സൗദി ജയിലിൽ കഴിയുന്ന മലയാളിയായ അബ്ദുൽ റഹീമിന്റെ തിരിച്ച് വരവ് ഇനിയും വൈകും
![](https://www.malayalivartha.com/assets/coverphotos/w657/327227_1739449289.jpg)
വധശിക്ഷക്ക് വിധിക്കപ്പെട്ട് സൗദി ജയിലിൽ കഴിയുന്ന മലയാളിയായ അബ്ദുൽ റഹീമിന്റെ തിരിച്ച് വരവ് ഇനിയും വൈകും. 18 വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിെൻറ മോചനകാര്യത്തിൽ ഇന്നത്തെ കോടതി സിറ്റിങ്ങിലും തീരുമാനമുണ്ടായിട്ടില്ല. നടപടിക്രമങ്ങൾ പൂർത്തിയാകാനുണ്ടെന്ന് പറഞ്ഞ് കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്.
ഇത് എട്ടാം തവണയാണ് റിയാദിലെ ക്രിമിനൽ കോടതി കേസ് മാറ്റിവെക്കുന്നത്. ഇന്ന് (വ്യാഴാഴ്ച) രാവിലെ 11.30ന് തുടങ്ങിയ ഓൺലൈൻ സിറ്റിങ് ഒരു മണിക്കൂറിലേറെ നീണ്ടു. പതിവുപോലെ ജയിലിൽനിന്ന് അബ്ദുൽ റഹീമും പ്രതിഭാഗം അഭിഭാഷകരും ഇന്ത്യൻ എംബസി പ്രതിനിധിയും റിയാദ് നിയമസഹായസമിതി പ്രവർത്തകരും പങ്കെടുത്തു. ഫെബ്രുവരി രണ്ടിനായിരുന്നു കഴിഞ്ഞ സിറ്റിങ്.
സൗദി പൗരൻറെ മകൻ അനസ് അൽശഹ്‌രി കൊല്ലപ്പെട്ട കേസിലാണ് അബ്ദുറഹീമിനെ സൗദി കോടതി വധശിക്ഷക്ക് വിധിച്ചത്. 2006 നവംബർ 28 ന് 26-ാം വയസ്സിലാണ് അബ്ദുറഹീം ഹൗസ് ഡ്രൈവർ വീസയിൽ റിയാദിലെത്തിയത്. ഡിസംബർ 24 നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.
സ്‌പോൺസർ ഫായിസ് അബ്ദുല്ല അബ്ദുറഹ്മാൻ അൽശഹ്‌രിയുടെ മകൻ ഫായിസിനെ പരിചരിക്കലായിരുന്നു പ്രധാന ജോലി. തലക്ക് താഴെ യാതൊരു ചലനശേഷിയുമില്ലാത്ത അവസ്ഥയിലായിരുന്നു അനസ്. ഭക്ഷണവും വെള്ളവുമെല്ലാം നൽകിയിരുന്നത് കഴുത്തിൽ പ്രത്യേകമായി ഘടിപ്പിച്ച ഉപകരണം വഴിയായിരുന്നു.
സംഭവ ദിവസം അനസിനെയും കൂട്ടി റഹീം വാനിൽ റിയാദ് ശിഫയിലെ വീട്ടിൽ നിന്ന് അസീസിയിലെ ഹൈപ്പർ മാർക്കറ്റിലേക്ക് പോകവേ സുവൈദിയിലെ ട്രാഫിക് സിഗ്‌നലിൽ പ്രകോപനമൊന്നുമില്ലാതെ അനസ് വഴക്കിട്ടു. ട്രാഫിക് സിഗ്‌നൽ കട്ട് ചെയ്തു പോകാൻ അനസ് ബഹളം വെച്ചു. നിയമ ലംഘനം നടത്താൻ ആവില്ലെന്ന് ആവർത്തിച്ചു പറഞ്ഞ അബ്ദുറഹീം വാഹനവുമായി അടുത്ത സിഗ്‌നലിൽ എത്തിയപ്പോൾ അനസ് വീണ്ടും ബഹളം വെക്കാൻ തുടങ്ങി. കാര്യം പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചപ്പോഴെല്ലാം അനസ് റഹീമിൻ്റെ മുഖത്ത് തുപ്പി. തടയാൻ ശ്രമിച്ചപ്പോൾ അബ്ദുൽ റഹീമിൻ്റെ കൈ അബദ്ധത്തിൽ അനസിൻ്റെ കഴുത്തിൽ ഘടിപ്പിച്ചിരുന്ന ജീവൻരക്ഷാ ഉപകരണത്തിൽ തട്ടി. ഇതോടെ കുട്ടി ബോധരഹിതനായി.
ഇതോടെയാണ് റഹീമിനെതിരെ കുടുംബം തിരിയുന്നത്. പിന്നീട് പൊലീസ് അറസ്റ്റ് ചെയ്യുകയും റിയാദിലെ കോടതി വധശിക്ഷ വിധിക്കുകയും ചെയ്തു. അപ്പീൽ കോടതികളും വധശിക്ഷ ശരിവെച്ചിരുന്നു.
ഏറെക്കാലത്തെ അപേക്ഷയ്ക്ക് ശേഷമാണ് 15 മില്യൺ റിയാൽ (34 കോടി രൂപ) ബ്ലഡ് മണിയായി നൽകിയാൽ അബ്ദുറഹീമിന് മാപ്പ് നൽകാമെന്ന് അനസിന്റെ കുടുംബം അറിയിച്ചത്. എന്നാൽ നിലവിൽ കേസിൻെ നടപടിക്രമങ്ങൾ പൂർത്തിയാകത്തതു കൊണ്ട് റഹീമിന്റെ തിരിച്ച് വരവ് ഇനിയും വൈകുമെന്നതാണ് സൂചന.
https://www.facebook.com/Malayalivartha