സൗദിയിലെ പ്രവാസി തൊഴിലാളികളുടെ അവകാശങ്ങൾ ഉറപ്പുവരുത്താൻ വിവിധതരം പദ്ധതികളുമായി ഭരണകൂടം...
സൗദിയിലെ പ്രവാസി തൊഴിലാളികളുടെ അവകാശങ്ങൾ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി വിവിധതരം പദ്ധതികളാണ് ഭരണാധികാരി സൽമാൻ രാജാവിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം നടപ്പാക്കിവരുന്നത്. ഇപ്പോൾ പുതിയതായി തൊഴിലാളികൾക്ക് വേതന സുരക്ഷ ഉറപ്പുവരുത്തുന്ന പുതിയ ഇന്‍ഷൂറന്‍സ് പദ്ധതി രാജ്യത്ത് നിലവില്‍ വന്നു. സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയവും സൗദി അറേബ്യന്‍ ഇന്‍ഷുറന്‍സ് അതോറിറ്റിയും ചേര്‍ന്ന് സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലെ പ്രവാസി തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായാണ് പുതിയ ഇന്‍ഷൂറന്‍സ് പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ഒക്ടോബര്‍ 6 മുതല്‍ പദ്ധതി നിലവില്‍ വന്നതായി സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.
പുതിയ ഇൻഷുറൻസ് പരിരക്ഷ പ്രകാരം ഒരു തൊഴിലാളിക്ക് ലഭിക്കുന്നത് 17,500 റിയാലായി നിശ്ചയിച്ചു. ഒരു സ്ഥാപനത്തിലെ വിദേശ തൊഴിലാളികള്‍ക്ക് വേതനവും ആനുകൂല്യങ്ങളുമായി ആകെ ലഭിക്കാനുള്ള തുക, ഇന്‍ഷുന്‍സ് പദ്ധതി കവറേജ് പ്രകാരം നിശ്ചയിച്ച നഷ്ടപരിഹാരത്തുകയുടേതിനേക്കാൾ അധികം ആകാൻ പാടില്ല. അടിസ്ഥാന വേതനം, ആനുകൂല്യങ്ങള്‍ എന്നിവ ഇന്‍ഷുറന്‍സ് നഷ്ടപരിഹാരത്തില്‍ ഉള്‍പ്പെടും.
നഷ്ടപരിഹാരം ലഭിക്കാന്‍ വിദേശ തൊഴിലാളി സൗദി അറേബ്യ വിടണമെന്ന് വ്യവസ്ഥയില്ല. മറ്റൊരു സ്ഥാപനത്തിന്റെ പേരിലേക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറ്റിയാലും നഷ്ടപരിഹാരം ലഭിക്കും. സ്വദേശത്തേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന തൊഴിലാളിക്ക് ഇക്കോണമി ക്ലാസ് ടിക്കറ്റിന് ആയിരം റിയാൽ വരെ നഷ്ടപരിഹാരം ലഭിക്കും. ഇതിന് ഫൈനല്‍ എക്‌സിറ്റ് വിസ പോലെ സ്വദേശത്തേക്ക് മടങ്ങാനുള്ള മുഴുവന്‍ നിയമാനുസൃത നടപടികളും പൂര്‍ത്തിയാക്കിയതായി സ്ഥിരീകരിക്കുന്ന രേഖകള്‍ തൊഴിലാളി സമര്‍പ്പിക്കണം. സ്ഥാപനം പ്രതിസന്ധിയിലായതിനാല്‍ 80 ശതമാനം വിദേശ തൊഴിലാളികളുടെ വേതനം ആറു മാസത്തേക്ക് വിതരണം ചെയ്യാന്‍ കഴിയാതെവന്ന സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികള്‍ക്കാണ് പുതിയ ഇന്‍ഷുറന്‍സ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക.
സര്‍ക്കാരിന് പൂര്‍ണ ഉടമസ്ഥാവകാശമുള്ള സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികള്‍, പ്രൊബേഷന്‍ കാലയളവിലുള്ള വിദേശ തൊഴിലാളികള്‍, ഗാര്‍ഹിക തൊഴിലാളികള്‍, താല്‍ക്കാലിക, സീസണ്‍ തൊഴിലാളികള്‍, തൊഴിലുടമയുടെ കുടുംബാംഗങ്ങള്‍, സ്‌പോര്‍ട്‌സ് ക്ലബ്ബ് കളിക്കാര്‍, കാര്‍ഷിക തൊഴിലാളികള്‍, ഇടയന്മാര്‍, പ്രത്യേക ജോലിക്കായി എത്തുന്ന തൊഴിലാളികള്‍ എന്നിവരെ പുതിയ ഇന്‍ഷുറന്‍സില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പുതിയ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുന്നതിനു മുമ്പ് പ്രതിസന്ധിയിലായ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്കും പദ്ധതി പ്രകാരമുള്ള പരിരക്ഷ ലഭിക്കില്ല.
സൗദി അറേബ്യയിലെ പ്രവാസി തൊഴിലാളികളുടെ സംരക്ഷണവും അവകാശങ്ങളും മെച്ചപ്പെടുത്തുന്നതിനുള്ള ഞങ്ങളുടെ തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ പദ്ധതി. തൊഴിലുടമകള്‍ അവരുടെ വേതന ബാധ്യതകള്‍ കൊടുത്തുതീർക്കാൻ കഴിയാതെ വരുന്ന സന്ദര്‍ഭങ്ങളില്‍ ന്യായമായ നഷ്ടപരിഹാരം ഉറപ്പാക്കുന്ന ഒരു ഇന്‍ഷുറന്‍സ് സേവനം അവതരിപ്പിക്കുന്നതെന്ന് മന്ത്രി അഹമ്മദ് ബിന്‍ സുലൈമാന്‍ അല്‍റാജ്ഹി പറഞ്ഞു.
കമ്പനി നഷ്ടത്തിലാവുകയോ തൊഴിലുട വലിയ സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെടുകയോ ചെയ്യുന്ന അപൂര്‍വ സന്ദര്‍ഭങ്ങളില്‍ തൊഴിലാളികള്‍ക്കുള്ള ഒരു സുരക്ഷാ വല എന്ന നിലയിലാണ് തൊഴിലാളികളുടെ സാമ്പത്തിക സുരക്ഷിതത്വം സംരക്ഷിക്കുന്നതിനുള്ള ഈ സുപ്രധാന ചുവടുവയ്‌പ്പെന്നും അദ്ദേഹം പറഞ്ഞു .തൊഴിലാളികള്‍ക്ക് കൃത്യസമയത്ത് ശമ്പളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നതിലാണ് മന്ത്രാലയത്തിന്റെ മുന്‍ഗണന. തങ്ങളുടെ വേതന ബാധ്യതകള്‍ നിറവേറ്റുന്നതില്‍ മനപൂര്‍വം വീഴ്ച വരുത്തുന്ന തൊഴിലുടമകള്‍ക്ക് കര്‍ശനമായ പിഴകള്‍ നിലവിലുണ്ടെന്നും മന്ത്രി അറിയിച്ചു.
https://www.facebook.com/Malayalivartha