സൗദി അറേബ്യയിൽ കൊല്ലം സ്വദേശികളുടെ മരണം; നെഞ്ചുലച്ച് അഞ്ച് വയസുകാരിയുടെ വെളിപ്പെടുത്തൽ...
കൊല്ലം സ്വദേശികളായ യുവദമ്പതികളെ സൗദി അറേബ്യയിലെ ദമാം അൽകോബാർ തുഖ്ബയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊല്ലം ത്രിക്കരുവ സ്വദേശി അനൂപ് മോഹന്‍ (37) ഭാര്യ രമ്യമോള്‍ (28) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മ രണ്ടു മൂന്ന് ദിവസമായി കട്ടിലിൽ ഒന്നും മിണ്ടാതെ കിടക്കുകയായിരുന്നുവെന്ന് ദമ്പതികളുടെ അഞ്ചു വയസ്സുള്ള മകൾ ആരാധ്യയുടെ വെളിപ്പെടുത്തൽ. കുട്ടി പൊലീസിനോട് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ അഞ്ചുവയസ്സുകാരി മലയാളികളുടെ സംരക്ഷണയിലാണ്.
ബുധനാഴ്ച വൈകിട്ട് മകൾ ആരാധ്യയുടെ നിലവിളികേട്ട് ഓടിയെത്തിയ ഫ്ളാറ്റിലെ അയൽവാസികളാണ് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് ഇവർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസെത്തി വാതിൽ പൊളിച്ചപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്. രമ്യ കട്ടിലിൽ മരിച്ചനിലയിലും അനൂപ് അടുക്കളയിലെ ഫാനിൽ തൂങ്ങിമരിച്ചനിലയിലുമായിരുന്നു. അമ്മ രണ്ടു മൂന്നുദിവസമായി കട്ടിലിൽ മിണ്ടാതെ കിടക്കുകയായിരുന്നെന്നാണ് കുട്ടി പോലീസിനോടു പറഞ്ഞത്. കട്ടിലിൽ കിടന്ന തന്റെ മുഖത്ത് തലയണ അമർത്തി അച്ഛൻ കൊല്ലാൻ ശ്രമിച്ചെന്നും കരഞ്ഞപ്പോൾ വിട്ടിട്ടുപോയെന്നും കുട്ടി പോലീസിനോട് പറഞ്ഞിട്ടുണ്ടെന്നാണ് ദമാമിൽനിന്നുള്ള റിപ്പോർട്ട്. കുട്ടിയുടെ മൊഴി പ്രകാരം രമ്യ നേരത്തെ മരിച്ചിട്ടുണ്ടാവുമെന്നാണ് പൊലീസ് നിഗമനം. പോസ്റ്റുമോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളു.
12 വർഷമായി തുഖ്ബ സനായയിൽ പെയിന്റിങ് വർക് ഷോപ് നടത്തുകയായിരുന്ന അനൂപ് അടുത്തിടെയാണ് ഭാര്യയെയും മകളെയും വിസിറ്റിങ് വീസയിൽ സൗദിയിലെത്തിച്ചത്. കുടുംബതർക്കമാണ് മരണകാരണമെന്നാണ് പറയപ്പെടുന്നത്. പൊലീസ് നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ ദമാം മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിലേക്ക് മാറ്റി. ലോകകേരള സഭാ അംഗവും സാമൂഹികപ്രവർത്തകനുമായ നാസ് വക്കത്തെ വിളിച്ചു വരുത്തിയ പൊലീസ് കുട്ടിയെ അദ്ദേഹത്തെ ഏൽപിച്ചു.
നിലവിൽ അൽ കോബാറിലുള്ള ഒരു മലയാളി കുടുംബത്തിന്റെ സംരക്ഷണയിലാണ് കുട്ടി. നാട്ടിലുള്ള കുടുംബാംഗങ്ങൾ ബന്ധപ്പെട്ടുവെന്നും, അവർ കുട്ടിയുമായി സംസാരിച്ചുവെന്നും സുരക്ഷിതമായി നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു. അഞ്ചുമാസംമുൻപാണ് ഭാര്യയെയും മകളെയും വിദേശത്തേക്കു കൊണ്ടുപോയതെന്ന് ബന്ധുക്കൾ പറഞ്ഞു. ശക്തികുളങ്ങര സ്വദേശിയാണ് രമ്യമോൾ. തുടർ നടപടികൾക്കായി ബന്ധുക്കൾ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ട്. നിരവധി മലയാളികൾ താമസിക്കുന്ന പ്രദേശത്താണ് ദുരന്തം ഉണ്ടായിരിക്കുന്നത്.
ഇരുവരുടെയും മൃതദേഹം ദമ്മാം സെൻട്രൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മരണവുമായി ബന്ധപ്പെട്ട തുടർ അന്വേഷണം പുരോഗമിക്കുന്നതായി നിയമനടപടികൾക്ക് നേതൃത്വം നൽകി വരുന്ന നാസ് വക്കം പറഞ്ഞു. നാട്ടിൽ കുടുംബവുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിലാക്കുന്നതിന് കരുവ വാർഡ് മെമ്പർ അജ് മീനിെൻറ നേതൃത്വത്തിൽ പ്രവർത്തിച്ചുവരികയാണ്. വേഗത്തിൽ നിയമ നടപടികൾ പൂർത്തിയാക്കി കുട്ടിയെ നാട്ടിലെത്തിക്കുവാനുള്ള തയ്യാറെടുപ്പിലാണ് സാമൂഹ്യ പ്രവർത്തകർ.
https://www.facebook.com/Malayalivartha