ഗ്യാസ് പൊട്ടിത്തെറിച്ച് കെട്ടിടം തകർന്ന അപകടം ; രണ്ട് പേർ മരിച്ചു
![](https://www.malayalivartha.com/assets/coverphotos/w657/327224_1739446399.jpg)
ബഹ്റൈനിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തിൽ രണ്ട് പേർക്ക് കൂടെ ജീവൻ നഷ്ടമായി. ബംഗ്ലാദേശ് പൗരനായ ഷൈമോൾ ചന്ദ്ര ഷിൽ മൊനിന്ദ്ര (42) ബഹ്‌റൈനി പൗരനായ അലി അബ്ദുല്ല അലി അൽ ഹമീദ് (66)എന്നിവരാണ് മരിച്ചതെന്നാണ് വിവരം.
അപകടത്തിൽ ആറ് പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. പരിക്കേറ്റവരെ ചികിത്സക്കായി കിങ് ഹമദ് ആശുപത്രിയിലേക്ക് മാറ്റി. ഇവരിൽ രണ്ടു പേർ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് രണ്ടു പേരെ കണ്ടെത്തിയതെന്ന് പൊതു സുരക്ഷ വിഭാഗം ഡെപ്യൂട്ടി ചീഫ് മേജർ ജനറൽ ഡോ. ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഖലീഫ പറഞ്ഞു. കെട്ടിട ഉടമയെ കൂടുതൽ നിയമനടപടികൾക്കായി വിളിച്ചുവരുത്തിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം എക്സ് പ്ലാറ്റ്ഫോമിൽ അറിയിച്ചു.
മുഹറഖ് ഗവർണറേറ്റിലെ അറാദിലാണ് ഈ ഒരു സംഭവം നടന്നിരിക്കുന്നത്. സീഫ് മാളിന് സമീപത്തായുള്ള ഒരു റെസ്റ്റോറന്റിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകട കാരണമെന്നാണ് നിഗമനം. കെട്ടിടം പൂർണമായും തകർന്നിട്ടുണ്ട്. കെട്ടിടത്തിൽ ഒരു സലൂണും പ്രവർത്തിക്കുന്നുണ്ടായിരുന്നു. കൂടാതെ, മുകൾ നിലയിൽ താമസക്കാരുണ്ടായിരുന്നതായും പ്രദേശവാസികൾ പറഞ്ഞു.
അതേ സമയം രക്ഷപ്പെട്ടവർക്കായി അധികൃതർ തിരച്ചിൽ തുടരുന്നതിനാൽ രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്. രക്ഷാപ്രവർത്തനങ്ങൾ മറ്റ് ആഭ്യന്തര മന്ത്രാലയ വകുപ്പുകളുമായി ഏകോപിപ്പിക്കുകയും സൈറ്റ് സുരക്ഷിതമാക്കുകയും പ്രദേശത്തെ ഗതാഗതം നിയന്ത്രിക്കുകയും ചെയ്തിട്ടുണ്ട്. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ഏഴ് സിവിൽ ഡിഫൻസ് വാഹനങ്ങളെയും 38 ഉദ്യോഗസ്ഥരെയും വിന്യസിച്ചു, ദേശീയ ആംബുലൻസ് പരിക്കേറ്റവരെ വൈദ്യസഹായത്തിനായി അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് പൊട്ടിത്തെറിയുണ്ടായതെന്നാണ് പ്രാഥമിക റിപ്പോർട്ട്.
https://www.facebook.com/Malayalivartha