ പ്രവാസി മരിച്ചു. ആലപ്പുഴ കായംകുളം പെരിങ്ങാല രതീഷ് ഭവനിൽ രാജീവ് സന്ദാനന്ദ ചെട്ടിയാറാ(36)ണ് ഉറക്കത്തിൽ ഹൃദയാഘാതം വന്ന് മരിച്ചത്. അബ്ഹ ഖമീസ് റോഡിൽ ജുഫാലി പാലത്തിന് സമീപം തമർ ലോജിസ്റ്റിക്കിൽ ഡ്രൈവർ ജോലി ചെയ്തുവരികയായിരുന്നു. അഞ്ച് മാസം മുമ്പാണ് നാട്ടിൽ പോയി വന്നത്.
പ്രവാസലോകത്ത് ഈ വാർത്തകൾ ഇപ്പോൾ പരിചിതമായിരിക്കുന്നു. മെച്ചപ്പെട്ട ജീവിതസാഹചര്യം തേടി ഇവിടെയെത്തിയ പലരും സ്വപ്നങ്ങളും പ്രതീക്ഷകളും ബാക്കിവച്ചു കടന്നുപോയി. തൊട്ടുമുന്നിലെ നിമിഷം വരെ തിരക്കുകൾക്കിടയിലമർന്നവരിൽ പലരും അടുത്ത നിമിഷം മരണത്തിനു കീഴടങ്ങിയ കാഴ്ചകൾ ഞെട്ടലോടെയാണ് പ്രവാസികൾ കാണുന്നതും കേൾക്കുന്നതും. പ്രവാസികൾക്കിടയിൽ മുൻപെങ്ങുമില്ലാത്തവിധം ഹൃദയസംബന്ധമായ രോഗങ്ങൾ വർധിക്കുകയും അതു ഹൃദയാഘാതം കാരണമുള്ള മരണത്തിലേക്കു നയിക്കുകയും ചെയ്യുന്നത് ആശങ്കാജനകമാണ്.
പ്രായമായവരിലായിരുന്നു ഹൃദ്രോഗം കണ്ടുവന്നിരുന്നതെങ്കിൽ ഇന്നു സ്ഥിതി മാറി. ഇരുപതുകളിലും മുപ്പതുകളിലുമൊക്കെ, യുവത്വത്തിൻറെ സജീവതയിൽ പോലും ഹൃദ്രോഗം പിടിമുറുക്കുന്ന കാഴ്ച ഉത്കണ്ഠാജനകമാണ്. ജീവിതഭക്ഷണശൈലിയുൾപ്പെടെ വിവിധ ഘടകങ്ങളാണ് ഹൃദയസംബന്ധമായ രോഗങ്ങൾക്കു കാരണമാകുന്നത്.
നമ്മൾ ഇന്ത്യക്കാരുടെ ജനിതകഘടന ഇങ്ങനെയാണെന്ന കാരണത്തിനൊപ്പം സ്ട്രെസ് എന്ന പേരിൽ നാം വിളിക്കുന്ന മാനസിക സംഘർഷങ്ങളും വിഷമങ്ങളുമൊക്കെയാണ് ഹൃദയസംബന്ധിയായ രോഗങ്ങൾക്കു പ്രധാനകാരണങ്ങൾ. വീട്ടിൽ നിന്നും അകന്നു താമസിക്കുന്ന പ്രവാസികൾ ഒറ്റപ്പെടലിൻറെ വേദന അടുത്തറിയുന്നവരാണ്. ഫോണിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയുമൊക്കെ കൂട്ടുകാർക്കും ബന്ധുക്കൾക്കും നാട്ടുകാർക്കുമൊപ്പം ഓൺലൈൻ ലോകത്തു സജീവമാണെങ്കിൽ കൂടി ഒറ്റപ്പെടലിൻറെ ആശങ്കകൾ അലട്ടുന്നവർ ഏറെയുണ്ട്.
നാട്ടിലെ കുടുംബാംഗങ്ങളിൽ നിന്നും ആവശ്യത്തിനു പിന്തുണയും പരിഗണനയും ലഭിക്കാതിരിക്കുന്നതും വിഷമങ്ങൾ പങ്കുവയ്ക്കാൻ സാഹചര്യമില്ലാത്തതും ഒറ്റപ്പെടലൻറെ കാരണങ്ങളാകുന്നു. അത്തരം സാഹചര്യങ്ങളിലൂടെ കടന്നു പോകുന്നവർക്കിടയിൽ ആശങ്കാജനകമായി ഹൃദ്രോഗ സാധ്യത കൂടുതലാണ്. അതിനാൽ തന്നെ നാട്ടിലെ കുടുംബാംഗങ്ങളുടെ പിന്തുണ പ്രവാസികൾക്കു ഏറ്റവും ആവശ്യമായ സാഹചര്യമാണിത്.
https://www.facebook.com/Malayalivartha