ഉമ്മയെ കാണാൻ തയ്യാറാകാതെ ജയിലിൽ കഴിയുന്ന അബ്ദുൽ റഹീം; വീഡിയോ കോളിലൂടെ ഒടുവിൽ ആ കൂടിക്കാഴ്ച
കഴിഞ്ഞ 18 വർഷമായി റിയാദ് ജയിലിൽ കഴിയുന്ന അബ്ദുൽ റഹീം റഹീമിനെ കാണാൻ എത്തിയ കുടുംബത്തെ കാണാൻ തയാറാകാതെ റഹീം. തുടർന്ന് ഉമ്മ ഫാത്തിമ വിഡിയോ കോളിലൂടെ സംസാരിച്ചു. ഫറോക്ക് കോടമ്പുഴ സീനത്ത് മൻസിലിൽ മച്ചിലകത്ത് അബ്ദുൽ റഹീം കഴിയുന്ന റിയാദ് അൽഖർജ് റോഡിലെ അൽ ഇസ്കാൻ ജയിലിലാണ് ഉമ്മയും സഹോദരൻ എം.പി.നസീർ, അമ്മാവൻ അബ്ബാസ് എന്നിവർ എത്തിയത്. ഉമ്മയ്ക്ക് മാത്രമാണ് ജയിലിന് അകത്തേക്ക് അധികൃതർ പ്രവേശനം അനുവദിച്ചത്. ചിലരുടെ ഇടപെടലാണു റിയാദിൽ എത്തിയ ഉമ്മയ്ക്ക് മകനെ നേരിൽ കാണാൻ കഴിയാത്ത അവസ്ഥ സൃഷ്ടിച്ചതെന്നു കുടുംബം ആരോപിച്ചു.
18 വർഷമായി റഹീമിന്റെ മോചനത്തിനു പ്രവർത്തിക്കുന്ന നിയമസഹായ സമിതിയെ അറിയിക്കാതെയാണ് കുടുംബം സൗദിയിലേക്ക് പോയതെന്നാണു വിവരം. മോചന നടപടികളുടെ ഭാഗമായി 17ന് കേസ് പരിഗണിക്കാനിരിക്കെ തന്നെ കാണാൻ ജയിലിലേക്ക് വരേണ്ടതില്ലെന്നു റഹീം കുടുംബത്തെ നേരത്തേ അറിയിച്ചതായും സൂചനയുണ്ട്. റഹീമിന്റെ ജയിൽ മോചന നടപടികൾ നീളുന്ന സാഹചര്യത്തിൽ കഴിഞ്ഞ 30നാണ് ഉമ്മയും സഹോദരനും നേരിൽ കാണാൻ സൗദിയിലേക്ക് പോയത്. റിയാദ് ജയിലിൽ എത്തി റഹീമിനെ കണ്ട ശേഷം ഉംറ തീർഥാടനം നിർവഹിച്ചു മടങ്ങാനായിരുന്നു തീരുമാനം.
കഴിഞ്ഞ മാസം 21ന് ജയിൽ മോചന ഉത്തരവ് ഉണ്ടാകുമെന്നു കുടുംബം പ്രതീക്ഷിച്ചിരുന്നു. അന്നു കോടതി സിറ്റിങ് നടന്നെങ്കിലും കേസ് മാറ്റുകയായിരുന്നു. വധശിക്ഷ റദ്ദ് ചെയ്ത അതേ ബെഞ്ചാണ് വിധി പറയേണ്ടത് എന്നായിരുന്നു കോടതി അറിയിച്ചത്. ചീഫ് ജസ്റ്റിസിന്റെ ഓഫിസ് ഇക്കാര്യം തീരുമാനിക്കുമെന്നു കോടതി അറിയിച്ചിരുന്നു. കേസ് ഇനി 17ന് പരിഗണിക്കുമെന്നു അറിയിപ്പ് ലഭിച്ചിട്ടുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയായതിനാൽ മോചന ഉത്തരവ് വൈകില്ലെന്ന്പ്രതീക്ഷയിലാണ് നിയമ സഹായ സമിതി.
2006 നവംബറിൽ 26ആം വയസിലാണ് അബ്ദുറഹീം ഹൗസ് ഡ്രൈവർ വിസയിൽ റിയാദിൽ എത്തിയത്. സ്‌പോൺസർ ഫായിസ് അബ്ദുല്ല അബ്ദുറഹ്മാൻ അൽ ഷഹ്രിയുടെ മകൻ അനസിനെ പരിചരിക്കലായിരുന്നു പ്രധാന ജോലി. കഴുത്തിന് താഴെ ചലനശേഷി ഇല്ലാത്ത അനസിന് ഭക്ഷണം നൽകിയിരുന്നത് കഴുത്തിൽ ഘടിപ്പിച്ച ഉപകരണം വഴിയായിരുന്നു. 2006 ഡിസംബർ 24നാണ് അബ്ദുറഹീമിന്റെ കൂടെ ജി.എം.സി വാനിൽ യാത്ര ചെയ്യുകയായിരുന്ന അനസ് മരിച്ചത്.
ഷോപ്പിംഗിനായി പുറത്തു പോകുമ്പോൾ ട്രാഫിക് സിഗ്‌നൽ കട്ട് ചെയ്യാൻ ആവശ്യപ്പെട്ട് അനസ് റഹീമിനോട് വഴക്കിട്ടു. ഇത് അനുസരിക്കാതിരുന്ന അബ്ദുറഹീമിന്റെ മുഖത്ത് അനസ് പല തവണ തുപ്പി. ഇത് തടയാൻ ശ്രമിച്ചപ്പോൾ അബദ്ധത്തിൽ കൈ കഴുത്തിലെ ഉപകരണത്തിൽ തട്ടുകയും അനസ് ബോധരഹിതനാകുകയും മരിക്കുകയും ചെയ്തു. ഇതോടെ അബ്ദുറഹീം ബന്ധുവായ കോഴിക്കോട് നല്ലളം സ്വദേശി മുഹമ്മദ് നസീറിനെ വിളിച്ച് വരുത്തി.
പിടിച്ചുപറിക്കാർ റഹീമിനെ ബന്ധിയാക്കി അനസിനെ ആക്രമിച്ചു എന്ന രീതിയിൽ ഇരുവരും ചേർന്ന് ഒരു കള്ളക്കഥയുണ്ടാക്കി. റഹീമിനെ സീറ്റിൽ കെട്ടിയിട്ടു പോലീസിനെ വിവരം അറിയിച്ചു. എന്നാൽ പോലീസ് എത്തി ചോദ്യം ചെയ്തതോടെ കള്ളക്കഥയാണെന്ന് ബോധ്യപ്പെടുകയും ഇരുവരെയും കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. 10 വർഷത്തിന് ശേഷം നസീറിന് ജാമ്യം ലഭിച്ചു.
സാങ്കേതിക പ്രശ്നങ്ങളെല്ലാം ഏറെക്കുറെ പരിഹരിക്കപ്പെട്ടതിനാൽ റഹീമിന്റെ മോചനം ഇനിയുളള കോടതി നടപടിയിലൂടെ സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത സിറ്റിങ്ങിൽ കേസിന്റെ അന്തിമ വിധി പറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് റിയാദ് റഹീം സഹായ സമിതി അറിയിച്ചു. ഇന്ത്യൻ എംബസി റഹീമിന്റെ യാത്രാരേഖകൾ തയ്യാറാക്കിയിട്ടുണ്ട്. മോചന ഉത്തരവ് ഉണ്ടായാൽ മറ്റ് കേസുകളൊന്നും ഇല്ലാത്തതിനാൽ വൈകാതെ റഹീമിന് നാട്ടിലേക്ക് മടങ്ങാൻ കഴിയും. നീണ്ട 18 വർഷത്തെ ശ്രമത്തിന് ശുഭാന്ത്യമുണ്ടാവാൻ ദിവസങ്ങൾ മാത്രമാണ് ഇനി കാത്തിരിക്കേണ്ടതെന്ന് മുഖ്യ രക്ഷാധികാരി അഷ്റഫ് വേങ്ങാട്ട്, സഹായ സമിതി ചെയർമാൻ സി.പി മുസ്തഫ, കൺവീനർ അബ്ദുല്ല വല്ലാഞ്ചിറ. സെബിൻ ഇഖ്ബാൽ എന്നിവർ അറിയിച്ചു.
https://www.facebook.com/Malayalivartha