സൗദിയിൽ ഈ വർഷം ഇതുവരെ തൂക്കിലേറ്റപ്പെട്ടവരുടെ എണ്ണം 274, നൂറിലധികം പേരും വിദേശ പൗരന്മാർ, കഴിഞ്ഞ വർഷത്തേക്കാൾ മൂന്നിരട്ടിയെന്ന് കണക്കുകൾ, വധശിക്ഷ നടപ്പാക്കിയവരിൽ മലയാളികളും...!!!
സൗദിയിൽ വധശിക്ഷയുടെ എണ്ണം കൂടുന്നതിൽ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ഉയരുന്നത്. വിവിധ രാഷ്ട്രങ്ങൾ അപലപിച്ചിട്ടും സൗദി അധികാരികൾ വധശിക്ഷയിൽ നിന്ന് പിൻമാറാൻ തയ്യാറല്ല. തങ്ങളുടെ രാജ്യത്തിന്റെ ക്രമസമാധാനം ഉറപ്പാക്കാൻ ഈ നിയമം ആവശ്യമാണെന്നും ഇത് തങ്ങളുടെ രാജ്യത്ത് നിയമവിധേയമാണെന്നുമാണ് അവരുടെ വാദം. തീവ്രവാദവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും മയക്കുമരുന്ന് കടത്ത് കുറ്റങ്ങൾക്കുള്ള വധശിക്ഷ പുനരാരംഭിച്ചതുമാണ് സൗദി അറേബ്യയിൽ വധശിക്ഷകൾ വർദ്ധിക്കുന്നതിന് പ്രധാന കാരണം.
സൗദിയിൽ ഇക്കൊല്ലം തൂക്കിലേറ്റപ്പെട്ടവരുടെ ആകെ എണ്ണം 274 ആണ്. ഇതിൽ നൂറിലധികം വിദേശ പൗരന്മാരെന്ന് റിപ്പോർട്ട്. സൗദിയിലേക്ക് മയക്കുമരുന്ന് കടത്തിയ യെമനി പൗരന്റെ വധശിക്ഷയാണ് ഏറ്റവും ഒടുവിലത്തേത്. ഇതോടെ, 2024-ൽ സൗദി അറേബ്യയിൽ തൂക്കിലേറ്റിയ വിദേശികളുടെ എണ്ണം 101 കടന്നു. കഴിഞ്ഞ രണ്ട് വർഷവും 34 വിദേശ പൗരന്മാരെ വീതമായിരുന്നു തൂക്കിലേറ്റിയത്. 2023-ലും 2022-ലും വധശിക്ഷ ലഭിച്ചവരേക്കാൾ മൂന്നിരട്ടി വിദേശികൾ ഇക്കൊല്ലം തൂക്കിലേറ്റപ്പെട്ടു. ഈ വർഷം വധശിക്ഷയ്‌ക്ക് വിധേയരായ വിദേശികളിൽ പാകിസ്താനിൽ നിന്നുള്ളവരാണ് അധികവും.
21 പേർ പാകിസ്താനികളും 20 പേർ യെമൻ സ്വദേശികളുമാണ്. സിറിയയിൽ നിന്ന് 14, നൈജീരിയയിൽ നിന്ന് 10, ഈജിപ്തിൽ നിന്ന് ഒമ്പത്, ജോർദാനിൽ നിന്ന് എട്ട്, എത്യോപ്യയിൽ നിന്ന് ഏഴ് എന്നിങ്ങനെയാണ് കണക്ക്. സുഡാൻ, ഇന്ത്യ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് മൂന്ന് പേർ വീതവും ശ്രീലങ്ക, എറിത്രിയ, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ നിന്ന് ഓരോരുത്തരും ഉണ്ടായിരുന്നു. ഇതാദ്യമായാണ് സൗദിയിൽ 100ലധികം വിദേശികളെ തൂക്കിക്കൊല്ലുന്നതെന്ന് ബെർലിൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന യൂറോപ്യൻ-സൗദി ഓർഗനൈസേഷൻ ഫോർ ഹ്യൂമൻ റൈറ്റ്‌സ് ലീഗൽ ഡയറക്ടർ താഹ അൽ ഹാജി പറഞ്ഞു.
ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ സൗദിയിൽ രണ്ട് മലയാളികളുടെ വധശിക്ഷയാണ് നടപ്പാക്കിയത്. ജൂലൈ 31ന് കോഴിക്കോട് കൊടുവള്ളി സ്വദേശി സമീറിനെ കൊലപ്പെടുത്തിയ കേസിൽ കൊടുങ്ങല്ലൂർ സ്വദേശി നൈസാം സാദിഖ് എന്ന നിസാമുദ്ദീനെ ദമാമിൽ ആണ് വധശിക്ഷക്ക് വിധേയനാക്കിയത്. ആഗസ്റ്റ് 30ന് റിയാദിൽ പാലക്കാട് സ്വദേശിക്കും വധശിക്ഷ നടപ്പാക്കി. സൗദി പൗരനെ കൊലപ്പെടുത്തി ഭൂഗർഭ വാട്ടർ ടാങ്കിൽ തള്ളിയ കേസിൽ പാലക്കാട് ചേറുമ്പ അബ്ദുൽ ഖാദർ അബ്ദുറഹ്മാന്റെ (63) വധശിക്ഷയാണ് നടപ്പാക്കിയത്.
ആംനസ്റ്റി ഇൻ്റർനാഷണലിന്റെ കണക്കനുസരിച്ച്, ചൈനയ്‌ക്കും ഇറാനും ശേഷം ലോകത്തിൽ ഏറ്റവും കൂടുതൽ തടവുകാരെ തൂക്കിലേറ്റുന്നത് സൗദി അറേബ്യയാണ്. വധശിക്ഷ വർദ്ധിക്കുന്നതിനെതിരെ മനുഷ്യാവകാശ സംഘടനകൾ വിമർശനം രേഖപ്പെടുത്തിയിരുന്നു. അന്താരാഷ്‌ട്ര വിനോദസഞ്ചാരികളെയും നിക്ഷേപകരെയും സ്വാഗതം ചെയ്യാനുള്ള ശ്രമങ്ങൾക്ക് തടസം സൃഷ്ടിക്കാൻ ഇതു കാരണമാകുമെന്നാണ് ആക്ഷേപം.
രാജ്യത്തെ മിക്ക വധശിക്ഷകളും ശിരഛേദം വഴിയാണ് നടപ്പിലാക്കുന്നത്. സൗദി അറേബ്യയാണ് ഇപ്പോഴും ഈ രീതി ഉപയോഗിക്കുന്ന ലോകത്തിലെ ഏക രാജ്യം. സൗദിയിൽ ശരീഅത്ത് അടിസ്ഥാനമാക്കിയുള്ള ക്രിമിനൽ നീതിന്യായ വ്യവസ്ഥയുണ്ട് . വാളുകൊണ്ട് ശിരഛേദം ചെയ്താണ് സാധാരണയായി വധശിക്ഷ നടപ്പാക്കുന്നത്, പക്ഷേ ഇടയ്ക്കിടെ വെടിവയ്ച്ചും ശിക്ഷ നടത്താറുണ്ട്. 2020 ഏപ്രിലിലെ കണക്കനുസരിച്ച്, കുറ്റകൃത്യങ്ങൾ ചെയ്യുന്ന പ്രായപൂർത്തിയാകാത്തവർക്ക് 18 വയസ്സ് തികയുമ്പോൾ വധശിക്ഷ ലഭിക്കില്ല, പകരം പരമാവധി 10 വർഷം ജുവനൈൽ തടങ്കലിൽ കഴിയേണ്ടിവരും.
https://www.facebook.com/Malayalivartha