സൗദിയിൽ വീണ്ടും വധശിക്ഷ, മാതാപിതാക്കളെ കുത്തിക്കൊന്ന സൗദി പൗരനെ മക്ക പ്രവിശ്യയിൽ വധശിക്ഷയ്ക്ക് വിധേയനാക്കി, കഴിഞ്ഞ ഏതാനും മാസങ്ങളായി മലയാളികൾ ഉൾപ്പെടെയുള്ളവരുടെ വധശിക്ഷയും നടപ്പാക്കി സൗദി ഭരണകൂടം...!!
ഏറ്റവും കൂടുതൽ വധശിക്ഷ നടപ്പാക്കുന്നതിൽ നിരന്തരം വിമർശനങ്ങൾ ഏറ്റുവാങ്ങുന്ന ഗൾഫ് രാഷ്ട്രമാണ് സൗദി അറേബ്യ. എത്ര തന്നെ വിമർശനങ്ങൾ ഉയർന്നാലും ഭീകരവാദം, ബലാത്സംഗം, കൊലപാതകം, സായുധമോഷണം, മയക്കുമരുന്നിനടിമപ്പെടൽ, വിവാഹേതര ലൈംഗിക ബന്ധം, മന്ത്രവാദം എന്നീ കുറ്റം ചെയ്തത് സ്വദേശികളാണെങ്കിലും പ്രവാസികളാണെങ്കിലും വധശിക്ഷയ്ക്ക് വിധിക്കുക തന്നെ ചെയ്യും. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ബിൻ സൽമാൻ രാജകുമാരൻ ഒരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറല്ല. വാളുകൊണ്ട് ശിരഛേദം നടത്തിയും കല്ലെറിഞ്ഞും, ഫയറിംഗ് സ്ക്വാഡുപയോഗിച്ചും വധശിക്ഷ നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
മരണശേഷം ശരീരം ആണിയിൽ തറച്ച് പ്രദർശിപ്പിക്കാറുണ്ടെന്നും സ്ഥിരീകിരിക്കാത്ത റിപ്പോർട്ടുകളുണ്ട്. റിയാദിന്റെ മദ്ധ്യത്തിലുള്ള ദീര ചത്വരം പരസ്യമായി വധശിക്ഷ നടക്കുന്ന സ്ഥലങ്ങളിലൊന്നാണ്.കൂടാതെ മക്ക, മദീന പ്രവശ്യകളിലും വധശിക്ഷ നടപ്പാക്കാറുണ്ട്. കഴിഞ്ഞ ദിവസം കൊലപാതക കുറ്റം തെളിഞ്ഞ പ്രതിയെ മക്ക പ്രവിശ്യയിൽ വധശിക്ഷയ്ക്ക് വിധേയനാക്കി. സൗദിയിൽ മാതാപിതാക്കളെ കുത്തിക്കൊന്ന സൗദി പൗരനെ വധശിക്ഷയ്ക്ക് വിധേയനാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
അബ്‌ദുൽ മുഹ്സിൻ മസ് ഊദ് അൽ ഹാരിസി എന്ന സൗദി പൗരനാണ് വധശിക്ഷയ്ക്ക് വിധേയനായത്. പ്രതിയെ അറസ്റ്റ് ചെയ്‌ത സുരക്ഷാ വിഭാഗം അന്വേഷണത്തിനു ശേഷം ബന്ധപ്പെട്ട കോടതിക്ക് കൈമാറുകയായിരുന്നു. തുടർന്ന് പ്രതിക്കെതിരെയുള്ള ആരോപണം വിചാരണയിൽ സ്ഥിരീകരിക്കുകയും ചെയ്തു. തുടർന്ന് കോടതി വധ ശിക്ഷ വിധിക്കുകയും ചെയ്തു. ശിക്ഷാ വിധിയെ അപ്പീൽ കോർട്ടും സുപ്രീം കോർട്ടും ശരി വച്ചതിനെ തുടർന്ന് റോയൽ കോർട്ട് ശിക്ഷ നടപ്പാക്കാൻ ഉത്തരവിടുകയും പ്രതിയെ വധശിക്ഷയ്ക്ക് വിധേയനാക്കുകയും ചെയ്‌തതായി മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
ഈ മാസം തന്നെ കൊലപാതക കേസിൽ കുറ്റക്കാരനെന്ന് തെളിഞ്ഞ യുവാവിന്റെ വധശിക്ഷ മക്ക പ്രവിശ്യയിൽ നടപ്പാക്കി. ശിക്ഷ നടപ്പാക്കാന്‍ സല്‍മാന്‍ രാജാവ് ഉത്തരവിടുകയായിരുന്നു. സൗദി പൗരന്‍ ശര്‍ഖി ബിന്‍ ശാവൂസ് ബിന്‍ അഹ്മദ് അല്‍ഹര്‍ബിയെ വെടിവച്ചു കൊലപ്പെടുത്തിയ അഹ്മദ് ബിന്‍ അബ്ദുല്ല ബിന്‍ അഹ്മദ് ആലുജാബിര്‍ അല്‍ഹര്‍ബിക്ക് ആണ് ശിക്ഷ നടപ്പാക്കിയത്. കേസില്‍ അറസ്റ്റിലായ പ്രതിക്ക് വധശിക്ഷ വിധിച്ച വിചാരണ കോടതി, കൊല്ലപ്പെട്ടയാളുടെ മക്കള്‍ക്ക് പ്രായപൂര്‍ത്തിയായതിനു ശേഷം പ്രതിയുടെ വധശിക്ഷ നടപ്പാക്കുന്നതില്‍ അഭിപ്രായം അറിയിക്കുന്നതുവരെ ശിക്ഷ നടപ്പാക്കുന്നത് നീട്ടിവയ്ക്കാന്‍ ഉത്തരവിടുകയായിരുന്നു. പ്രായപൂര്‍ത്തിയായ മക്കളും പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയും ഇക്കാര്യം കോടതിയെ അറിയിക്കുകയും ചെയ്തു. ഇതോടെ അപ്പീല്‍ കോടതിയും സുപ്രീം കോടതിയും ശിക്ഷ ശരിവയ്ക്കുകയായിരുന്നു.
കഴിഞ്ഞ ഏതാനും മാസങ്ങളായി മലയാളികൾ ഉൾപ്പെടെയുള്ളവരുടെ വധശിക്ഷ സൗദി ഭരണകൂടം നടപ്പാക്കിയിരുന്നു. ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ സൗദിയിൽ രണ്ട് മലയാളികളുടെ വധശിക്ഷയാണ് നടപ്പാക്കിയത്. ജൂലൈ 31ന് കോഴിക്കോട് കൊടുവള്ളി സ്വദേശി സമീറിനെ കൊലപ്പെടുത്തിയ കേസിൽ കൊടുങ്ങല്ലൂർ സ്വദേശി നൈസാം സാദിഖ് എന്ന നിസാമുദ്ദീനെ ദമാമിൽ വധശിക്ഷയ്ക്ക് വിധേയനാക്കിയത്. ആഗസ്റ്റ് 30ന് റിയാദിൽ പാലക്കാട് സ്വദേശിക്കും വധശിക്ഷ നടപ്പാക്കി. സൗദി പൗരനെ കൊലപ്പെടുത്തി ഭൂഗർഭ വാട്ടർ ടാങ്കിൽ തള്ളിയ കേസിൽ പാലക്കാട് ചേറുമ്പ അബ്ദുല്‍ ഖാദര്‍ അബ്ദുറഹ്മാന്റെ (63) വധശിക്ഷയാണ് നടപ്പാക്കിയത്. സ്പോൺസറായ യൂസുഫ് ബിന്‍ അബ്ദുല്‍ അസീസിനെ കൊലപ്പെടുത്തിയ കേസിലാണ് വധശിക്ഷ നടപ്പാക്കിയത്.
https://www.facebook.com/Malayalivartha