ഫലസ്തീൻ പ്രസിഡൻ്റ് മഹ്മൂദ് അബ്ബാസുമായി ഗാസയിലെ സ്ഥിതിഗതികൾ ചർച്ച ചെയ്ത് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ...
സൗദി അറേബ്യയിലേക്ക് ഇറാനില്‍ നിന്ന് ഫോണ്‍ വിളി... അതും പശ്ചിമേഷ്യയിലെ രാഷ്ട്രീയ സാഹചര്യം അടിമുടി മാറവെ... ഇറാന്റെ പുതിയ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരഗ്ചി ആണ് സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ആലുസൗദുമായി ഫോണില്‍ ചര്‍ച്ച നടത്തിയത്. ഇസ്രായേലിനെതിരെ ഏത് സമയവും ഇറാന്‍ ആക്രമണം നടത്തുമെന്ന പ്രചാരണം നിലനില്‍ക്കവെയാണിത്. ഇറാന്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലായിരുന്നു സൗദി മന്ത്രിയുമായി നടന്ന ടെലിഫോണ്‍ സംഭാഷണത്തിന്റെ വിവരങ്ങള്‍ ഉള്ളത്. അന്തര്‍ദേശീ മാധ്യമങ്ങള്‍ ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിട്ടു. സയ്യിദ് അബ്ബാസ് ഇറാന്റെ വിദേശകാര്യ മന്ത്രിയായി ചുമതലയേറ്റത് ദിവസങ്ങൾക്ക് മുമ്പാണ്. തൊട്ടുപിന്നാലെ സൗദി മന്ത്രിയെ വിളിച്ചതിലൂടെ ജിസിസി രാജ്യവുമായുള്ള ബന്ധത്തിന് ഇറാന്‍ നല്‍കുന്ന പ്രാധാന്യം വ്യക്തമാകുന്നതാണ്.
പലസ്തീനില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണം ഇരു മന്ത്രിമാരും തമ്മിലുള്ള ചര്‍ച്ചയില്‍ വിഷയമായി എന്നാണ് റിപ്പോര്‍ട്ട്. ഇസ്രായേല്‍ ആക്രമണം തുടരുന്നതിനാല്‍ ഗാസയിലേക്ക് അവശ്യ വസ്തുക്കള്‍ എത്തിക്കാനും മരുന്നുകളും ഭക്ഷണങ്ങളും വിതരണം ചെയ്യാനും സാധിക്കുന്നില്ലെന്ന് മന്ത്രിമാര്‍ പറഞ്ഞു. ഇതിന് ഇസ്രായേല്‍ ആക്രമണം നിര്‍ത്തേണ്ടതുണ്ടെന്നും മന്ത്രിമാര്‍ അഭിപ്രായപ്പെട്ടുവെന്ന് പ്രസ്താവനയില്‍ പറയുന്നു.
സൗദിയും ഇറാനും തമ്മില്‍ ഏഴ് വര്‍ഷത്തോളം നയതന്ത്ര ബന്ധം ഇല്ലായിരുന്നു. ചൈന നടത്തിയ ഇടപെടലാണ് ഇരുരാജ്യങ്ങള്‍ക്കിടയില്‍ രമ്യതയുണ്ടാക്കിയത്. തുടര്‍ന്ന് ഇരുരാജ്യങ്ങളും പരസ്പരം ബന്ധം പുനഃസ്ഥാപിക്കുകയും അംബാസഡര്‍മാരെ നിയോഗിക്കുകയും ചെയ്തിരുന്നു. ശേഷം തുടര്‍ന്നുവരുന്ന ഐക്യ ചര്‍ച്ചകളുടെ ഭാഗം കൂടിയാണ് പുതിയ ഫോണ്‍വിളി. ഇസ്രായേലും അമേരിക്കയും ഒരു ഭാഗത്തും ഇറാനും സഖ്യകക്ഷികളും മറുഭാഗത്തും നിലയുറപ്പിച്ചാണ് പശ്ചിമേഷ്യയിലെ പോര്. ഈ വേളയില്‍ സൗദി മന്ത്രിയെ ഇറാന്‍ വിളിച്ചത് അമേരിക്ക ആശങ്കയോടെയാണ് കാണുന്നത്.
ഷിയാ പണ്ഡിതനെ തൂക്കിലേറ്റിയതാണ് സൗദി അറേബ്യയ്‌ക്കെതിരായ പ്രതിഷേധം ഇറാനില്‍ ശക്തിപ്പെടാന്‍ കാരണം. ഇറാന്‍ തലസ്ഥാനത്തെ സൗദിയുടെ എംബസി സമരക്കാര്‍ ആക്രമിച്ചു. ഇതോടെ നയതന്ത്ര ബന്ധം സൗദി അറേബ്യ അവസാനിപ്പിക്കുകയായിരുന്നു. 2017ല്‍ നടന്ന ഈ സംഭവം പശ്ചിമേഷ്യയില്‍ വിഭാഗീയത ശക്തിപ്പെടാന്‍ ഇടയാക്കിയിരുന്നു. ചൈന നടത്തിയ മധ്യസ്ഥ ശ്രമം വിജയം കണ്ടതോടെ ഇരുരാജ്യങ്ങളും ഐക്യപ്പെട്ടു.
കൂടുതല്‍ മേഖലകളിലേക്ക് സഹകരണം ശക്തിപ്പെടുത്താന്‍ ഇറാനും സൗദി അറേബ്യയും തീരുമാനിച്ചിട്ടുണ്ട്. ഇറാനില്‍ നിന്ന് ഇത്തവണ ഹജ്ജിന് തീര്‍ഥാടകര്‍ മക്കയില്‍ എത്തിയതും സഹകരണം ശക്തപ്പെടുത്തിയതിന്റെ ഭാഗമാണ്. സൗദി രാജകുമാരനെ ഇറാനും ഇറാന്‍ പ്രസിഡന്റിനെ സൗദി അറേബ്യയും പരസ്പരം സന്ദര്‍ശനത്തിന് ക്ഷണിക്കുകയും ചെയ്തിരുന്നു.
അതിനിടെ, സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ റിയാദിൽ നടത്തിയ കൂടിക്കാഴ്ചയിൽ ഫലസ്തീൻ പ്രസിഡൻ്റ് മഹ്മൂദ് അബ്ബാസുമായി ഗാസയിലെ സ്ഥിതിഗതികൾ ചർച്ച ചെയ്തതായി സൗദി പ്രസ് ഏജൻസി അറിയിച്ചു. യുദ്ധത്തിൽ തകർന്ന പ്രദേശത്തെ തീവ്രത തടയാൻ എല്ലാ അന്താരാഷ്ട്ര, പ്രാദേശിക പാർട്ടികളുമായും ആശയവിനിമയം നടത്താനുള്ള ശ്രമങ്ങൾ രാജ്യം തുടരുമെന്ന് കിരീടാവകാശി ഊന്നിപ്പറഞ്ഞു. ഫലസ്തീൻ ജനതയ്ക്ക് മാന്യമായ ജീവിതത്തിനുള്ള ന്യായമായ അവകാശങ്ങൾ നേടിയെടുക്കുന്നതിനും അവരുടെ പ്രതീക്ഷകളും അഭിലാഷങ്ങളും നിറവേറ്റുന്നതിനും ന്യായവും ശാശ്വതവുമായ സമാധാനം കൈവരിക്കുന്നതിനും സൗദി അറേബ്യയുടെ പിന്തുണയും അദ്ദേഹം ആവർത്തിച്ചു. സൗദി, പലസ്തീൻ ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.
സൗദി അറേബ്യയുമായുള്ള സുപ്രധാന ഫോൺ കോളിന് ശേഷം ഇറാൻ പ്രസിഡൻ്റ് മസൂദ് പെസെഷ്‌കിയാൻ ഖത്തർ പ്രധാനമന്ത്രി അബ്ദുൽറഹ്മാൻ അൽ താനിയുമായി ആഗസ്റ്റ് 26-ന് കൂടിക്കാഴ്ച നടത്തി. ഇറാൻ-ഇസ്രായേൽ യുദ്ധം ഭയന്ന് ഉയർന്ന സാഹചര്യത്തിലാണ് ടെഹ്‌റാനിൽ ഉന്നതതല യോഗം നടന്നത്.
https://www.facebook.com/Malayalivartha