ഏത് വിസയിലും യുഎഇയിലേയ്ക്ക് തിരിച്ചുവരാൻ അവസരം, പൊതുമാപ്പ് കാലയളവിൽ രാജ്യം വിട്ടവർക്ക് ആശ്വാസകരമായ നീക്കവുമായി ഭരണാധികാരികൾ, പൊതുമാപ്പിന്റെ അവസാന തീയതിക്ക് ഇനി ദിവസങ്ങൾ മാത്രം...!!!
യുഎഇ ഒരു വാക്ക് പറഞ്ഞാൽ അത് പ്രാവർത്തികമാക്കിയിരിക്കും. പ്രത്യേകിച്ചും പ്രവാസികളുടെ കാര്യത്തിൽ എന്ത് തീരുമാനമെടുത്താലും അത് കഴിയുന്നത്ര വേഗം നടപ്പാക്കുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. ഒരിക്കലും തങ്ങളുടെ രാജ്യത്തിന്റെ വളർച്ചയ്ക്ക് മുതൽക്കൂട്ടായ പ്രവാസികളെ പുറത്താക്കാൻ ഭരണകൂടം തയ്യാറല്ല. എങ്കിലും തങ്ങളുടെ രാജ്യത്തെ നിയമം പാലിച്ച് മാത്രം അതിപ്പോൾ സ്വദേശികളായാലും പ്രവാസികളായാലും മുന്നോട്ടുപോകേണ്ടതെന്ന കർശന നിലപാട് മറ്റ് ഗൾഫ് രാജ്യങ്ങളെ പോലെ യുഎഇയ്ക്കുമുണ്ട്. ഇത് മുൻനിർത്തിയാണ് പൊതുമാപ്പ് പ്രഖ്യാപിച്ചത്.
റസിഡൻസി നിയമലംഘകർക്ക് നിയമപരമായി രാജ്യത്ത് നിൽക്കാനും, രാജ്യം വിടാനും അധികൃതർ ഇത് വഴി അവസരമൊരുക്കുന്നു. ഇപ്പോൾ പൊതുമാപ്പിലൂടെ രാജ്യത്ത് നിന്ന് മടങ്ങുന്ന പ്രവാസികൾക്ക് ആശ്വാകരമായ തീരുമാനം ഉണ്ടായിരിക്കുകയാണ്. പൊതുമാപ്പ് കാലയളവിൽ രാജ്യം വിട്ടവർക്ക് ഏതു തരം വിസയിലും യുഎഇയിലേയ്ക്ക് തിരിച്ചുവരാൻ യാതൊരുവിധ തടസവും ഉണ്ടാകില്ലെന്ന് ദുബായ് ജിഡിആർഎഫ്എ അറിയിച്ചു.
പൊതുമാപ്പ് പ്രയോജനപ്പെടുത്തി സ്വദേശത്തേയ്ക്ക് മടങ്ങിയവർക്ക് സന്ദർശക വിസ, എംപ്ലോയ്മെന്റ് വിസ തുടങ്ങിയ വിവിധ തരത്തിലുള്ള വിസകളിൽ യുഎഇയിലേയ്ക്ക് മടങ്ങിവരാനാകും എന്നും അമർ കസ്റ്റമർ ഹാപ്പിനസ് ഡയറക്ടർ ലഫ്. കേണൽ സാലിം ബിൻ അലി പറഞ്ഞു. വിസ നിയമം ലംഘിച്ചവർക്ക് ശിക്ഷ കൂടാതെ രാജ്യം വിടാനും രേഖകൾ ശരിയാക്കി യുഎഇയിൽ തുടരാനും പൊതുമാപ്പ് അവസരം നൽകി.
പൊതുമാപ്പിന്റെ അവസാന തീയതി അടുത്തുവരുന്നു. അവധി ദിവസങ്ങളിലും അടക്കം ഞങ്ങൾ പ്രവർത്തിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വിസ സ്റ്റാറ്റസ് ശരിയാക്കി രാജ്യം വിടാനോ അല്ലെങ്കിൽ പുതിയ വിസയിലേക്ക് മാറാനോ നിയമലംഘകർ വേഗത്തിൽ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. പൊതുമാപ്പ് സമയപരിധിക്കുള്ളില്‍ സ്റ്റാറ്റസ് ക്രമപ്പെടുത്താത്ത നിയമലംഘകരെ കണ്ടെത്തുന്നതിനായി നവംബര്‍ 1 മുതല്‍ റെസിഡന്‍ഷ്യല്‍ ഏരിയകള്‍, കമ്പനികള്‍, വ്യാവസായിക മേഖലകള്‍ എന്നിവിടങ്ങളില്‍ ബന്ധപ്പെട്ട അധികാരികളുടെ സഹകരണത്തോടെ പരിശോധനാ ക്യാമ്പയ്നുകള്‍ ശക്തമാക്കും.
പൊതുമാപ്പ് കാലാവധി കഴിഞ്ഞ് നിയമലംഘനത്തിന് പിടിക്കപ്പെടുന്നവരില്‍ നിന്ന് പിഴകള്‍ പൂര്‍ണമായും ഈടാക്കുകയും തടവ് ശിക്ഷയും നാടുകടത്തലും ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് അവരെ വിധേയരാക്കുകയും ചെയ്യും. നിയമലംഘകരില്‍ നിന്നുള്ള ഫീഡ്ബാക്കിന്റെ അടിസ്ഥാനത്തില്‍, പൊതുമാപ്പ് കാലയളവില്‍ ആവശ്യമായ മറ്റ് പല ഇളവുകളും നല്‍കിയിട്ടുണ്ടെന്നും ഗ്രേസ് കാലാവധി അവസാനിക്കുന്നതോടെ എല്ലാ ഇളവുകളും അവസാനിക്കുമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി ഓര്‍മിപ്പിച്ചിരുന്നു.
സുരക്ഷിത സമൂഹത്തിലേക്ക്" എന്ന സന്ദേശത്തോടെ നടന്ന പദ്ധതിയിലൂടെ വിസാ നിയമലംഘകരോടുള്ള മനുഷ്യത്വപരമായ സമീപനമാണ് യുഎഇ അധികൃതർ പൊതുമാപ്പിലൂടെ സ്വീകരിച്ചത്. സർക്കാർ ഫീസ് ഒന്നും ഈടാക്കാതെയും മറ്റു സൗകര്യങ്ങൾ ഒരുക്കിയാണ് ഇത്തരക്കാരെ പിന്തുണച്ചത്. വിസ സാധുവാക്കി യുഎഇയിൽ തുടരാൻ ആഗ്രഹിക്കുന്നവർക്കായി പ്രത്യേക ജോബ് റിക്രൂട്ട്മെൻ്റ് ക്യാമ്പും സംഘടിപ്പിച്ചു. നിരവധി പേർക്ക് ഈ ക്യാമ്പ് വഴി തൊഴിൽ ലഭിച്ച് പുതിയ ജീവിതത്തിലേക്ക് കടക്കാനായതായും ജിഡിആർഎഫ്എ വ്യക്തമാക്കി. പൊതുമാപ്പ് കാലയളവിന്റെ അവസാനത്തോടടുക്കുമ്പോൾ രാജ്യത്തെ ഏറ്റവും വലിയ പൊതുമാപ്പ് കേന്ദ്രമായ അൽ അവീർ സെന്ററിലും ദുബായിലെ അമർ സെന്ററുകളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. സെപ്റ്റംബർ ഒന്നുമുതലാണ് പദ്ധതിയുടെ ആരംഭം, ഒക്ടോബർ 31ന് സമാപിക്കുമ്പോൾ ഇന്ത്യക്കാരും മറ്റ് രാജ്യക്കാരും അടക്കം നിരവധി പേരാണ് പൊതുമാപ്പ് പ്രയോജനപ്പെടുത്തിയത്.
https://www.facebook.com/Malayalivartha