കുടുംബ ബജറ്റ് താളം തെറ്റും; പ്രവാസികൾക്ക് ഇരുട്ടടിയായി സേവ ബിൽ
![](https://www.malayalivartha.com/assets/coverphotos/w657/327133_1739338340.jpg)
കുടുംബ ബജറ്റ് താളം തെറ്റിക്കുന്ന നടപടിയുമായി ഷാർജ. ഏപ്രിൽ ഒന്നു മുതൽ മലിനജല ചാർജ് വർദ്ധിപ്പിക്കും. ഷാർജ എക്സിക്യൂട്ടീവ് കൗൺസിലാണ് ഈ തീരുമാനത്തിന് പിന്നിൽ. ഷാർജയിലെ വിദേശികളുടെ ജല, വൈദ്യുതി (സേവ) ബിൽ വർധിക്കാനാണ് തീരുമാനം. ഷാർജ കിരീടാവകാശിയും ഉപ ഭരണാധികാരിയുമായ ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയുടെ അധ്യക്ഷതയിൽ ചേർന്ന ഷാർജ എക്സിക്യൂട്ടീവ് കൗൺസിൽ യോഗത്തിലാണ് പുതിയ നിയമം പ്രഖ്യാപിച്ചത്.
ഒരു ഗാലൻ വെള്ളം ഉപയോഗിക്കുന്നവർ 1.5 ഫിൽസ് സീവേജ് ചാർജ് നൽകണം എന്നാണ് പുതിയ നിയമം . വിദേശികൾക്ക് മാത്രമേ ഇത് പിൻതുടരേണ്ടതുള്ളൂ എന്നും സ്വദേശികളെ പുതിയ ഫീസിൽ ഉൾപ്പെടുത്തില്ല എന്നുമാണ് മറ്റെരു അറിയിപ്പ്. നിലവിൽ ഈ ഫീസ് ദുബായ്, അബുദാബി തുടങ്ങി മറ്റു എമിറേറ്റുകളിൽ ഉണ്ട്.
താരതമ്യേന കുറഞ്ഞ വാടകയും ജലവൈദ്യുതി, പാചകവാതക നിരക്കിലെ കുറവുമായിരുന്നു ദുബായിൽ ജോലി ചെയ്യുന്ന പ്രവാസികൾ ഷാർജയിയിൽ താമസിക്കാനുള്ള കാരണം. എന്നാൽ ഇപ്പോൾ സേവ ബിൽ തുകയിലെ വർദ്ധന എന്ന തീരുമാനം, പ്രവാസികളുടെ ഷാർജയിലെ താമസമവസാനിപ്പിക്കാൻ കാരണമായി മാറിയേക്കുമെന്നാണ് വിലയിരുത്തൽ. കാരണം പുതിയ നിയമം നിലവിൽ വന്ന് കഴിഞ്ഞാൽ ജല,വൈദ്യുതി നിരക്കും വാടകയും പ്രവാസികളുടെ കുടുംബ ബജറ്റ് താളം തെറ്റിക്കുന്നതാണ് .
അതേ സമയം നിലവിൽ ട്രംപ് നടപടിയിൽ രൂപയുടെ മൂല്യം കുറയുന്നത് വിദേശികൾക്ക് ആശ്വാസമാണെന്ന റിപ്പോർട്ട് പുറത്ത് വന്നിരുന്നു. വിദേശികളിൽ പ്രത്യേകിച്ച് ഇന്ത്യക്കാർക്ക് സമ്പാദ്യം വർദ്ധിപ്പിക്കാൻ അത് കാരണമാകുമെന്നായിരുന്നു സാമ്പത്തിക വിദഗ്ദരുടെ വിലയിരുത്തൽ. രൂപയുടെ മൂല്യം ഇടിഞ്ഞത് ശമ്പളം വർദ്ധിപ്പിക്കാതെ വരുമാനം വർദ്ധിച്ച അവസ്ഥയിലേക്കാണ് പ്രവാസികളെ എത്തിക്കുന്നതെന്നതായിരുന്നു സാമ്പത്തിക വിദഗ്ദരുടെ നിരീക്ഷണം.
എന്നാൽ ഇതിനിടെയാണ് ഷാർജ പോലുള്ള സ്ഥലങ്ങളിൽ ഇത്തരത്തിൽ പ്രവാസികൾക്ക് മേൽ കനത്ത ജീവിത ചെലവ് വർദ്ധിക്കുന്ന നടപടി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അതായത് കിട്ടുന്ന പണം അവിടെ തന്നെ ദൈനംദിന ജീവിത ചിലവുകൾക്ക് വേണ്ടി ചിലവിടേണ്ടി വരുമെന്ന അവസ്ഥ.ഇത് മൂലം പ്രവാസികൾക്ക് നാട്ടിലേക്ക് പണം അയയ്ക്കുവാൻ സാധിക്കില്ല. അതായത് പ്രവാസികൾക്ക് മേൽ ഇരുട്ടടിയായി മാറിയിരിക്കുകയാണ് സേവ ബിൽ വർദ്ധന
https://www.facebook.com/Malayalivartha